2012-05-16 16:01:32

ഫാ.ഡൊമെനിക്ക് ദ ആബ്രെയൊ സി.ബി.സി.ഐ വക്താവ്


16 മെയ് 2012, ന്യൂഡല്‍ഹി
ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വക്താവായി ഫാ.ഡൊമെനിക്ക് ദ ആബ്രെയൊയെ മെത്രാന്‍ സമിതി നിയമിച്ചു. മഹാരാഷ്ട്രയിലെ വാസി രൂപതാംഗമാണ് ഫാ. ഡൊമെനിക്ക്. ഇപ്പോള്‍ ദേശീയ മെത്രാന്‍ സമിതിയുടെ ആശയവിനിമയശാസ്ത്ര വിദ്യാപീഠത്തില്‍ (National Institute of Social Communications Research and Training NISCORT) റജിസ്ട്രാറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം ജൂണ്‍ ഒന്നാം തിയതി സി.ബി.സി.ഐ വക്താവായി സ്ഥാനമേല്‍ക്കും.
ഏകദേശം ഒന്‍പതു വര്‍ഷക്കാലം സി.ബി.സി.ഐ വക്താവായി സേവനമനുഷ്ഠിച്ച ഫാ.ബാബു ജോസഫിന്‍റെ വിടവാങ്ങല്‍ ചടങ്ങ് 14ാം തിയതി തിങ്കളാഴ്ച നടന്നു. സി.ബി.സി.ഐ ജനറല്‍ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ആല്‍ബര്‍ട്ട് ഡിസൂസ മെത്രാന്‍ സമിതിയുടെ പേരില്‍ ഫാ. ബാബുവിന് കൃതജ്ഞത രേഖപ്പെടുത്തി. സഭയുടെ സ്വരം സമൂഹത്തിന്‍റെ നാനാ തുറകളിലേക്ക് എത്തിക്കുകയെന്നത് വെല്ലുവിളി നിറഞ്ഞ ദൗത്യമായിരുന്നു എന്ന് ഫാ.ബാബു ജോസഫ് അഭിപ്രായപ്പെട്ടു. എസ്.വി.ഡി (The Society of the Divine Word) സന്ന്യസ്ത സഭാംഗമായ ഫാ.ബാബു ജോസഫ് മധ്യപ്രദേശിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പബ്ലിക്ക് റിലേഷന്‍ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് 2003ല്‍ സി.ബി.സി.ഐ വക്താവായി നിയമിക്കപ്പെട്ടത്.








All the contents on this site are copyrighted ©.