2012-04-24 16:16:50

സുഡാന്‍ അതിര്‍ത്തിയിലെ പോരാട്ടം : ക്രൈസ്തവര്‍ ഭീതിയില്‍


24 ഏപ്രില്‍ 2012, ഖാര്‍ത്തും – സുഡാന്‍
ആഫ്രിക്കന്‍ രാജ്യങ്ങളായ സുഡാനും ദക്ഷിണ സുഡാനും തമ്മില്‍ തുടരുന്ന രൂക്ഷ പോരാട്ടത്തില്‍ സുഡാനിലെ ക്രൈസ്തവര്‍ ഭയചകിതരാണെന്നു ഫീദെസ് വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തി. ക്രൈസ്തവ ഭൂരിപക്ഷമുള്ള ദക്ഷിണ സുഡാന്‍റെ ആക്രമണത്തിനു പ്രതികാരമായി സുഡാനിലെ ന്യൂനപക്ഷമായ ക്രൈസ്തവരുടെ ആരാധാനാലയങ്ങള്‍ക്കു നേരെ ആക്രണമം നടത്താന്‍ സുഡാന്‍ ട്രൈബ്യൂണ്‍ എന്ന ഇസ്ലാം തീവ്രവാദ സംഘം നിശ്ചയിച്ചുവെന്ന വാര്‍ത്തയാണ് ക്രൈസ്തവര്‍ക്കിടയില്‍ ഭീതി വളര്‍ത്തുന്നത്. തീവ്രവാദ സംഘം ഒരു ആംഗ്ലിക്കന്‍ ദേവാലയത്തിനു നേരെ നടത്തിയ ആക്രമണ ശ്രമം സുരക്ഷാ സൈന്യം പ്രതിരോധിച്ചുവെന്ന പ്രാദേശിക റിപ്പോര്‍ട്ടുകളും ഫീദെസ് വാര്‍ത്താ ഏജന്‍സി പ്രസിദ്ധീകരിച്ചു.

ഏപ്രില്‍ ഇരുപതാം തിയതി മുതല്‍ സുഡാനും ദക്ഷിണ സുഡാനും തമ്മില്‍ തുടരുന്ന രൂക്ഷ പോരാട്ടം യുദ്ധസമാനമായിരിക്കുകയാണ്. പോരാട്ടം അവസാനിപ്പിച്ചു സമാധാന ചര്‍ച്ചകള്‍ക്കു തയ്യാറാകണമെന്ന യു.എന്‍ അഭ്യര്‍ത്ഥന മാനിക്കാതെയാണ് സുഡാനും ദക്ഷിണ സുഡാനും ആക്രമണം തുടരുന്നത്. ഹെഗ്ലിങ് എണ്ണപ്പാടത്തിനു സമീപം ദക്ഷിണ സുഡാന്‍ വിന്യസിച്ചിരിക്കുന്ന സൈന്യത്തെ ഉടന്‍ പിന്‍വലിക്കണമെന്നും, ദക്ഷിണ സുഡാനില്‍ സുഡാന്‍ നടത്തുന്ന വ്യോമാക്രമണം അവസാനിപ്പിക്കണമെന്നും അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്നും സുഡാന്‍ സൈനീകരെ പിന്‍വലിക്കണമെന്നും ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടിരുന്നു.

വര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തര കലാപത്തെ തുടര്‍ന്ന് 2011 ജൂലായിലാണ് സുഡന്‍ വിഭജിച്ച് ദക്ഷിണ സുഡാനെന്ന സ്വതന്ത്രരാജ്യത്തിന് രൂപം നല്‍കിയത്.








All the contents on this site are copyrighted ©.