2012-04-28 14:09:00

അന്ധതയെക്കുറിച്ചുള്ള അന്താരാഷ്ട്ര പഠനശിബിരം വത്തിക്കാനില്‍


27 ഏപ്രില്‍ 2012, ന്യൂയോര്‍ക്ക്
അന്ധതയെക്കുറിച്ചുള്ള അന്താരാഷ്ട്ര പഠനശിബിരം ആരോഗ്യപ്രവര്‍ത്തകരുടെ അജപാലനശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ മെയ് 4-5 തിയതികളില്‍ വത്തിക്കാനില്‍ നടക്കും. അന്ധനായ വ്യക്തി ക്രിസ്തുവിനോട്: “ഗുരോ, എനിക്കു കാഴ്ച്ച വീണ്ടു കിട്ടണം.”(മാര്‍ക്കോസ് 10:51) എന്നു പറയുന്ന സുവിശേഷഭാഗമാണ് പഠനശിബിരത്തിന്‍റെ പ്രമേയം. അശരണരായ രോഗികളെ സഹായിക്കുന്നതിനുവേണ്ടി വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 2004ല്‍ സ്ഥാപിച്ച നല്ല ശമരിയാക്കാരന്‍റെ (Good Samaritan Foundation) നാമധേയത്തിലുള്ള സ്ഥാപനമാണ് സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നത്. അന്ധത പ്രതിരോധിക്കാനും അന്ധര്‍ക്കും കാഴ്ച്ചകുറവുള്ളവര്‍ക്കും നവീന ചികിത്സാമാര്‍ഗ്ഗങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് സമ്മേളനം വിശകലനം ചെയ്യും. കാഴ്ച്ചയില്ലാത്തവര്‍ക്കു സൗജന്യ വൈദ്യസഹായം നല്‍കുന്നതിന് അന്തര്‍ദേശീയ, ദേശീയ, പ്രാദേശിക സ്ഥാപനങ്ങളുടെ സഹകരണത്തോടെയുള്ള അജപാലന പദ്ധതികളെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.








All the contents on this site are copyrighted ©.