2012-04-25 14:20:29

പേപ്പല്‍ സന്ദര്‍ശനം: ലെബനോനില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു.


25 ഏപ്രില്‍ 2012, റോം
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സെപ്തംബര്‍ 14 മുതല്‍ 16 വരെ ലെബനോനിലേക്കു നടത്തുന്ന അപ്പസ്തോലിക പര്യടനത്തിനായുള്ള ഒരുക്കങ്ങള്‍ അന്നാട്ടില്‍ ആരംഭിച്ചു കഴിഞ്ഞു. വലിയ ആവേശത്തോടെയാണ് ലെബനോന്‍ ജനത മാര്‍പാപ്പയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതെന്ന് പേപ്പല്‍ പര്യടനത്തിന്‍റെ സംഘാടക സമിതിയംഗം ഫാദര്‍ മാര്‍വാന്‍ താബെറ്റ് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ പ്രസ്താവിച്ചു. പേപ്പല്‍ സന്ദര്‍ശനത്തിന്‍റെ വിശദാംശങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റോമിലെത്തിയ ഫാദര്‍ താബെറ്റ് മധ്യപൂര്‍വ്വദേശത്തു നിന്നും ഉത്തരാഫ്രിക്കയില്‍ നിന്നുമുള്ള നിരവധി പ്രതിനിധികള്‍ മാര്‍പാപ്പയെ വരവേല്‍ക്കാന്‍ ലെബനോനില്‍ ഉണ്ടായിരിക്കുമെന്നും അറിയിച്ചു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1997ല്‍ നടത്തിയ പര്യടനത്തിന്‍റെ ആഹ്ലാദസ്മരണയിലാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ സ്വീകരിക്കാന്‍ രാജ്യമൊരുങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സിറിയയിലെ സംഘര്‍ഷാവസ്ഥയും അറബു വസന്തത്തിന്‍റെ യഥാര്‍ത്ഥ ഫലം എന്തായിരിക്കുമെന്ന ആശങ്കയും ലെബനനെ പ്രതികൂലമായി ബാധിക്കുന്ന പശ്ചാത്തലത്തില്‍ മാര്‍പാപ്പയുടെ സന്ദര്‍ശനം അതി പ്രസക്തമാണെന്ന് ഫാദര്‍ താബെറ്റ് അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.