2012-04-24 16:16:10

വിനോദസഞ്ചാരം മത -സംസ്ക്കാരിക സംവാദത്തിനു വഴിതെളിക്കുന്നുവെന്ന് താലെബ് റിഫായി


24 ഏപ്രില്‍ 2012, കണ്‍കൂണ്‍ - മെക്സിക്കോ
വിനോദ സഞ്ചാരം മത -സംസ്ക്കാരിക സംവാദത്തിനു വഴിതെളിക്കുമെന്ന് ലോക വിനോദ സഞ്ചാര സംഘടനയുടെ സെക്രട്ടറി ജനറല്‍ താലെബ് റിഫായി. മെക്സിക്കോയിലെ കണ്‍കൂണില്‍ നടക്കുന്ന ഏഴാം അന്തര്‍ദേശീയ വിനോദസഞ്ചാര അജപാലന കോണ്‍ഗ്രസിന് നല്‍കിയ വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്. ജനതകളും സംസ്ക്കാരങ്ങളും മതങ്ങളും തമ്മിലുള്ള സംവാദം പ്രോത്സാഹിപ്പിക്കാനും സമൂഹങ്ങളുടെ സഹകരണം വര്‍ദ്ധിപ്പിക്കാനും വിനോദസഞ്ചാരം കാരണമായിട്ടുണ്ട്. സമൂഹങ്ങള്‍ക്കിടയിലുള്ള മുന്‍വിധികളും ശത്രുതാമനോഭാവവും കുറയ്ക്കാനും അതു സഹായകമായിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ മതപരമായ വിനോദ സഞ്ചാരം പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരം ജനതകളുടെ ആത്മീയവും സാംസ്ക്കാരീകവുമായ ഉന്നമനത്തിനു സഹായകമാകുന്നത് എങ്ങനെയെന്നു കൂടുതല്‍ വ്യക്തമായി വിലയിരുത്താനും ഈ മേഖലയില്‍ പുതിയ പദ്ധതികള്‍ക്കു രൂപം നല്‍കാനും സമ്മേളനത്തിനു സാധിക്കട്ടെയെന്ന് താലെബ് റിഫായി ആശംസിച്ചു.
23ാം തിയതി തിങ്കളാഴ്ച ആരംഭിച്ച സമ്മേളനം 27ാം തിയതി വെള്ളിയാഴ്ച സമാപിക്കും.








All the contents on this site are copyrighted ©.