2012-05-14 16:36:33

ഫാത്തിമ നാഥയുടെ പ്രഥമ ദര്‍ശനത്തിന്‍റെ 95ാം വാര്‍ഷികം


14 മെയ് 2012, ഫാത്തിമ
പരിശുദ്ധ കന്യകാമറിയം 1917 മെയ് 13ാം തിയതി ഫാത്തിമായിലെ മൂന്നു ഇടയകുട്ടികള്‍ക്കു ദര്‍ശനം നല്‍കിയതിന്‍റെ 95ാം വാര്‍ഷികാഘോഷങ്ങള്‍ ഫാത്തിമായില്‍ കൊണ്ടാടി. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന അന്താരാഷ്ട്ര തീര്‍ത്ഥാടനത്തിനു സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ ജ്യാന്‍ ഫ്രാന്‍ങ്കോ റവാസി നേതൃത്വം നല്‍കി. ലോകത്തിന്‍റെ നാനാഭാഗത്തു നിന്നുമെത്തിയ 22 മെത്രാന്‍മാരും 265 വൈദീകരും 13ാം തിയതി ഞായറാഴ്ച തിരുനാള്‍ ദിവ്യബലിയില്‍ സഹകാര്‍മ്മികത്വം വഹിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 160 ലധികം തീര്‍ത്ഥാടക സംഘങ്ങളും ദിവ്യബലിയില്‍ സംബന്ധിച്ചു.
കര്‍മ്മോന്മുഖമായ സഹോദര സ്നേഹത്തിന്‍റെ പ്രകടനമാണ് ഉപവി പ്രവര്‍ത്തനങ്ങളെന്ന് ദിവ്യബലിമധ്യേ നല്‍കിയ വചനസന്ദേശത്തില്‍ കര്‍ദിനാള്‍ റവാസി വിശദീകരിച്ചു. ഇന്ന് ലോകം അഭിമുഖീകരിക്കുന്ന സാംസ്ക്കാരിക അസ്ഥിരതയേയും മനുഷ്യന്‍റെ തീരാവേദനയേയും കുറിച്ചു പരാമര്‍ശിച്ച കര്‍ദിനാള്‍ കര്‍മ്മനിരതമായ സഹോദരസ്നേഹത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് വിശ്വാസികളെ ഉത്ബോധിപ്പിച്ചു. ഭാഷയ്ക്കും സംസ്ക്കാരത്തിനും അതീതമായി ക്രൈസ്തവ വിശ്വാസത്തില്‍ അടിയുറച്ചു നിന്നുകൊണ്ട് ഐക്യത്തില്‍ ജീവിക്കാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്തുകൊണ്ടാണ് കര്‍ദിനാള്‍ വചനപ്രഘോഷണം അവസാനിപ്പിച്ചത്.








All the contents on this site are copyrighted ©.