2012-04-25 14:21:09

സുഡാന്‍ അതിര്‍ത്തിപ്രശ്നം പരിഹരിക്കാന്‍ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് ലോറോ


25 ഏപ്രില്‍ 2012, ജൂബ
ആഫ്രിക്കന്‍ രാജ്യങ്ങളായ സുഡാന്‍റേയും ദക്ഷിണസുഡാന്‍റേയും അതിര്‍ത്തി വ്യക്തമായി നിര്‍ണ്ണയിക്കാന്‍ അന്താരാഷ്ട്രസമൂഹം സഹായിക്കണമെന്ന് ദക്ഷിണസുഡാനിലെ ജൂബ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് പൗലീനോ ലൂക്കൂഡു ലോറോ. ഫീദെസ് വാര്‍ത്താ ഏജന്‍സിക്കനുവദിച്ച അഭിമുഖത്തിലാണ് ആര്‍ച്ചുബിഷപ്പ് ഇപ്രകാരം പ്രസ്താവിച്ചത്. ഹെഗ്ലിങ്ങ് എണ്ണപ്പാടത്തിനുവേണ്ടി ഇരുരാജ്യങ്ങളും ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് ആര്‍ച്ചുബിഷപ്പ് തന്‍റെ ഉത്കണ്ഠ വെളിപ്പെടുത്തിയത്. ദക്ഷിണസുഡാനിലെ ജനങ്ങള്‍ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എണ്ണപ്പാടം സ്വന്തമാക്കാനുള്ള സാമ്പത്തീക താല്‍പര്യം മാത്രമാണ് ആക്രമണങ്ങള്‍ക്കു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഇരുരാഷ്ട്രങ്ങളുടേയും അതിര്‍ത്തികളെക്കുറിച്ച് വസ്തു നിഷ്ഠമായി വിലയിരുത്തി വ്യക്തമായ അതിര്‍ത്തി നിര്‍ണ്ണയം നടത്താന്‍ അന്താരാഷ്ട്ര പ്രതിനിധികള്‍ സഹായിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പോരാട്ടം രൂക്ഷമായിരിക്കുന്ന മേഖലകളില്‍ നിന്നു കൂട്ടപലായനം ചെയ്യുന്ന ജനങ്ങളുടെ സുരക്ഷയെക്കുറിച്ചും ആര്‍ച്ചുബിഷപ്പ് ആശങ്ക രേഖപ്പെടുത്തി. മഴക്കാലം ആരംഭിച്ചിരിക്കുന്നതിനാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ദുഷ്ക്കരമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.








All the contents on this site are copyrighted ©.