2012-05-16 16:01:21

വി.ഹില്‍ഡെഗാ‍ര്‍ഡ് സമകാലിക ലോകത്തിനു ഉദാത്ത മാതൃക


16 മെയ് 2012, റോം
ബിംഗെനിലെ വിശുദ്ധ ഹില്‍ഡെഗാര്‍ഡ് സമകാലിക ലോകത്തിനു ഉദാത്ത മാതൃകയാണെന്ന് വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ചലോ അമാത്തോ. വി.ഹില്‍ഡെഗാര്‍ഡിനെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സാര്‍വ്വത്രിക സഭയിലെ വിശുദ്ധരുടെ പട്ടികയില്‍ ഔപചാരികമായി ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍. മെയ് 10ാം തിയതി വ്യാഴാഴ്ചയാണ് പാപ്പ വിശുദ്ധ ഹില്‍ഡെഗാര്‍ഡിനെ സഭയിലെ വിശുദ്ധരുടെ പട്ടികയില്‍ ഔപചാരികമായി ഉള്‍പ്പെടുത്തുകയും വിശുദ്ധയോടുള്ള ആരാധനാക്രമപരമായ വണക്കം സഭയിലാകമാനം ഏര്‍പ്പെടുത്തുകയും ചെയ്തത്.
1098 - 1179 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ജര്‍മ്മന്‍ സ്വദേശിയായ വി.ഹില്‍ഗാ‍ര്‍ഡ് ബെനഡിക്ടന്‍ സന്ന്യസ്ത സമൂഹാംഗമായിരുന്നു. വിശുദ്ധയുടെ മരണാനന്തരം ആരംഭിച്ച നാമകരണനടപടികള്‍ നാലു തവണ മുടങ്ങിപ്പോയതു കൊണ്ടാണ് ഔദ്യോഗിക നടപടികള്‍ ഇത്രയും ദീര്‍ഘിച്ചത്.
ഹില്‍ഡെഗാ‍ര്‍ഡിന്‍റെ ജീവിത വിശുദ്ധിയെക്കുറിച്ചുള്ള ഖ്യാതി ഇക്കാലമത്രയും മങ്ങാതെ നിന്നതു തന്നെ വിശുദ്ധയുടെ മഹത്വത്തിനു തെളിവാണെന്ന് കര്‍ദിനാള്‍ അമാത്തോ പറഞ്ഞു.
ദാരിദ്ര്യം, കന്യകാത്വം. അനുസരണം എന്നീ സന്ന്യസ്ത വ്രതങ്ങള്‍ വിശ്വസ്തമായി പാലിച്ച ഹില്‍ഡെഗാ‍ര്‍ഡിന്‍റെ ജീവിതത്തില്‍ വിശ്വാസം, പ്രത്യാശ, പരസ്നേഹം എന്നീ പുണ്യങ്ങളും സവിശേഷമായി വിളങ്ങിയിരുന്നു. വിശ്വാസ ജീവിതത്തിന്‍റെ അടിത്തറയായ ഈ പുണ്യങ്ങള്‍ എല്ലാ സഭാംഗങ്ങളും ജീവിത്തതില്‍ പകര്‍ത്തേണ്ടതാണെന്നും കര്‍ദിനാള്‍ ഉത്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.