2012-05-24 11:12:12

തീര്‍ത്ഥാടകര്‍ക്ക് വിലക്ക്, വിനോദസഞ്ചാരികള്‍ക്കു സ്വാഗതം


23 മെയ് 2012, ഷ്ഷാന്‍
ചൈനയിലെ ഷാങ്ഹായിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ക്രിസ്ത്യാനികളുടെ സഹായിയായ മറിയത്തിന്‍റെ വിഖ്യാതമായ തിരുനാളില്‍ ജനങ്ങള്‍ പങ്കെടുക്കാതിരിക്കുന്നതിനു ഭരണകൂടം മുന്‍കരുതല്‍ സ്വീകരിച്ചുവെന്ന് ഏഷ്യാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്. ഷ്ഷാന്‍ മരിയന്‍ തീര്‍ത്ഥാടനം ഉള്‍പ്പെടുന്ന ഷാങ്ഹായ് രൂപതയിലെ അംഗങ്ങള്‍ക്കു മാത്രമാണ് മെയ് ഇരുപത്തിനാലാം തിയതി വ്യാഴാഴ്ച തിരുന്നാളില്‍ സംബന്ധിക്കാന്‍ സാധിക്കുക. ചൈനയുടെ ഇതര ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് കര്‍ശനമായ നിയന്ത്രണമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് പ്രാദേശിക വക്താക്കള്‍ വെളിപ്പെടുത്തിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. സുരക്ഷാ കാരണങ്ങളാണ് വിലക്കിനു കാരണമെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ഷ്ഷാനിലെ വാന നിരീക്ഷണ കേന്ദ്രവും മൃഗസംരക്ഷണ കേന്ദ്രവും സന്ദര്‍ശിക്കാന്‍ വിനോദ സഞ്ചാരികളെ ക്ഷണിക്കുന്ന പരസ്യങ്ങള്‍ ദേശീയ ദിനപത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ടെന്ന് പ്രാദേശിക വക്താക്കള്‍ അറിയിച്ചു.
ക്രൈസ്തവരുടെ സഹായമായ ഷ്ഷാനിലെ കന്യകാ മറിയത്തിന്‍റെ തിരുന്നാള്‍ ആഘോഷം മെയ് 20ാം തിയതി ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനാ വേളയില്‍ മാര്‍പാപ്പ അനുസ്മരിച്ചിരുന്നു. സഭയോടും പത്രോസിന്‍റെ പിന്‍ഗാമിയോടും വിശ്വസ്തത പുലര്‍ത്തുന്നതിനും തങ്ങളുടെ വിശ്വാസത്തിന് അനുസൃതമായി ജീവിക്കാനും ചൈനയിലെ കത്തോലിക്കര്‍ക്കു സാധിക്കുന്നതിനുവേണ്ടി പ്രാര്‍ത്ഥനയില്‍ അവരോടു ഒന്നു ചേരാന്‍ തദ്ദവസരത്തില്‍ മാര്‍പാപ്പ ഏവരേയും ക്ഷണിച്ചിരുന്നു.

മെയ് മാസം ഇരുപത്തിനാലാം തിയതി ചൈനയിലെ കത്തോലിക്കാ സഭയ്ക്കു വേണ്ടിയുള്ള അന്തര്‍ദേശീയ പ്രാര്‍ത്ഥനാ ദിനമായി സാര്‍വ്വത്രീക സഭ ആചരിക്കുന്നു.








All the contents on this site are copyrighted ©.