2012-05-07 17:45:17

മാര്‍പാപ്പ അരേത്സോ സന്ദര്‍ശിക്കുന്നു


07 മെയ് 2012, വത്തിക്കാന്‍
മധ്യ ഇറ്റലിയിലെ അരേത്സോ- കൊര്‍ത്തോണ- സാന്‍ സെപ്പൊള്‍ക്രൊ രൂപതയിലേക്കു ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നടത്തുന്ന ഇടയ സന്ദര്‍ശനത്തിന്‍റെ വിശദാംശങ്ങള്‍ മെയ് അഞ്ചാം തിയതി ശനിയാഴ്ച വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. മെയ് 13ാം തിയതി ഞായറാഴ്ചയാണ് പ്രസ്തുത രൂപതയിലേക്കു മാര്‍പാപ്പ ഏകദിന ഇടയ സന്ദര്‍ശനം നടത്തുന്നത്. 13ാം തിയതി ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 8 മണിക്കു വത്തിക്കാനില്‍ നിന്നു ഹെലികോപ്ടര്‍ മാര്‍ഗ്ഗം അരേത്സോയിലേക്കു പുറപ്പെടുന്ന മാര്‍പാപ്പ രാത്രി ഒന്‍പതര മണിയോടെ വത്തിക്കാനില്‍ തിരിച്ചെത്തും.

ഞായറാഴ്ച രാവിലെ ഒന്‍പതു മണിക്കു അരേത്സോ പട്ടണത്തിലെത്തുന്ന മാര്‍പാപ്പ പട്ടണത്തിലെ പ്രാത്തോ മൈതാനിയില്‍ സാഘോഷ സമൂഹ ദിവ്യബലിക്കു മുഖ്യകാര്‍മ്മീകത്വം വഹിക്കും. തുടര്‍ന്ന് വിശുദ്ധ ഡൊനാത്തോയുടെ നാമധേയത്തിലുള്ള കത്തീഡ്രല്‍ ദേവാലയത്തില്‍ പാപ്പ സ്വകാര്യ സന്ദര്‍ശനം നടത്തും.
വൈകീട്ട് അഞ്ചുമണിക്ക് അരേത്സോ പട്ടണത്തില്‍ നിന്നും വെര്‍ണ്ണയിലെ ഫ്രാന്‍സിസ്ക്കന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്കു മാര്‍പാപ്പ ഹെലികോപ്ടര്‍ മാര്‍ഗ്ഗം യാത്രയാകും. തീര്‍ത്ഥാടന കേന്ദ്രത്തില്‍ വച്ചു ഫ്രാന്‍സിസ്ക്കന്‍ സന്ന്യാസിമാരുടേയും ക്ലാരസഭാംഗങ്ങളായ സന്ന്യാസിനികളുടേയും ഒരു സംഘത്തോടു പാപ്പ കൂടിക്കാഴ്ച്ച നടത്തും. തുടര്‍ന്ന് സാന്‍സെപുള്‍ക്രൊയിലേക്കു ഹെലികോപ്ടറില്‍ യാത്രയാകുന്ന മാര്‍പാപ്പ തോറെ ദി ബെര്‍ത്താ ചത്വരത്തില്‍ നടക്കുന്ന പൊതുജന സമ്മേളനത്തെ അഭിസംബോധന ചെയ്യും.
പ്രാദേശിക സമയം 08.15ന് സാന്‍സെപുള്‍ക്രൊയില്‍ നിന്നു മാര്‍പാപ്പ വിടവാങ്ങും.








All the contents on this site are copyrighted ©.