2012-04-21 10:55:13

സഭയുടെ സജീവ പാരമ്പര്യത്തില്‍
വചനം എന്നും ജീവിക്കുമെന്ന് മാര്‍പാപ്പ


20 ഏപ്രില്‍ 2012, വത്തിക്കാന്‍
സഭയുടെ സജീവ പാരമ്പര്യത്തില്‍ ദൈവവചനം ഇന്നും വളരുകയും വെളിപ്പെടുത്തപ്പെടുകയും ചെയ്യുന്നുവെന്ന്, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ.
വത്തിക്കാനില്‍ ചേര്‍ന്നിരിക്കുന്ന പൊന്തിഫിക്കല്‍ ബൈബിള്‍ കമ്മിഷന്‍റെ സമ്പൂര്‍ണ്ണ സമ്മേളനത്തിന് ഏപ്രില്‍ 20-ാം തിയതി വെള്ളിയാഴ്ച നല്കിയ സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്.
വിശുദ്ധ ഗ്രന്ഥത്തിന്‍റെ ‘ദൈവനിവേശിത സ്വഭാവവും സത്യാത്മകതയും’ എന്ന പ്രമേയവുമായിട്ടാണ് പൊന്തിഫിക്കല്‍ ബൈബില്‍ കമ്മിഷന്‍റെ സമ്മേളനം പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ വില്യം ലവാദയുടെ അദ്ധ്യക്ഷതയില്‍ വത്തിക്കാനില്‍ ചേര്‍ന്നിരിക്കുന്നത്.
ബൈബിള്‍ പഠനത്തിന്‍റെയും നിരൂപണത്തിന്‍റെയും ശരിയായ മാനങ്ങള്‍ കണ്ടെത്തുവാന്‍ വിശുദ്ധ ഗ്രന്ഥം ദൈവനിവേശിതമാണെന്ന അടിസ്ഥാന സത്യം മറന്നുപോകരുതെന്ന് പാപ്പ സമ്മേളനത്തെ അനുസ്മരിപ്പിച്ചു.

ദൈവം വെളിപ്പെടുത്തിത്തന്ന തിരുവെഴുത്ത് നിര്‍ജ്ജീവ നിക്ഷേപമല്ല,
മറിച്ച് ജീവിക്കുന്ന സഭാ പാരമ്പര്യത്തിലൂടെയും വ്യാഖ്യാനങ്ങളിലുടേയും ഇന്നും ജീവിക്കുന്നുവെന്നും പാപ്പാ സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.
പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായ അപ്പോസ്തലന്മാരിലൂടെ നമുക്കു കിട്ടിയ വചനം വിശ്വാസികളുടെ വിശ്വസ്തമായ ധ്യാനത്തിലൂടെയും പഠനത്തിലൂടെയുമാണ് ഇനിയും ജീവിക്കേണ്ടതെന്ന തന്‍റെ തനിമയാര്‍ന്ന
ചിന്ത പാപ്പാ പങ്കുവച്ചു.








All the contents on this site are copyrighted ©.