2012-05-15 16:38:25

അര്‍സാല റഹ്മാനി വധം: യു.എന്‍ ദൗത്യ സംഘം അപലപിച്ചു


15 മെയ് 2012, കാബൂള്‍
അഫ്ഗാനിസ്ഥാനിലെ ഉന്നതതല സമാധാന സമിതിയിലെ പ്രധാന അംഗമായിരുന്ന അര്‍സാല റഹ്മാനിയുടെ വധത്തെ അഫ്ഗാനിസ്ഥാനിലെ യു.എന്‍ ദൗത്യ സംഘം അപലപിച്ചു. രാജ്യത്തെ സമാധാന ശ്രമങ്ങള്‍ക്കുവേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിച്ച വ്യക്തിയായിരുന്നു അര്‍സാല റഹ്മാനിയെന്ന് ദൗത്യസംഘം അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ക്കയച്ച അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു. അഫ്ഗാനിലെ സമാധാന – അനുരജ്ഞന ശ്രമങ്ങള്‍ക്കുള്ള പിന്തുണ തുടരുമെന്നും ദൗത്യസംഘം വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിലെ അനുരജ്ഞന പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന ആദ്യത്തെ മുതിര്‍ന്ന താലിബാന്‍ അംഗമായിരുന്നു റഹ്മാനി. പ്രസിഡന്റ് ഹമീദ് കര്‍സായിയുമായിയുടെ വിശ്വസ്തനായിരുന്ന അദ്ദേഹം താലിബാന്‍റെ നേതൃനിരയുമായി നേരിട്ടു ബന്ധം പുലര്‍ത്തിയിരുന്നു.
2011 സെപ്തംബറില്‍ സമാധാനകൗണ്‍സില്‍ അധ്യക്ഷന്‍ ബുര്‍ഹനുദ്ദീന്‍ റബ്ബാനി ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് പ്രസിഡന്‍റ് കര്‍സായി 70 അംഗ സമാധാന കൗണ്‍സിലിന് രൂപംകൊടുത്തത്. സമാധാന കൗണ്‍സിലിന്‍റെ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് നൂറുകണക്കിന് താലിബാന്‍ കമാന്‍ഡര്‍മാര്‍ അനുരഞ്ജനത്തിന് തയ്യാറായിരുന്നു.









All the contents on this site are copyrighted ©.