2012-05-22 17:34:55

ആഗോള കുടുംബ സമ്മേളനം: ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍


22 മെയ് 2012, വത്തിക്കാന്‍
ഏഴാമത് ആഗോള കുടുംബ സമ്മേളനത്തിനായുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. മെയ് 30ാം തിയതി ബുധനാഴ്ച മിലാനില്‍ ആരംഭിക്കുന്ന സമ്മേളനത്തിന്‍റെ വിശദാംശങ്ങള്‍ മെയ് 22ാം തിയതി വത്തിക്കാനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകസമിതി വെളിപ്പെടുത്തി. കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ എന്നിയോ അന്തൊനെല്ലി, മിലാന്‍ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ചലോ സ്ക്കോള, സാമൂഹ്യ ശാസ്ത്ര വിദഗ്ദനും സര്‍വ്വകലാശാല അധ്യാപകനുമായ പിയര്‍പൗലോ ദൊനാത്തി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ആഗോള കുടുംബസമ്മേളനത്തിനു മുന്നൊരുക്കമായി “കുടുംബം സമൂഹത്തിന്‍റെ സമ്പത്ത്” എന്ന വിഷയത്തില്‍ പ്രൊഫ. ദൊനാത്തിയുടെ നേതൃത്വത്തില്‍ നടന്ന ഒരു ഗവേഷണത്തിന്‍റെ റിപ്പോര്‍ട്ട് സമ്മേളനത്തില്‍ പ്രകാശനം ചെയ്തു. രണ്ടോ അതില്‍ കൂടുതലോ മക്കളുള്ള കുടുംബങ്ങളാണ് കൂടുതല്‍ സുസ്ഥിരവും സന്തുഷ്ടവുമായ സാമൂഹ്യ ജീവിതം നയിക്കുന്നതെന്ന് ഗവേഷണഫലത്തിന്‍റെ വെളിച്ചത്തില്‍ കര്‍ദിനാള്‍ അന്തൊനെല്ലി പ്രസ്താവിച്ചു.

മെയ് 30ാം തിയതി മുതല്‍ ജൂണ്‍ 3ാം തിയതി വരെ മിലാനില്‍ നടക്കുന്ന ആഗോള കുടുംബ സമ്മേളനത്തിലെ പ്രധാന കര്‍മ്മങ്ങളിലൊന്ന് മാര്‍പാപ്പ അര്‍പ്പിക്കുന്ന സാഘോഷ ദിവ്യബലിയാണ്. പത്തു ലക്ഷത്തിലധികം പേര്‍ ദിവ്യബലിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മിലാന്‍ രൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ചലോ സ്ക്കോള പ്രസ്താവിച്ചു. ആഗോള കുടുംബ സമ്മേളനത്തിനു ആധുനിക വാര്‍ത്താ മാധ്യമങ്ങള്‍ ഏറെ പ്രാധാന്യം നല്‍കുന്നുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു. ഇതുവരെ ഇരുപത്തിയൊന്നു ലക്ഷത്തിലധികം പേര്‍ സമ്മേളനത്തിന്‍റെ ഔദ്യോഗിക വെബ്ബ് സൈറ്റ് സന്ദര്‍ശിച്ചുവെന്നും കര്‍ദിനാള്‍ സ്ക്കോള പറഞ്ഞു. ആഗോള കുടുംബ സമ്മേളനത്തിന്‍റെ പ്രധാന പരിപാടികളുടെ തല്‍സമയ സംപ്രേക്ഷണം ഇന്‍റര്‍നെറ്റും ടെലിവിഷന്‍ ചാനലുകളും വഴി ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു







All the contents on this site are copyrighted ©.