2012-05-07 17:43:19

പൊന്തിഫിക്കല്‍ സ്വിസ്സ് ഗാര്‍ഡിലേക്കു 26 പുതിയ സൈനീകര്‍


07 മെയ് 2012, വത്തിക്കാന്‍
ബെഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ, പേപ്പല്‍ സുരക്ഷാ സൈന്യമായ പൊന്തിഫിക്കല്‍ സ്വിസ്സ് ഗാര്‍ഡിലെ അംഗങ്ങളോടും കുടുംബാംഗങ്ങളോടും മെയ് 7ാം തിയതി തിങ്കളാഴ്ച കൂടിക്കാഴ്ച്ച നടത്തി. മെയ് ആറാം തിയതി ഞായറാഴ്ച 26 പുതിയ സൈനീകര്‍ സത്യപ്രതിജ്ഞ ചെയ്ത് സേവനമാരംഭിച്ചതോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച്ച. 1527 മെയ് ആറാം തിയതി 147 സ്വിസ്സ് സൈനീകര്‍ ജീവത്യാഗം ചെയ്ത് ക്ലെമന്‍റ് ഏഴാമന്‍ മാര്‍പാപ്പയെ സംരക്ഷിച്ച സംഭവത്തിന്‍റെ സ്മരണയിലാണ് ഓരോ വര്‍ഷവും മെയ് ആറാം തിയതി പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുന്നത്.
500 വര്‍ഷങ്ങള്‍ക്കു മുന്‍പ് തങ്ങളുടെ മുന്‍ഗാമികള്‍ പ്രകടിപ്പിച്ച അതേ ധീരതയോടെ മാര്‍പാപ്പയോടും സഭയോടും വിശ്വസ്തത പുലര്‍ത്താന്‍ നവ സൈനീകര്‍ക്കു ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പ്രോത്സാഹനം പകര്‍ന്നു. ഉറച്ച കത്തോലിക്കാ വിശ്വാസം, യേശു ക്രിസ്തുവിനോടും അവിടുത്തെ സഭയോടുമുള്ള സ്നേഹവും വിശ്വസ്തതയും, ദൗത്യനിര്‍വ്വഹണത്തിലുള്ള ശുഷ്കാന്തി, സ്ഥിരോത്‍സാഹം, ധൈര്യം, എളിമ, നിസ്വാര്‍ത്ഥത, പരസ്നേഹം എന്നീ ഗുണങ്ങള്‍ മാര്‍പാപ്പയുടെ സുരക്ഷയ്ക്കായുള്ള ഈ പ്രത്യേക സൈന്യത്തിന്‍റെ സവിശേഷതയാണെന്നു പാപ്പ തദ്ദവസരത്തില്‍ പറഞ്ഞു. ഉപവിയില്‍ വളരുവാന്‍ പരസ്പരം സഹായിക്കണമെന്നും മാര്‍പാപ്പ അവരെ ഉത്ബോധിപ്പിച്ചു. ദൈവത്തെ പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണ മനസ്സോടും സര്‍വ്വശക്തിയോടും കൂടെ സ്നേഹിക്കുക എന്ന കല്‍പനയില്‍ നിന്നുതന്നെയാണ് പരസ്നേഹം ആവിര്‍ഭവിക്കുന്നത്. പ്രാര്‍ത്ഥന, ദൈവവചനം, ദിവ്യകാരുണ്യം എന്നിവ ദൈവിക കൃപയില്‍ വളരാനും പരസ്നേഹത്തില്‍ അഭിവൃദ്ധി പ്രാപിക്കാനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങളാണെന്നും മാര്‍പാപ്പ വ്യക്തമാക്കി. വിശുദ്ധി ക്രൈസ്തവരുടെ ജീവിത ലക്ഷൃമാണെന്നും മാര്‍പാപ്പ അവരെ ഓര്‍മ്മിപ്പിച്ചു.









All the contents on this site are copyrighted ©.