2012-05-21 17:29:33

ബ്രിന്ദിസി ബോംബാക്രമണം: കത്തോലിക്കാ സഭ അപലപിച്ചു


21 മെയ് 2012, ബ്രിന്ദിസി
ഇറ്റലിയിലെ ബ്രിന്ദിസിയില്‍ ഒരു വിദ്യാലയത്തിനു സമീപമുണ്ടായ ബോംബാക്രമണത്തില്‍ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെടുകയും 7 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കത്തോലിക്കാ സഭ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. 19ാം തിയതി ശനിയാഴ്ചയാണ് സംഭവം നടന്നത്.
സ്ഫോടനത്തിന് ഇരയായവര്‍ക്കുവേണ്ടി ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനാ മധ്യേ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു.
മിലാന്‍ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ചലോ സ്ക്കോള സംഭവത്തില്‍ അതിയായ ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തി. ബോംബു സ്ഫോടനത്തില്‍ കൊല്ലപ്പെട്ട മെലിസ ബാസ്സി എന്ന പെണ്‍കുട്ടിയുടെ ആത്മ ശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിച്ച കര്‍ദിനാള്‍ ആക്രമണത്തില്‍ പരിക്കുപറ്റിയവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. ഇറ്റലി കഠിനമായ പ്രതിസന്ധികള്‍ നേരിടുന്ന കാലമാണിതെങ്കിലും നാട്ടില്‍ അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ഒരുമിച്ചു പരിശ്രമിക്കണമെന്ന് കര്‍ദിനാള്‍ ഉത്ബോധിപ്പിച്ചു.
ഒരു വിദ്യാലയത്തിനു സമീപം കുട്ടികള്‍ക്കെതിരേ നടന്ന ആക്രമണം നീചവും മനുഷ്യത്വ രഹിതവുമാണെന്ന് കത്തോലിക്കാ സമാധാന സംഘടന പാക്സ് ക്രിസ്റ്റി അനുശോചന സന്ദേശത്തില്‍ രേഖപ്പെടുത്തി. സമൂഹത്തിന്‍റെ സമാധാനം തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന സാമൂഹ്യ വിരുദ്ധരാണ് ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതെന്നും സംഘടന കുറ്റപ്പെടുത്തി.

സ്ഫോടനത്തില്‍ കൊല്ലപ്പെട്ട മെലിസ്സയുടെ ആത്മശാന്തിക്കുവേണ്ടി ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍ പ്രാര്‍ത്ഥനാ യോഗങ്ങള്‍ നടന്നു.








All the contents on this site are copyrighted ©.