2012-04-15 11:15:55

സുവിശേഷപരിചിന്തനം
15 ഏപ്രില്‍ 2012
മലങ്കര റീത്ത്


വി. യോഹന്നാന്‍ 20, 19-22

RealAudioMP3 ഴ്ചയുടെ ആദ്യ ദിവസമായ അന്നു വൈകീട്ട് ശിഷ്യന്മാര്‍ യഹൂദരെ ഭയന്ന് കതകടച്ചിരിക്കവേ, ക്രിസ്തു പ്രത്യക്ഷപ്പെട്ട് അവരുടെ മദ്ധ്യേനിന്ന് പറഞ്ഞു, “നിങ്ങള്‍ക്കു സമാധാനം!” എന്നിട്ട് അവിടുന്ന് തന്‍റെ കൈകളും പാര്‍ശ്വങ്ങളും അവരെ കാണിച്ചു.
ഇത് വി. യോഹന്നാന്‍റെ സാക്ഷൃമാണ്.

എങ്ങനെ ആയിരിക്കും ഉത്ഥിതന്‍ നമ്മുടെയും ജീവിതത്തില്‍ ഇടപെടുന്നത്, എന്നതിനുള്ള നല്ല അക്ഷരസാക്ഷൃമാണ് ഇന്നത്തെ സുവിശേഷം. ക്രിസ്തു കൊല്ലപ്പെട്ടു. എന്നാല്‍ ഉത്ഥാനംചെയ്തു. അവിടുത്തെ കുറിച്ചുള്ള നിറംപിടിപ്പിച്ചതും യഥാര്‍ത്ഥ്യവുമായ കഥകള്‍ ചുറ്അറും ഒരുമിച്ച് ഉയര്‍ന്നു പൊങ്ങുമ്പോള്‍ ക്രിസ്തു സ്നേഹിച്ച ശിഷ്യന്മാര്‍ക്ക് അവിടുത്തെ സജീവസാന്നിദ്ധ്യം കൈവിട്ടുപോയി. ഇന്നലെവരെ ക്രിസ്തു കയ്യൈത്താ ദൂരത്തായിരുന്നു. തൊടാവുന്ന ദൂരത്തായിരുന്നു, കേള്‍ക്കാവുന്ന അകലെയായിരുന്നു. എന്നാല്‍ കുരിശുമരണത്തോടെ ക്രിസ്തു മെല്ലെ അവിടുത്തെ ശിഷ്യന്മാരുടെ സ്മൃതിപഥത്തില്‍നിന്നും മറയുകയാണ്.

ക്രിസ്തുവിന്‍റെ മരണശേഷം അപ്പോസ്തല പ്രമുഖനായ പത്രോസ് ആദ്യം ഇങ്ങനെയല്ലേ പറഞ്ഞത്, “ഞാന്‍ മീന്‍ പിടിക്കുവാന്‍ പോകയാണ്.” എന്നാല്‍ ഓര്‍ക്കണം മീന്‍ പിടിക്കാന്‍ പോയവരുടെ മദ്ധ്യത്തിലേയ്ക്ക് വ്യക്തമായ നിയോഗവുമായിട്ടാണ്‍ ക്രിസ്തു കടന്നു ചെന്നത്, ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം.
ഭയന്ന് കതകടച്ച്, ഓളിച്ചിരുന്നവരുടെ മദ്ധ്യത്തിലേയ്ക്കും അവിടുന്ന് സമാധാന ആശംസയുമായി കടന്നു ചെന്നില്ലേ. ക്രിസ്തുവിന്‍റെ സാന്നിദ്ധ്യാവബോധം കൈവിട്ടു പോകുമ്പോഴാണ് നാം നമ്മുടെ പഴയ വഴികളിലേയ്ക്ക് പോയി വഞ്ചിയും വലയും എടുക്കുന്നത്.

ആര്‍ക്കും സംഭവിക്കാവുന്ന ദുരന്തമാണിത്. വലിയ നിയോഗങ്ങളിലേയ്ക്ക് ക്രിസ്തു കൂട്ടിക്കൊണ്ടു വന്നവര്‍ക്ക് അവന്‍റെ കൈവരലുകള്‍ കൈവിട്ടു പോകുമ്പോള്‍ തങ്ങള്‍ ഉപേക്ഷിച്ച അതേ വഴികളിലേയ്ക്കും ചെറിയ കര്‍മ്മങ്ങളിലേയ്ക്കും മനസ്സുകൊണ്ടെങ്കിലും പിന്‍ വാങ്ങേണ്ടി വരുന്ന അവസ്ഥ ശോചനീയമാണ്. ഉപേക്ഷിച്ച വഴികളിലേയ്ക്ക് ഭീരുക്കളായി തിരിച്ചു പോകുന്ന ശിഷ്യന്മാര്‍. എന്നിട്ടും അവരുടെ പാഴായിപ്പോകുന്ന പടവുകളിലേയ്ക്ക് ഉത്ഥിതനായ ക്രിസ്തു കടന്നു ചെന്നു. ഉഷസ്സാകുമ്പോള്‍ ക്രിസതു അവരുടെ ജീവിതങ്ങളിലെന്നപോലെ ഇനി നമ്മുടേയും ജീവിതങ്ങളിലേയ്ക്കും കടന്നുവരും. നമ്മുടെ പാഴായിപ്പോകുന്ന അദ്ധ്വാനങ്ങളിലേയ്ക്കും ഉതിര്‍ന്നു വീഴുന്ന കണ്ണീരിലേയ്ക്കും വിയര്‍പ്പിലേയ്ക്കും ക്രിസ്തു കടന്നു വരും. ഉഷസ്സിന്‍റെ കതിരൊളിപോലെ പുലര്‍കാല സൂര്യനെപ്പോലെ ക്രിസ്തു കടന്നു വരും. നഷ്ടബോധ്യത്തിന്‍റെയും ജീവിത പരാജയത്തിന്‍റെയും ഭൂമികയില്‍ ഒളിച്ചിരിക്കുന്നവരുടെ പക്കലേയ്ക്ക് ഉത്ഥിതന്‍ ഉദയസൂര്യനെപ്പോലെ കടന്നു വരും. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇതുപോലെ വിഫലബോധ്യത്തിന്‍റെ കനല്‍പൊള്ളള്‍ അറിയാത്തവരുണ്ടോ.

വിതച്ചിട്ട് ഭൂമി ഫലം തരാതിരിക്കുമ്പോള്‍ മാത്രമല്ല വിഫലബോധം. ഒത്തിര പ്രാര്‍ത്ഥിച്ചിട്ട് നിങ്ങളുടെ പ്രാര്‍ത്ഥന ഭൂമി വിഴുങ്ങുകയുടം ആകാശം തടയുകയും ചെയ്യുമ്പോള്‍, ഒത്തിരി കാത്തിരുന്നിട്ട് നിങ്ങള്‍ക്കെതിരായി വാതിലുകള്‍ കൊട്ടിയടയ്ക്കപ്പെടുമ്പോള്‍, ഒത്തിരിപ്പേരുടെ കണ്ണീര്‍ തുടച്ചിട്ട് നിങ്ങളുടെ കണ്ണുനീര്‍ കാണാന്‍ ആരം ഇല്ലാതെ പോകുമ്പോള്‍. ഇങ്ങനെ മനുഷ്യന്‍ അനുഭവിക്കുന്ന അശാന്തിയുടെയും പാഴായിപോകുന്ന കര്‍മ്മങ്ങളുടേയും ഒക്കെ, എത്രയോ പൊള്ളുന്ന കഥകള്‍ ഓരോ ദിനാന്ത്യത്തിലും നമുക്ക് കുറിച്ചു വയ്ക്കാനുണ്ട്.
ഇത്തരം വിഫലബോധത്തിന്‍റെ പടവുകളിലേയ്ക്കാണ് ക്രിസ്തു എത്തുന്നത് – ഉത്ഥിതന്‍ കടന്നുവരുന്നത്. യോഹന്നാന്‍ കുറിക്കുന്ന ഉത്ഥാനാനന്തരമുള്ള ആറ് പ്രത്യക്ഷീകരണങ്ങളിലും അവിടുന്ന് ശിഷ്യന്മാരുടെ പക്കലേയ്ക്ക് കടന്നു ചെല്ലുകയും അവരുടെ വിശ്വാസത്തെ ബലപ്പെടുത്തുകയുമാണ്.

അവിടെ നാം ക്രി്സതുവിനെ ആദ്യമായി കണ്ടുമുട്ടുന്നു.
ശിഷ്യന്മാരുടെ പ്രതികരണങ്ങള്‍, പലപ്പോഴും സംശയത്തില്‍ ആരംഭിച്ച് തിരിച്ചറിയലില്‍ അവസാനിക്കുന്നു. തിരിച്ചറിയലിനെ സ്ഥീരപ്പെടുത്താന്‍ ക്രിസ്തു തന്‍റെ കരങ്ങളും പാര്‍ശ്വവും കാണിച്ചു കൊടുക്കുന്നു. തിരിച്ചറിയലിനുംശേഷം അല്ലെങ്കില്‍ ആത്മബന്ധത്തിന്‍റെ സ്ഥിരീകരണത്തിനുംശേഷം ക്രിസ്തു അവര്‍ക്ക് പ്രത്യേക ദൗത്യം നല്കുന്നുണ്ട്. ക്രിസ്തുവിന്‍റെ പ്രത്യക്ഷീകരണങ്ങളുടെ കേന്ദ്രബിന്ദുവാണ് ഈ ദൗത്യം നല്കല്‍.
നിങ്ങള്‍ ഭയപ്പെടരുത്. ലോകമെങ്ങും പോയി ഞാന്‍ പഠിപ്പിച്ച കാര്യങ്ങള്‍ അറിയിക്കുവിന്‍. പഴയ സന്ധ്യാപ്രാര്‍ത്ഥനയില്‍ ക്രൈസ്തവ ദൗത്യം ഏറ്റുപറയുന്ന ഭാഗമുണ്ടായിരുന്നു. “കര്‍ത്താവേ, ഇന്നും ജീവിക്കുന്നവനായ നിന്‍റെ സുവിശേഷം ഞങ്ങള്‍ വഹിക്കുകയും, സകല ജനങ്ങളുടേയും ഇടയിലേയ്ക്ക് ഞങ്ങള്‍ അതു എത്തിക്കുകയും, അവിടുത്തെ കല്പനയുടെ രഹസ്യങ്ങള്‍ പങ്കുവയ്ക്കുകയും ജീവിന്‍റേയും സന്തോഷത്തിന്‍റേയും വചനം ഞങ്ങള്‍ പ്രസംഗിക്കുകുയം ചെയ്യട്ടെ.”

ഇന്നത്തെ വചനം ഉത്ഥിതനായ ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസം പ്രഘോഷിക്കാനുള്ള ആഹ്വാനമാണ്. “നിങ്ങള്‍ക്ക് സമാധാനം”, എന്നതാണ് ഉത്ഥിതന്‍റെ ആദ്യത്തെ ആശംസ. സമാധാന ആശംസ സമാശ്വാസവും ധൈര്യവും പ്രത്യാശയും പകരുന്നതാണ്. ക്രിസ്തുവിന്‍റെ മനുഷ്യാവതാര ഉദ്ദ്യേശ്യം തന്നെ സമാധാനം സംസ്ഥാപിക്കുവാനാണ്. മനുഷ്യഹൃദയങ്ങല്‍‍ ശാശ്വത സമാധാനവും ദൈവിക സമാധാനവും പകരുന്നതിനും അനുരഞ്ജനത്തിന്‍റേയും രമ്യതയുടേയും സദ്വാര്‍ത്ത ലോകത്തെ അറിയിക്കുന്നതിനുമായിട്ടാണ് അവിടുന്ന് തന്‍റെ ശിഷ്യന്മാരെ അയച്ചത്.

ജീവിതത്തെ സുഖപ്രദവും സന്തോഷപ്രദവുമാക്കാന്‍ ആധുനിക മനുഷ്യന്‍ സൗകര്യങ്ങള്‍ വര്‍ദ്ദിപ്പിച്ചിട്ടുണ്ട്. എല്ലാ സൗകര്യങ്ങലും നമുക്കിന്ന് ലഭ്യമാണ്, എന്നിട്ടും സമാധാനമില്ലായ്മ ഇന്നത്തെ ലോകത്തിന്‍റെ മുഖലക്ഷണമായി നില്കുന്നു.
ഈസ്റ്റര്‍ ദിനത്തില്‍ ബനഡിക്ട് 16-ാമന്‍ പാപ്പ നല്കിയ ‘ഊര്‍ബി എത്ത് ഓര്‍ബി’ റോമാ നഗരത്തിനും ലോകത്തിനുമായി, എന്ന സന്ദേശത്തിന്‍റെ രണ്ടാം ഭാഗത്ത് പേരെടുത്തു പറഞ്ഞ് രാഷ്ട്രങ്ങളുടെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് ലോകജനതയോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി.
മദ്ധ്യപൂര്‍വ്വ ദേശങ്ങളിലെ വംശീയ മത സാംസ്ക്കാരിക കലാപങ്ങള്‍, സിറിയായിലെ രക്തച്ചൊരിച്ചില്‍, ഇറാക്കില്‍ ഇനിയും പൊന്തിവരുന്ന സാമൂഹ്യ രാഷ്ട്രീയ സംഘട്ടനങ്ങള്‍, വിശുദ്ധ നാട്ടില്‍ നാളുകളായി അരങ്ങേറുന്ന ഇസ്രായേല്‍-പലസ്തീന്‍ ആക്രമണങ്ങള്‍, ആഫ്രിക്ക ഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങളില്‍ അനുദിനം നടക്കുന്ന അഭ്യന്തര കലാപങ്ങളും രക്തച്ചൊരിച്ചിലും, ഗ്രേറ്റ് ലെയിക്ക് പ്രദേശത്തും, സുഡാന്‍ ദക്ഷിണ സുഡാന്‍ എന്നിവിടങ്ങളിലെ രാഷ്ട്രീയ സംഘട്ടനങ്ങള്‍, നൈജീരിയായിലെ ക്രൂരമായ ഭീകരാക്രമണങ്ങള്‍, മാലിയില്‍ കഴിഞ്ഞ ആഴ്ചയിലില്‍ ഉയര്‍ന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥയും അഭ്യന്തകലാപവും - എല്ലാം അടിവരയിട്ട് പാപ്പ എണ്ണിയെണ്ണിപ്പറഞ്ഞ അസമാധാനത്തിന്‍റെ മേഖലകലാണ്. ഈ ഭീകരതയുടെ ആക്രമങ്ങളുടേയും അധിക്രമങ്ങളുടേയുംപ്രതിധ്വനിയും പ്രത്യാഘാതങ്ങളും ലോകമെമ്പാടും ചെറുതും വലുതുമായി അനുഭവവേദ്യമാകുന്നുണ്ട്.

കൊച്ചു മകള്‍ ചോദിച്ചതാണ്. “ഭൂപടത്തിലെ മുഴുവന്‍ വരകളും ദൈവം വരച്ചതാണോ, ഡാഡീ, സാദ്ധ്യമല്ലല്ലോ!”
“സത്യമായിട്ടും അല്ല.” ഭാഷയുടേയും ജാതിയുടേയും വര്‍ണ്ണത്തിന്‍റേയും സംസ്ക്കാരങ്ങളുടേയും മതങ്ങളുടേയും അതിര്‍വരമ്പുകള്‍ മനുഷ്യര്‍ കോറിയിട്ടതാണ്. എന്‍റെ വരയ്ക്കു പുറത്തുള്ളവരോട് ഞാന്‍ ഉള്ളിന്‍റെ ഉള്ളില്‍ യുദ്ധം പ്രഖ്യാപിക്കുകയാണ്. ചായക്കടയില്‍‍‍‍ എതിര്‍ മേശയില്‍ ഇരിക്കുന്ന വ്യക്തിക്കും ഓഫീസില്‍ നമ്മുടെ അടുത്തിരിക്കുന്നവനും യാത്രയില്‍ അടുത്ത സീറ്റില്‍ വിശ്രമിക്കുന്ന ആള്‍ക്കും ഇടയില്‍ അകല്‍ച്ചയുടേയും വിഭജനത്തിന്‍റേയും അദൃശ്യരേഖ വരയ്ക്കപ്പെടുന്നുണ്ട്.

കൊച്ചുകൊച്ചു യുദ്ധങ്ങളുടേയും കലഹത്തിന്‍റേയും നമ്മുടെ ദുരന്തഭൂമിയില്‍ സമാധാന ദൂതനായ ഫ്രാന്‍സിസിനെ ഓര്‍ക്കാം. അതിരുകളില്ലാത്ത ലോകം സ്വപ്നം കണ്ട മനുഷ്യനാണ് ഫ്രാന്‍സിസ്. വിശ്വം വലിയ വീടായിട്ടാണ് അയാല്‍ വിഭാവംചെയ്തത്. ഫ്രാന്‍സിസ് തന്‍റെ വീട് ഉപേക്ഷിക്കുയല്ല ചെയ്തത്. തന്‍റെ വീട് വലുതാക്കുകയായിരുന്നു. പതുക്കെ പതുക്കെ തന്‍റെ സ്വാര്‍ത്ഥതയുടെ മതിലുകള്‍ പൊളിച്ച്, ചുവരുകള്‍ വസ്തൃതമാക്കുകയായിരുന്നു. അയാളുടെ മേല്‍ക്കൂര ആകാശത്തോളം ഉയര്‍ന്നു. ഒപ്പം ഒരു കിളിക്കൂടിന്‍റെ ഇഴയടുപ്പത്തില്‍ അയാല്‍ എല്ലാവരെയും എല്ലാറ്റിനെയും സഹോദരാ, സഹോദരീ, എന്നു വിളിച്ചു തന്നിലേയ്ക്ക് അടുപ്പിച്ചു. ഫ്രാന്‍സിസിന്‍റെ സഹോദരന്‍ ചെന്നായയും, സഹോദരീ ചന്ദ്രികയുമൊക്കെ സുപരിചിതമാണല്ലോ.
ആത്മീയ ബോധ്യങ്ങളുടെ ഭൂമികയില്‍ പ്രവേശിച്ച ഒരാള്‍ക്കു മാത്രമേ സമാധാനത്തെക്കുറിച്ച് സംസാരിക്കാനാവുകയുള്ളൂ. ഫ്രാന്‍സിസിനെപ്പോലെ സമസ്തചരാചരങ്ങളെയും കോര്‍ത്തിണക്കി ആത്മബന്ധത്തിന്‍റെ അദൃശ്യമായ വര്‍ണ്ണചരടു കണ്ടെത്തിയ ഒരാള്‍ക്ക് മാത്രം!
മനുഷ്യരെയും കൃതിയെയും പ്രപഞ്ചത്തിലെ സകലചരാചരങ്ങളെയും ബന്ധിക്കുന്ന സ്നേഹത്തിന്‍റെ വര്‍ണ്ണചരട് പൊട്ടയിരിക്കുകയാണ്. അത് അങ്ങുമിങ്ങും ഭേദിക്കപ്പെട്ടിരിക്കുകയാണ്. മനുഷ്യരെയും ദൈവത്തെയും പ്രകൃതിയെയയും ബന്ധിക്കുന്ന ഈ വര്‍ണ്ണനൂല്‍ ചേര്‍ത്തിണക്കണം, കോര്‍ത്തിണക്കണം. അതാണ് സമാധാനത്തിലേയ്ക്കുള്ള നടവഴി.
സ്വാര്‍ത്ഥതയുടെ വേലിക്കെട്ടിലെ നിശ്ശബ്ദതയല്ല, സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റേയും സ്തോത്രഗിതങ്ങളും പൊട്ടിച്ചിരികളും ഉയരുന്ന സ്നേഹോത്സവമാകട്ടെ ഈ ഉത്ഥാനകാലം. ഉത്ഥിതന്‍റെ സ്നേഹസാന്നിദ്ധ്യവും സമാധാനവും നമ്മിലേവരിലും വളരട്ടെ.

പി. ജയച്ചന്ദ്രന്‍ പാടിയ ഗാനം.
ഈണം: ജെറി അമല്‍ദേവ്, രചന: ഫാദര്‍ മാത്യു ചെമ്പോത്തിനാല്‍.

മലങ്കര റീത്തലെ ആരാധനക്രമമനുസരിച്ച് ഞായറാഴ്ച ദിവ്യബലിമദ്ധ്യേ വായിക്കുന്ന സുവിശേഷ ഭാഗത്തിന്‍റെ വിചിന്തനമാണ് ഇന്ന്.








All the contents on this site are copyrighted ©.