2012-05-14 16:37:03

സിറിയ: മധ്യസ്ഥശ്രമത്തില്‍ ക്രൈസ്തവ സമൂഹത്തിന്‍റെ സ്ഥാനം


14 മെയ് 2012,സിറിയ
സിറിയന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങളില്‍ ക്രൈസ്തവര്‍ക്കു ക്രിയാത്മകമായി പങ്കെടുക്കാന്‍ സാധിക്കുമെന്ന് ഫാദര്‍ സമീര്‍ ഖലീല്‍ സമീര്‍. 13ാം തിയതി ഞായറാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്. അറേബ്യന്‍ ക്രൈസ്തവീകതയെ സംബന്ധിച്ച രേഖകളുടെ ഗവേഷണവും ക്രോഡീകരണവും നടത്തുന്ന വിദ്യാകേന്ദ്രത്തിന്‍റെ (സെഡ്റാക്ക്) സ്ഥാപക ഡയറക്ടറാണ് ഫാദര്‍ സമീര്‍.
സ്വാതന്ത്ര്യവും ജനാധിപത്യവും മനുഷ്യാന്തസ്സിനോടുള്ള ആദരവും ആഗ്രഹിക്കുന്നവരാണ് ക്രൈസ്തവര്‍. എന്നാല്‍ അവര്‍ക്ക് ഒരു രാഷ്ട്രീയ ലക്ഷൃമില്ല. അധികാരം പിടിച്ചെടുക്കാന്‍ ക്രൈസ്തവര്‍ പരിശ്രമിക്കുന്നുമില്ല. ഷിയ ഇസ്ലാം വിഭാഗത്തിലുള്‍പ്പെടുന്ന അല്ലാവി സഖ്യം സിറിയയില്‍ ന്യൂനപക്ഷമാണെങ്കിലും ഭരണനേതൃത്വം അവരുടേതാണ്. അല്ലാവി സഖ്യത്തില്‍ നിന്നു അധികാരം നേടിയെടുക്കാനാണ് സുന്നി വിഭാഗം ശ്രമിക്കുന്നത്. ക്രൈസ്തവ സമൂഹം ഇരുകൂട്ടരുമായും സംവാദത്തിലേര്‍പ്പെടുന്നുണ്ട്. അതുകൊണ്ടാണ് ആഭ്യന്തര കലാപം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങളില്‍ ക്രൈസ്തവര്‍ക്കു നിര്‍ണ്ണായക പങ്കുവഹിക്കാന്‍ സാധിക്കുമെന്നു താന്‍ കരുതുന്നതെന്ന് ഫാദര്‍ സമീര്‍ വ്യക്തമാക്കി.
ഭരണ പരിഷ്ക്കാരങ്ങള്‍ നടത്താന്‍ വിസമ്മതിച്ചതും അന്താരാഷ്ട്ര സമൂഹത്തിനു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതിരുന്നതും സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ച്ചയാണ്. എന്നാല്‍ സര്‍ക്കാര്‍ നടപടികളില്‍ അമര്‍ഷംപൂണ്ട പ്രക്ഷോഭകാരികള്‍ ആയുധമെടുത്തത് അംഗീകരിക്കാനാവില്ലെന്നും ഫാദര്‍ സമീര്‍ അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.