2012-05-22 17:36:46

യെമനില്‍ ചാവേര്‍ ആക്രമണം : യു.എന്‍ അപലപിച്ചു.


22 മെയ് 2012,
യെമനില്‍ സൈന്യത്തിനു നേരെ നടന്ന ചാവേര്‍ ആക്രമണത്തെ യു,എന്‍ സുരക്ഷാ സമിതി അപലപിച്ചു. തലസ്ഥാനമായ സനായില്‍ സൈനിക പരേഡിന്‍റെ റിഹേഴ്സല്‍ നടക്കുന്നിതിനിടയിലുണ്ടായ ആക്രമണത്തില്‍ 96 സൈനികര്‍ കൊല്ലപ്പെടുകയും 300 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു തരത്തിലും നീതീകരിക്കാനാവാത്ത കുറ്റകൃത്യമാണിതെന്ന് യു.എന്‍ വക്താവ് പ്രസ്താവിച്ചു. ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച യു,എന്‍ സുരക്ഷാ സമിതി യമന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടും യമന്‍ ജനതയോടും സര്‍ക്കാരിനോടും അനുശോചനം രേഖപ്പ‍െടുത്തി. അക്രമ മാര്‍ഗ്ഗം പാടെ വെടിഞ്ഞ് രാഷ്ട്രത്തിന്‍റെ പുനരുദ്ധാരണത്തിനും വികസനത്തിനും വേണ്ടി അണിനിരക്കാന്‍ യമന്‍ ജനതയെ ആഹ്വാനം ചെയ്ത യു.എന്‍ വക്താവ്, ഭീകരാക്രമണങ്ങള്‍ സംഭവിക്കുന്നത് എവിട‍െയാണെങ്കിലും അത് ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും പ്രസ്താവിച്ചു.
ജനാധിപത്യ പ്രക്ഷോഭത്തെ തുടര്‍ന്ന് അബ്ദ്റബ്ബു മന്‍സൂര്‍ ഹാദി പ്രസിഡന്‍റായി സ്ഥാനമേറ്റതിനു ശേഷം യെമനില്‍ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് സനായിലേത്. പരേഡില്‍ പങ്കെടുത്ത സൈനീകന്‍ തന്നെയാണ് ചാവേറായത്.
1990ല്‍ ഉത്തര യമനും ദക്ഷിണ യമനും ഏകീകരിക്കപ്പെട്ടതിന്‍റെ 22-ാം വാര്‍ഷികമാണ് മെയ് 22ാം തിയതി ചൊവ്വാഴ്ച. അതിനു മുന്നോടിയായി നടന്ന സൈനിക പരേഡ് റിഹേഴ്സലിലാണ് ആക്രമണം നടന്നത്.








All the contents on this site are copyrighted ©.