2012-04-16 20:18:04

ദൈവിക കാരുണ്യത്തിന്‍റെ ജ്വാല ലോകത്ത് കത്തിപ്പടരട്ടെ!
ത്രികാല പ്രാര്‍ത്ഥനാസന്ദേശം


16 ഏപ്രില്‍ 2012, വത്തിക്കാന്‍
ഓരോ വര്‍ഷവും നാം പെസഹാ ആഘോഷിക്കുമ്പോള്‍ ഉത്ഥിതനെ നേരില്‍ കണ്ട ക്രിസ്തുവിന്‍റെ ശിഷ്യന്മാരുടെ അനുഭവങ്ങള്‍ നമ്മുടെയും ജീവിതങ്ങളില്‍ പുനഃരാവഷ്ക്കരിക്കുകയാണ്. ക്രിസ്തുവിന്‍റെ മരണശേഷം, യഹൂദരോടുള്ള ഭീതിമൂലം ജരൂസലേമിലെ മേല്‍മുറിയില്‍ ശിഷ്യന്മാര്‍ കതകടച്ചിരിക്കുകയായിരുന്നു. ആഴ്ചയുടെ ആദ്യ ദിവസത്തെ സന്ധ്യയിലും, പിന്നെ എട്ടു ദിവസങ്ങള്‍ക്കു ശേഷവും ഉത്ഥിതനായ ക്രിസ്തു തന്‍റെ ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെട്ടുവെന്ന് യോഹന്നാന്‍ സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നു. (യോഹന്നാന്‍ 20, 19, 26). ഉത്ഥിതന്‍ പ്രത്യക്ഷപ്പെട്ട ആഴ്ചയുടെ ആദ്യദിനത്തെയാണ് ‘ഞായര്‍’ എന്നു പിന്നീട് വിളിക്കപ്പെട്ടത്.

അത് കര്‍ത്താവിന്‍റെ ദിവസവും കൂട്ടായ്മയുടെ സുദിനവുമാണ്. യഹൂദരുടെ സാബത്ത് ആചരണത്തില്‍നിന്നും ഏറെ വ്യത്യസ്തവും നൂതനവുമായ കൂട്ടായ്മയുടെ വിശുദ്ധമായ ദിനമായിത്തീര്‍ന്നു അങ്ങനെ ഞായറാഴ്ചകള്‍.
കര്‍ത്താവിന്‍റെ ദിവസം – അല്ലെങ്കില്‍ ഞായര്‍ ആചരണം ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ക്രിസ്തുവിന്‍റെ ഉത്ഥാനത്തിന്‍റെ പ്രകടമായ സാക്ഷൃമാണ്. യഹൂദരുടെ ഇടയില്‍ നിലനിന്നിരുന്ന പരമ്പതാഗതവും പുരാതനവുമായ സാബത്താചരണത്തിന് പകരം വയ്ക്കുവാന്‍, അനിതരസാധാരണമായ മറ്റൊരു സംഭവത്തിനു മാത്രമേ സാധിക്കുമായിരുന്നു, ആ മഹല്‍സംഭവമാണ് ക്രിസ്തുവിന്‍റെ തിരുവുത്ഥാനം!

ക്രൈസ്തവ ആരാധനക്രമവും ഞായര്‍ ആചരണവും കഴിഞ്ഞ സംഭവങ്ങളുടെ അനുസ്മരണയല്ല,. നിഗൂഢമായ ആത്മീയ ആചാരങ്ങളുടെ പൊതുവായ അനുഭവവുമല്ല അത്. തിരുവെഴുത്തുകളിലൂടെ ഇന്നും നമ്മോടു സംഭാഷിക്കുകയും നിത്യജീവന്‍റെ അന്നപാനങ്ങള്‍ നമുക്കായി പകുത്തു നല്കുകയും ചെയ്യുന്ന, സ്ഥലകാല സീമകള്‍ക്കതീതമായ ഉത്ഥിതനായ ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയാണ് ക്രൈസ്തവ ആരാധനക്രമം, പരിശുദ്ധ ദിവ്യകാരുണ്യം. ശിഷ്യന്മാര്‍ക്കുണ്ടായ പോലുള്ള അവിടുത്തെ ശരീരത്തിന്‍റെ സ്പര്‍ശമോ ഭൗമിക സാന്നിദ്ധ്യമോ ദിവ്യബലിയില്‍ നമുക്കില്ലെങ്കിലും, കൂദാശകളുടെ അടയാളങ്ങളിലൂടെ ഉത്ഥിതന്‍റെ സാന്നിദ്ധ്യവും അനുഭവവും ആത്മീയമായി ഇന്നും ക്രൈസ്തവ സമൂഹങ്ങളില്‍ പുനര്‍ജീവിക്കപ്പെടുകയാണ്, പുനഃരാവിഷ്ക്കരിക്കപ്പെടുകയാണ്.

ജരൂസലേമിലെ മേല്‍മുറിയില്‍ ക്രിസ്തു തന്‍റെ ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെട്ട സംഭവം വളരെ ശ്രദ്ധേയമാണ്. അവിടുന്ന് ആവര്‍ത്തിച്ചവര്‍ത്തിച്ച് അവരോടു പറഞ്ഞത് “നിങ്ങള്‍ക്കു സമാധാനം,” എന്നാണ് (യോഹന്നാന്‍ 20, 19, 20, 21, 26).
ഹെബ്രായരുടെ പരമ്പതാഗതമായ ‘ശാലോം,’ സമാധാനാശംസയ്ക്ക് ക്രിസ്തു ഒരു നവമാനം നല്കി. കാരണം തിന്മയുടെമേല്‍ അടിസ്ഥാനപരമായി അവിടുന്നു കൈവരിച്ച വിജയത്തിന്‍റേയും അവിടുത്തേയ്ക്കു മാത്രം നല്കാനാവുന്നതുമായ നവമായ സമാധാനത്തിന്‍റേയും ആശംസയായിരുന്നു അത്.

തന്‍റെ പിതാവിനോടുള്ള സ്നേഹത്തെപ്രതി കാല്‍വരിയിലെ കുരിശില്‍ നടത്തിയ ആത്മസമര്‍പ്പണത്തില്‍നിന്നും ഉതിര്‍ക്കൊള്ളുന്നതാണ്, ക്രിസ്തു തന്‍റെ ശിഷ്യന്മാര്‍ക്കായി ആശംസിച്ച സമാധാനം. ലോക രക്ഷയ്ക്കായി രക്തംചിന്തിയ വിനീതനും കരുണാര്‍ദ്രനുമായ ദിവ്യകുഞ്ഞാടാണ് ക്രിസ്തു.
വചനം മാസംമായി നമ്മുടെ ഇടയില്‍ വസിച്ചു അവിടുത്തെ മഹത്വം നമ്മള്‍ ദര്‍ശിച്ചു – കൃപയും സത്യവുംനിറഞ്ഞ ദൈവപുത്രന്‍റെ മഹത്വം ക്രിസ്തു നമുക്കായി വെളിപ്പെടുത്തി, (യോഹന്നാന്‍ 1, 14) എന്നാണ് വിശുദ്ധ യോഹന്നാന്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ ആത്മീയ ധാരണയിലും വിശ്വാസത്തിലുമാണ് വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, ഉത്ഥാനമഹോത്സവം കഴിഞ്ഞുവരുന്ന ഞായറിനെ, ദൈവീക കാരുണ്യത്തിന്‍റെ ഞായര്‍ എന്നു വിശേഷിപ്പിച്ചത്.
വിശുദ്ധ യോഹന്നാന്‍ സാക്ഷൃപ്പെടുത്തുന്നതുപോലെ,
മനുഷ്യരക്ഷയ്ക്കായി കുരിശില്‍ കിടന്നുകൊണ്ട് തന്‍റെ ഹൃദയപാര്‍ശ്വം തുറന്ന്,
രക്തവും ജലവുമൊഴുക്കിയ ക്രിസ്തുവിന്‍റെ പ്രതിച്ഛായ മനസ്സില്‍ ധ്യാനിച്ചു കൊണ്ടായിരുന്നിരിക്കണം, പുണ്യശ്ലോകനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ദൈവിക കാരുണ്യത്തിന്‍റെ ഭക്തി the Piety of Divine Mercy സഭയില്‍ ആരംഭിച്ചതും പരിപോഷിപ്പിച്ചതും (യോഹന്നാന്‍ 19,34-37).
ക്രിസ്തു ഉത്ഥിതനാണ്. അവിടുത്തെ പുനരുത്ഥാന പ്രഭയില്‍നിന്നാണ് ദൈവിക കാരുണ്യത്തിന്‍റേയും നവജീവന്‍റേയും കൂദാശകള്‍ പൊട്ടിപ്പുറപ്പെടുന്നത്. വിശ്വാസത്തോടെ കൂദാശകള്‍ സ്വീകരിക്കുന്നവര്‍ക്ക് ദൈവീക കാരുണ്യത്തിലൂടെ നിത്യജീവന്‍ സമ്മാനമായി ലഭിക്കുന്നു.

പ്രിയ സഹോദരീ സഹോദരന്മാരേ, ഉത്ഥിതനായ ക്രിസ്തുവിന്‍റെ സമാധാനം നിങ്ങള്‍ സ്വീകരിക്കുക. അവിടുത്തെ കാരുണ്യം നിങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കട്ടെ. ക്രിസ്തുവിനെ മരിച്ചവരില്‍നിന്നും ഉയിര്‍പ്പിച്ച പരിശുദ്ധാത്മാവിന്‍റെ ഫലങ്ങള്‍ സ്വീകരിക്കുവാന്‍ ഈ പെസഹാകാല ദിനങ്ങള്‍ നമ്മെ പ്രാപ്തരാക്കട്ടെ. ദിവ്യകാരുണ്യത്തിന്‍റെ അമ്മയായ പരിശുദ്ധ കന്യമാ മറിയവും നമുക്ക് തുണയായിരിക്കട്ടെ.
ക്രിസ്തു തന്‍റെ ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ട സംഭവവും, തോമാസ്ലീഹായുടെ ഉത്ഥിതനിലുള്ള സംശയ നിവാരണവുമാണ് ഇന്നത്തെ സുവിശേഷത്തിലെ പരാമര്‍ശം. ഉത്ഥിതനായ യേശുവിന്‍റെ കാരുണ്യത്താല്‍, അവിടുന്ന് കര്‍ത്താവും നാഥനുമാണെന്ന് ഏറ്റുപറയുവാനും അവിടുന്നില്‍ വിശ്വസിക്കുവാനും, അവിടുത്തെ നാമത്തിന്‍റെ സാക്ഷികളായി ജീവിക്കുവാനും ഏവര്‍ക്കും സാധിക്കട്ടെ. തന്‍റെ മുറിപ്പെട്ട ഹൃദയപാര്‍ശ്വം മനുഷ്യര്‍ക്കായി തുറന്നിട്ട ക്രിസ്തു ലോക സമാധാനത്തിനും സന്തോഷത്തിനുമുള്ള ദൈവിക കാരുണ്യത്തിന്‍റെ വറ്റാത്ത ശ്രോതസ്സായിരിക്കട്ടെ, എന്നും പാപ്പാ ആശംസിച്ചു.
“ദൈവിക കാരുണ്യത്തിന്‍റെ ജ്വാല ലോകത്ത് കത്തിപ്പടരട്ടെ,” തന്‍റെ മുന്‍ഗാമിയുടെ വാക്കുകളില്‍ ആശംസിച്ചുകൊണട് പ്രഭാഷണം അവസാനിപ്പിച്ചു.
Extract of the Angelus Message 15th April 2012.








All the contents on this site are copyrighted ©.