2012-05-24 11:11:40

ആരോഗ്യ നയത്തിനെതിരേ അമേരിക്കന്‍ കത്തോലിക്കരുടെ നിയമ യുദ്ധം


23 മെയ് 2012, ന്യൂയോര്‍ക്ക്
അമേരിക്ക‍ന്‍ സര്‍ക്കാരിന്‍റെ ആരോഗ്യ നയങ്ങള്‍ക്കെതിരേ കത്തോലിക്കാ നേതാക്കള്‍ നിയമ നടപടികള്‍ ആരംഭിച്ചു. ഒബാമ സര്‍ക്കാര്‍ രൂപീകരിച്ച ആരോഗ്യ സുരക്ഷാ പദ്ധതി കൃത്രിമ ജനനനിയന്ത്രണ ഉപാധികളെ പിന്തുണയ്ക്കുന്നതാണ്. പ്രസ്തുത ആരോഗ്യ സുരക്ഷാ പദ്ധതി കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങള്‍ പാലിക്കേണ്ടി വരുന്നത് മതസ്വാതന്ത്ര്യ ധ്വംസനമാണെന്ന് ആരോപിച്ചുകൊണ്ടാണ് സഭാ നേതാക്കള്‍ നിയമ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. വിവിധ രൂപതകളും കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുര ശുശ്രൂഷാകേന്ദ്രങ്ങളും സംയുക്തമായാണ് നിയമ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. ഭരണകൂടവുമായി നടത്തിയ സന്ധി സംഭാഷണം കൊണ്ട് ഫലമൊന്നും ഉണ്ടാകാതിരുന്നതിനാലാണ് നിയമ നടപടികള്‍ ആരംഭിച്ചതെന്ന് ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ തിമോത്തി ഡോലന്‍ അറിയിച്ചു. സഭയുടെ അജപാലന ശുശ്രൂഷയും അടിസ്ഥാന അവകാശങ്ങളുമാണ് തുലാസ്സില്‍ ആടുന്നത്, അതിനാലാണ് കോടതിയുടെ സഹായം തേടിയിരിക്കുന്നതെന്നും കര്‍ദിനാള്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.