2012-05-21 17:08:52

ഇറ്റലിയില്‍ ഭൂകമ്പം : ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു


21 മെയ് 2012, എമിലിയ റൊമാഞ്ഞ
ഭൂകമ്പ ദുരന്തമുണ്ടായ ഇറ്റലിയിലെ എമിലിയ റൊമാഞ്ഞ പ്രദേശത്ത് കത്തോലിക്കാ ഉപവിസംഘടനയായ കാരിത്താസ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് കാരിത്താസ് ദേശീയ മേധാവി ഫാ. ഫ്രാന്‍ചെസ്ക്കോ സുഡു. ഏകദേശം 3000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഭൂകമ്പത്തില്‍ ഭവന രഹിതരായവര്‍ക്കു പാര്‍പ്പിട സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണ് കാരിത്താസ് എന്ന് ഭൂകമ്പ ബാധിത പ്രദേശം സന്ദര്‍ശിച്ച ഫാ. ഫ്രാന്‍ചെസ്ക്കോ അറിയിച്ചു.

വടക്കു കിഴക്കന്‍ ഇറ്റലിയിലെ എമിലിയ റൊമാഞ്ഞ പ്രവിശ്യയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഉണ്ടായ ഭൂകമ്പത്തില്‍ ഏഴു പേര്‍ മരിക്കുകയും നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. റിക്റ്റര്‍ സ്കെയിലില്‍ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് നിരവധി തുടര്‍ചലനങ്ങളുമുണ്ടായി. ദേവാലയങ്ങള്‍ ഉള്‍പ്പെടെ ചരിത്രപ്രാധാന്യമുള്ള നിരവധി മന്ദിരങ്ങള്‍ക്കു കേടുപാടുകള്‍ പറ്റി. ഫെറേറ, മൊദേന, ബൊളോഞ്ഞ്യ എന്നീ സ്ഥലങ്ങളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്.

ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനാ വേളയില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ദുരിതബാധിതരെ അനുസ്മരിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു.








All the contents on this site are copyrighted ©.