2012-05-01 15:47:27

ലോക സമാധാനത്തിനായുള്ള അന്വേഷണം


01 മെയ് 2012, വത്തിക്കാന്‍
സമാധാനത്തിനായുള്ള ആഗോള സമൂഹത്തിന്‍റെ അന്വേഷണത്തിന് വാഴ്ത്തപ്പെട്ട ജോണ്‍ ഇരുപത്തി മൂന്നാമന്‍ മാര്‍പാപ്പയുടെ ‘ഭൂമിയില്‍ സമാധാനം’ എന്ന ചാക്രികലേഖനം ഉത്തമ മാര്‍ഗദര്‍ശനം നല്‍കുന്നുവെന്ന് സാമൂഹ്യശാസ്ത്രങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ അക്കാഡമി. ഏപ്രില്‍ 27ാം തിയതി മുതല്‍ മെയ് 1ാം തിയതി വരെ റോമില്‍ നടന്ന അക്കാഡമിയുടെ പതിനെട്ടാം സമ്പൂര്‍ണ്ണ സമ്മേളനം പുറത്തിറക്കിയ പ്രഖ്യാപനത്തിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. വാഴ്ത്തപ്പെട്ട ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ ഈ ചാക്രിക ലേഖനത്തില്‍ അവതരിപ്പിക്കുന്നത് മനുഷ്യാവകാശങ്ങളുടെ വെറുമൊരു പട്ടികയല്ല. മനസാക്ഷിയുടെ സ്വാതന്ത്ര്യത്തില്‍ നിന്ന് ആരംഭിച്ചുകൊണ്ട് വ്യക്തികള്‍ തമ്മിലും, വ്യക്തികളും രാഷ്ട്രവും തമ്മിലും രാഷ്ടങ്ങള്‍ തമ്മില്‍തമ്മിലുമുള്ള ബന്ധങ്ങള്‍ ആസ്പദമാക്കിയാണ് മാര്‍പാപ്പ മനുഷ്യാവകാശങ്ങളെക്കുറിച്ചു വിശദീകരിക്കുന്നത്. ജോണ്‍ ഇരുപത്തി മൂന്നാമന്‍ മാര്‍പാപ്പയുടെ ദര്‍ശനം കത്തോലിക്കാ സഭയുടെ സാമൂഹ്യ പ്രബോധനങ്ങള്‍ക്കു ഒരു നവീന ദിശാബോധം നല്‍കി. ‘ഭൂമിയില്‍ സമാധാനം’ എന്ന ചാക്രികലേഖനം കത്തോലിക്കാസഭയുടെ മനുഷ്യാവാകാശ പ്രഖ്യാപനമാണെന്നു സമ്മേളനം വിലയിരുത്തി.

ലോകസമാധാനത്തിന്‍റെ കാര്യത്തില്‍ യേശു ക്രിസ്തു പ്രഘോഷിക്കുന്ന ദൈവ രാജ്യത്തിന്‍റെ അര്‍ത്ഥം; ഭൂമിയില്‍ സമാധാനം , സത്യത്തില്‍ സ്നേഹം എന്നീ ചാക്രിക ലേഖനങ്ങളുടെ വെളിച്ചത്തില്‍ സമകാലിക ആഗോള ഭരണക്രമത്തിന്‍റെ അവസ്ഥ; വ്യത്യസ്ത ഭൂഖണ്ഡങ്ങളില്‍ സമാധാനത്തിനു ഭീഷണി ഉയര്‍ത്തുന്ന ഘടകങ്ങള്‍; ആഗോള സമ്പദ്മേഖലയും കുടിയേറ്റവും - സംഘര്‍ഷത്തിന്‍റെ കാരണങ്ങളും സഹകരണത്തിനുള്ള സാധ്യതകളും; പരിസ്ഥിതി പ്രശ്നങ്ങള്‍; മനുഷ്യാവകാശവും ജനാധിപത്യവും – (അറബുവസന്തം, ഇന്ത്യ, ചൈന എന്നീ പുതിയ സാമ്പത്തീക ശക്തികളുടെ വളര്‍ച്ച എന്നീ വിഷയങ്ങള്‍ക്കു പ്രാമുഖ്യം നല്‍കി); നവീന വിവര വിനിമയ സങ്കേതകങ്ങള്‍ സമാധാനത്തിന്‍റെ ഉപകരണങ്ങള്‍ (വിക്കി പീഡിയയുടെ ഉപജ്ഞാതാവ് ജിമ്മി വെയില്‍സ്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പ്രബന്ധം അവതരിപ്പിച്ചു); സാമ്പത്തീക മാന്ദ്യത്തിനു ശേഷം സാമ്പത്തീക മേഖലയുടെ പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങളും; യൂറോപ്യന്‍ രാജ്യങ്ങളുടെ സംയുക്ത പ്രവര്‍ത്തന വേദി നേരിടുന്ന വെല്ലുവിളികള്‍; ലോക സമാധാനത്തിനായുള്ള അന്വേഷണത്തില്‍ മതങ്ങള്‍ നല്‍കുന്ന സംഭാവന എന്നീ വിഷയങ്ങളെക്കുറിച്ച് സമ്മേളനം പഠനം നടത്തി.








All the contents on this site are copyrighted ©.