2012-05-01 15:47:15

വിനോദസഞ്ചാര മേഖലയിലെ അജപാലനദര്‍ശനം


01 മെയ് 2012, കണ്‍കൂണ്‍
ഉല്ലാസവും വിനോദ സഞ്ചാരവും ദൈവത്തെ കൂടുതലറിയാനുള്ള മാര്‍ഗ്ഗങ്ങളായി മാറ്റുകയെന്ന വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് പ്രാദേശിക - ദേശീയ സഭാ സമൂഹങ്ങള്‍ ഫലവത്തായ അജപാലന പദ്ധതികള്‍ ആവിഷ്ക്കരിക്കണമെന്ന് കുടിയേറ്റക്കാര്‍ക്കും യാത്രീകര്‍ക്കും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍. വിനോദസഞ്ചാര മേഖലയില്‍ നവീന അജപാലന ദര്‍ശങ്ങള്‍ക്കു രൂപം നല്‍കിക്കൊണ്ട് മെക്സിക്കോയിലെ കണ്‍കൂണില്‍ നടന്ന ഏഴാം അന്തര്‍ദേശീയ വിനോദസഞ്ചാര അജപാലന കോണ്‍ഗ്രസിന്‍റെ സമാപന സന്ദേശത്തിലാണ് പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഈ ആഹ്വാനം നല്‍കിയത്.
വിനോദസഞ്ചാര മേഖലയിലെ അജപാലന ശുശ്രൂഷയ്ക്കുവേണ്ടി പ്രത്യേക സമിതികള്‍ രൂപീകരിക്കുകയും അവ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും വേണം. ആരോഗ്യകരമായ വിനോദവും വിശ്രമവും ഉറപ്പുനല്‍കുന്ന വിനോദ സഞ്ചാരം വ്യക്തിയുടെ സമഗ്ര വികസനത്തിനും ആത്മീയ വളര്‍ച്ചയ്ക്കു സഹായകമാകണമെന്ന് ഏഴാം അന്തര്‍ദേശീയ വിനോദസഞ്ചാര അജപാലന കോണ്‍ഗ്രസ് ബെനഡിക്ട് പതിനാറാമന്‍ മാ‍ര്‍പാപ്പയുടെ കാരിത്താസ് ഇന്‍ വേരിത്താത്തെ എന്ന ചാക്രിക ലേഖനത്തെ അടിസ്ഥാനമാക്കി പ്രഖ്യാപിച്ചു. മറ്റേതു മാനുഷിക പ്രവര്‍ത്തനത്തെയും പോലെ വിനോദ സഞ്ചാരവും ദൈവ വചനത്താല്‍ പ്രകാശിതമാകണമെന്ന പേപ്പല്‍ പ്രബോധനം അജപാലനദര്‍ശങ്ങള്‍ക്കു ഉത്തമ മാര്‍ഗദര്‍ശനമാണ്. മാര്‍പാപ്പയുടെ പ്രബോധനത്തിന്‍റെ വെളിച്ചത്തില്‍ ടൂറിസം മേഖലയിലെ സുവിശേഷവല്‍ക്കരണത്തിന്‍റെ പ്രായോഗിക വശങ്ങളെക്കുറിച്ചു വിശദമായ പഠനങ്ങള്‍ നടത്താന്‍ സമ്മേളനത്തിനു സാധിച്ചുവെന്ന് സമാപന സന്ദേശം വ്യക്തമാക്കി.
ഏപ്രില്‍ 23 ന് ആരംഭിച്ച ഏഴാം അന്തര്‍ദേശീയ വിനോദസഞ്ചാര അജപാലന കോണ്‍ഗ്രസ് 27 തിയതി സമാപിച്ചു.








All the contents on this site are copyrighted ©.