2012-04-18 19:16:27

ഫാദര്‍ ജെയിക്കബ്
സ്രാമ്പിക്കലിന് അന്ത്യാഞ്ജലി


18 ഏപ്രില്‍ 2012, റോം
ഭാരതത്തിന്‍റെ കത്തോലിക്കാ ആശയവിനിമയ ശാസ്ത്ര ഗുരു,
ജേക്കബ് സ്രാമ്പിക്കലിന് അന്ത്യാഞ്ജ്ജലി. റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റിയില്‍ മാധ്യമ വിഭാഗം പ്രഫസറായി ജോലിചെയ്തിരുന്ന ഈശോ സഭാംഗം ഫാദര്‍ സ്രാമ്പിക്കല്‍ മസ്തിഷ്ക്കാഘാതം മൂലമാണ് ഏപ്രില്‍ 14-ാം തിയതി രാവിലെ ഓസ്ട്രിയയില്‍വച്ച് മരണമടഞ്ഞത്. വിശുദ്ധവാര അജപാലന ശുശ്രൂഷയ്ക്കായി ഓസ്ട്രിയായില്‍ എത്തിയതായിരുന്ന ഫാദര്‍ സ്രാമ്പിക്കല്‍.
62-വയസ്സുള്ള ഫാദര്‍ സ്രാമ്പിക്കല്‍ കേരളത്തിലെ കണ്ണൂര്‍ ജില്ലയില്‍ ആലക്കോടു സ്വദേശിയും ഈശോ സഭയുടെ പട്ന പ്രോവിന്‍സ് അംഗവുമാണ്.
കത്തോലിക്കാ മാധ്യമ പ്രവര്‍ത്തകുരുടെ ആഗോള സംഘടനായ സീഗ്നിസിന്‍റെ (Signis) ദേശീയ പ്രസിഡന്‍റായും ഏഷ്യന്‍ പ്രസിഡന്‍റായും സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള പൊന്തിഫക്കല്‍ കൗണ്‍സില്‍ അംഗമായും ഫാദര്‍ സ്രാമ്പിക്കല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ദേശീയ മെത്രാന്‍ സമിതിയുടെ കീഴിലുള്ള മാധ്യമ പരിശീലന സ്ഥാപനമായ നിസ്ക്കോര്‍ട്ടിന്‍റെ (National Institute of Social Communications and Research Training) സ്ഥാപക ഡയറക്ടറാണ് ഫാദര്‍ സ്രാമ്പിക്കല്‍.
ജൂണില്‍ വീണ്ടും നിസ്ക്കോര്‍ട്ടിന്‍റെ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കാനിരിക്കെയാണ് അദ്ദേഹത്തിന്‍റെ അന്ത്യം.

ആശയവിനമയ ശാസ്ത്രത്തെയും മാധ്യമ പഠനത്തെയും അധികരിച്ചുള്ള
15 ഗ്രന്ഥങ്ങളുടെ കര്‍ത്താവും ‘കമ്പാനിയന്‍’ എന്ന ഇംഗ്ലിഷ് മാസികയുടെ ഉപജ്ഞാതാവുമാണ് ഫാദര്‍ സ്രാമ്പിക്കല്‍. ഇംഗ്ലണ്ടിലെ ലീഡ്സ് യൂണിവേഴ്സിറ്റിയില്‍നിന്നും ആശയവിനമയ ശാസ്ത്രത്തില്‍ ഡോക്ടര്‍ ബിരുദവും പൂന അക്കാഡമിയില്‍നിന്നും ചലച്ചിത്ര ശാസ്ത്രത്തില്‍ ഉപരിപഠനവും നടത്തിയിട്ടുള്ള ഫാദര്‍ സ്രാമ്പിക്കല്‍, ഭാരതത്തിലെ കത്തോലിക്കാ മാധ്യമ പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറ പാകിയ വ്യക്തിയാണ്.

ഏപ്രില്‍ 20-ാം തിയതി വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 10.30-ന് റോമിലെ വിശുദ്ധ ഇഗ്നേഷ്യസിന്‍റെ ദേവാലയത്തില്‍വച്ച് നടത്തപ്പെടുന്ന അന്തിമോപചാര ശുശ്രൂഷയ്ക്കുശേഷം ഫാദര്‍ സ്രാമ്പിക്കലിന്‍റെ ഭൗതീകാവശിഷ്ടങ്ങള്‍ റോമില്‍ സംസ്ക്കരിക്കും.








All the contents on this site are copyrighted ©.