2012-05-15 16:38:36

ആരാധനക്രമം വര്‍ത്തമാനജീവിതവുമായി പൊരുത്തപ്പെടണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി


15 മെയ് 2012, കൊച്ചി
ചരിത്രത്തോടു നീതിപുലര്‍ത്തുന്നതും വര്‍ത്തമാനകാല ജീവിതസാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതുമാവണം സഭയുടെ ദൈവശാസ്ത്രവും ആരാധനക്രമവുമെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
കേരളത്തിലെ പ്രഥമ കര്‍ദിനാളും എറണാകുളം അതിരൂപത മെത്രാപ്പോലീത്തയുമായിരുന്ന മാര്‍ ജോസഫ് പാറേക്കാട്ടിലിന്റെ ജന്മശതാബ്ദി സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എറണാകുളം-അങ്കമാലി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ 14ാം തിയതി കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ആരംഭിച്ച പഠനശിബിരം 16ാം തിയതി ബുധനാഴ്ച സമാപിക്കും.
സഭയില്‍ ഐക്യവും സ്നേഹവും നിലനിര്‍ത്താനും ശക്തിപ്പെടുത്താനുമുള്ള പ്രവര്‍ത്തനങ്ങള്‍ ധാരാളമായി ഉണ്ടാകേണ്ടതുണ്ട്. സഭയുടെ നിലപാടുകളില്‍ അടിയുറച്ച വീക്ഷണങ്ങളും ജീവിതശൈലിയുമാണു നമ്മുടെ വിശ്വാസജീവിതത്തെ മുന്നോട്ടു നയിക്കേണ്ടത്. ക്രിസ്തുവിന്റെ വഴികളെ തന്റെ ജീവിതത്തിലേക്കു പകര്‍ത്തി സഭയ്ക്കും സമൂഹത്തിനും ക്രിസ്തുവിന്റെ ജീവിതം സമ്മാനിച്ച വ്യക്തിത്വമായിരുന്നു കര്‍ദിനാള്‍ പാറേക്കാട്ടിലിന്റേത്. മതസൗഹാര്‍ദവും പരസ്പര സ്നേഹവും കാലഘട്ടത്തിന്റെ ആവശ്യമാണെന്നു അദ്ദേഹം തെളിയിച്ചു. നീ കല്പിക്കുന്നത് എനിക്കു തരിക, നീ ആഗ്രഹിക്കുന്നത് എന്നോടു കല്പിക്കുക എന്ന ആപ്തവാക്യം തന്‍റെ ഇടയശുശ്രൂഷയിലൂടെ സാര്‍ഥകമാക്കാന്‍ മാര്‍ പാറേക്കാട്ടിലിനായെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു.

മതസൗഹാര്‍ദത്തിനായി എന്നും നിലകൊണ്ട ഇടയനായിരുന്നു കര്‍ദിനാള്‍ മാര്‍ പാറേക്കാട്ടിലെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജസ്റ്റിസ് സിറിയക് ജോസഫ് അനുസ്മരിച്ചു. ഇതരമതങ്ങളെ ആദരിക്കാനും അതിലെ നല്ല മൂല്യങ്ങളെയും ആശയങ്ങളെയും സ്വീകരിക്കാനും പിതാവ് ശ്രമിച്ചു. സീറോ മലബാര്‍ സഭയുടെ മാത്രമല്ല, ഭാരതസഭ മുഴുവന്റെയും അംഗീകാരം ആര്‍ജിക്കാന്‍ പിതാവിനായി. ഭാരതസഭയുടെ അഭിമാനമായിരുന്നു മാര്‍ പാറേക്കാട്ടിലെന്നും ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു.

ബിഷപ്പുമാരായ മാര്‍ തോമസ് ചക്യത്ത്, മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍, മാര്‍ ആന്റണി ചിറയത്ത്, മാര്‍ തോമസ് ഇലവനാല്‍, മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത്, അതിരൂപത പ്രോ വികാരി ജനറാള്‍ റവ. ഡോ. ജോസ് പുത്തന്‍വീട്ടില്‍, സിമ്പോസിയം കോ-ഓര്‍ഡിനേറ്റര്‍ റവ. ഡോ. വര്‍ഗീസ് പൊട്ടയ്ക്കല്‍ എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

സീറോ മലബാര്‍ സഭയുടെ തനിമ: വിശ്വാസവും വിശ്വസ്തതയും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന പഠന ശിബിരത്തില്‍ വിവിധ രൂപതകളില്‍ നിന്നുള്ള ഇരുന്നൂറോളം വൈദിക, സന്ന്യസ്ത, അല്‍മായ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.









All the contents on this site are copyrighted ©.