2012-04-24 16:16:00

വിനോദസഞ്ചാര മേഖലയില്‍ നവീന അജപാലന പദ്ധതികള്‍


24 ഏപ്രില്‍ 2012, കണ്‍കൂണ്‍ - മെക്സിക്കോ
വിനോദ സഞ്ചാരമേഖലയിലെ അജപാലന ശുശ്രൂഷയ്ക്കു പ്രാദേശിക സഭകള്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് കുടിയേറ്റക്കാര്‍ക്കും യാത്രികര്‍ക്കും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ അന്തോണിയോ മരിയ വെല്ലിയോ. മെക്സിക്കോയിലെ കണ്‍കൂണില്‍ നടക്കുന്ന ഏഴാം അന്തര്‍ദേശീയ വിനോദസഞ്ചാര അജപാലന കോണ്‍ഗ്രസില്‍ പ്രാരംഭ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. 2011ല്‍ 980 ദശ ലക്ഷം വിനോദസഞ്ചാരികള്‍ അന്തര്‍ദേശീയ യാത്രകള്‍ നടത്തിയെന്ന ലോക വിനോദ സഞ്ചാര സംഘടനയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയ കര്‍ദിനാള്‍, വിനോദസഞ്ചാര മേഖലയില്‍ നല്ലതും മോശമായതുമായ വശങ്ങളുണ്ടെന്നും വിശദീകരിച്ചു. ഈ മേഖലയിലെ നല്ല കാര്യങ്ങള്‍ ശക്തിപ്പെടുത്തുകയും മോശമായവ തിരുത്തുകയും വേണം.
വിനോദസഞ്ചാര മേഖലയില്‍ കത്തോലിക്കാ സഭയുടെ അജപാലന ശുശ്രൂഷ ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത് പൊതുവായ വിനോദസഞ്ചാരം, മതപരമായ വിനോദസഞ്ചാരം, ക്രൈസ്തവരുടെ വിനോദ സഞ്ചാരം എന്നിങ്ങനെ മൂന്നു മേഖലകളിലായാണ്. വിനോദ സഞ്ചാരമേഖലയിലെ അജപാലന ശുശ്രൂഷയ്ക്കു വേണ്ടത്ര പ്രാധാന്യം പലയിടങ്ങളിലും ലഭിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയ കര്‍ദിനാള്‍ വെല്ലിയോ, പ്രാദേശിക സഭകള്‍ ഇക്കാര്യം ഗൗരവപൂര്‍വ്വം പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.
മതപരമായ വിനോദ സഞ്ചാരത്തിന്‍റെ പ്രത്യേകതകള്‍ ആദരിക്കുന്ന സന്ദര്‍ശന പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ അന്തര്‍ദേശീയ, ദേശീയ ഭരണാധികാരികളെ കര്‍ദിനാള്‍ ക്ഷണിച്ചു.








All the contents on this site are copyrighted ©.