2012-05-15 16:38:11

ക്രിസ്തുവുമായുള്ള വ്യക്തിബന്ധം പൗരോഹിത്യ ജീവിതത്തിന്‍റെ കേന്ദ്രം: കര്‍ദിനാള്‍ ഫിലോണി


14 മെയ് 2012, റോം
ക്രിസ്തുവിനോടു പൂര്‍ണ്ണമായി അനുരൂപപ്പെട്ടുകൊണ്ട് ദൈവജനത്തെ ശുശ്രൂഷിക്കാനുള്ള ഉന്നതമായ കൃപയാണ് തിരുപ്പട്ട കൂദാശ നല്‍കുന്നതെന്ന് കര്‍ദിനാള്‍ ഫിലോണി. മെയ് 12ാം തിയതി ശനിയാഴ്ച വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ നടന്ന തിരുപ്പട്ട ദാനകര്‍മ്മ ശുശ്രൂഷയില്‍ വചനപ്രഘോഷണം നടത്തുകയായിരുന്നു ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ഫെര്‍നാഡോ ഫിലോണി. കര്‍ദിനാളിന്‍റെ മുഖ്യകാര്‍മ്മീകത്വത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ കീഴിലുള്ള ഉര്‍ബ്ബന്‍ വൈദിക പരിശീലന കേന്ദ്രത്തിലെ നാലു ഡീക്കന്‍മാര്‍ വൈദിക പട്ടവും 17 വൈദികാര്‍ത്ഥികള്‍ ഡീക്കന്‍ പട്ടവും സ്വീകരിച്ചു.
ക്രിസ്തുവിനോടുള്ള ഗാഢമായ വ്യക്തിബന്ധം പൗരോഹിത്യ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമാണെന്നു കര്‍ദിനാള്‍ നവ വൈദീകരെ അനുസ്മരിപ്പിച്ചു. ക്രിസ്തുവിന്‍റെ യാഗമായ പുതിയ ഉടമ്പടിയിലെ അതുല്യബലി അള്‍ത്താരയില്‍ പുനരാവിഷ്ക്കരിക്കുന്ന വൈദികന്‍ ക്രിസ്തുവിന്‍റെ ഏറ്റവുമടുത്ത സുഹൃത്താണെന്നും കര്‍ദിനാള്‍ ഫിലോണി കൂട്ടിച്ചേര്‍ത്തു.








All the contents on this site are copyrighted ©.