2012-05-15 16:37:57

ഫാ.ചെഞ്ചിക്ക് മാര്‍പാപ്പയുടെ ആദരാജ്ഞലി


14 മെയ് 2012, വത്തിക്കാന്‍
ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ ഉപകാര്യദര്‍ശി ഫാദര്‍ മാസ്സിമോ ചെന്‍ചിയുടെ ആകസ്മിക നിര്യാണത്തില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി. ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ഫെര്‍നാഡോ ഫിലോണിക്കയച്ച അനുശോചന സന്ദേശത്തില്‍ സഭയുടെ പ്രേഷിത പ്രവര്‍ത്തനസംരംഭങ്ങള്‍ക്കു ഫാദര്‍ മാസ്സിമോ ചെന്‍ചി നല്‍കിയ ഉദാര സംഭാവനകള്‍ മാര്‍പാപ്പ കൃതജ്ഞതയോടെ അനുസ്മരിച്ചു. വിദേശ രാജ്യങ്ങളിലെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ അംഗമായ ഫാദര്‍ മാസ്സിമോ ചെന്‍ചി ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ പ്രേഷിത പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 2001ല്‍ സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ ഉപകാര്യദര്‍ശിയായി അദ്ദേഹത്തെ നിയമിച്ചു. ഫാദര്‍ മാസ്സിമോ ചെന്‍ചിയുടെ സേവനങ്ങള്‍ക്കു കര്‍ത്താവായ ദൈവം പ്രതിഫലം നല്‍കട്ടെയെന്ന് പാപ്പ ആശംസിച്ചു. ഫാദര്‍ മാസ്സിമോ ചെന്‍ചിയുടെ കുടുംബാംഗങ്ങളോടും ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘാംഗങ്ങളോടും പാപ്പ അനുശോചനം അറിയിച്ചു. അവര്‍ക്ക് മാര്‍പാപ്പ തന്‍റെ അപ്പസ്തോലികാശീര്‍വാദവുമേകി.

മെയ് 11ാം തിയതി വെള്ളിയാഴ്ച അന്തരിച്ച ഫാദര്‍ മാസ്സിമോ ചെന്‍ചിയുടെ അന്തിമോപചാര ചടങ്ങുകള്‍ പതിനാലാം തിയതി തിങ്കളാഴ്ച രാവിലെ കര്‍ദിനാള്‍ ഫിലോണിയുടെ മുഖ്യകാര്‍മ്മീകത്വത്തില്‍ റോമിലെ റെജിന പാച്ചിസ് ഇടവക ദേവാലയത്തില്‍ നടന്നു.








All the contents on this site are copyrighted ©.