2012-04-12 20:22:30

ജീവിതയാത്രയില്‍ മാതൃകയാകുന്ന തിരുക്കുടുംബം
ആഗോള കുടുംബസംഗമം മിലാനില്‍ - പാപ്പ പങ്കെടുക്കും


12 ഏപ്രില്‍ 2012, വത്തിക്കാന്‍
കുടുംബങ്ങള്‍ക്ക് തിരുക്കുടുംബം മാതൃകയാവട്ടെ എന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. വത്തിക്കാനില്‍ ഏപ്രില്‍ 11-ാം തിയതി നടന്ന പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ അന്ത്യത്തില്‍ മിലാനില്‍ സംഗമിക്കുന്ന ആഗോള കുടുംബ സംഗമത്തിന്‍റെ വിജയത്തിനായിട്ടാണ് പാപ്പാ ഇപ്രകാരം ആശംസിച്ചത്. മെയ് 30-തിയതി മുതല്‍ ജൂണ്‍ 3-ാം തിയതിവരെയാണ് ആഗോള കത്തോലിക്കാ കുടുംബ സംഗമം മിലാനില്‍ അരങ്ങേറുന്നത്.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുമായി 10,000 കുടുംബങ്ങള്‍ സമ്മേളിക്കുന്ന സംഗമത്തില്‍ പാപ്പാ പങ്കെടുക്കും. മിലാനില്‍നിന്നും വത്തിക്കാനിലെത്തിയ ആറായിരത്തോളം വരുന്ന യുവജനങ്ങളുടെ സംഘത്തിന് തിരുക്കുടുംബത്തിന്‍റെ മൊസൈക്ക് ചിത്രം ആശിര്‍വ്വദിച്ചു നല്കിയ ശേഷമാണ്, പാപ്പാ അന്തര്‍ദേശിയ കുടുംബസംഗമത്തിന്‍റെ വിജയത്തിന് ആശംസകള്‍ അര്‍പ്പിച്ചത്.

രക്ഷാകര ചരിത്രത്തിന്‍റെ കേന്ദ്രസ്ഥാനത്താണ് നസ്രത്തിലെ കുടുബമെന്നും ജീവിതയാത്രയിലൂടെ സ്വര്‍ഗ്ഗോന്മുഖമായി ചരിക്കേണ്ട മനുഷ്യകുലത്തിന് തിരുക്കുടുംബം മാതൃകയും മാദ്ധ്യസ്ഥ്യവുമാണെന്നും പാപ്പ ആശംസിച്ചു.
തിരുക്കുടുംബത്തിന്‍റെ ചിത്രം സംഘാടകര്‍ക്ക് കൈമാറിയപ്പോള്‍,
പാപ്പായെ മിലാന്‍ നഗരം കാത്തിരിക്കുന്നു, Benedetoo ti aspetiamo a Milano! എന്ന് ഇറ്റാലിയന്‍ ഭാഷയില്‍ യുവാക്കള്‍ ഒന്നടങ്കം പ്രത്യുത്തരിച്ചു.
സംഗമത്തിന് ആത്മീയ ഉണര്‍വ്വേകാന്‍ സംഗമവേദിയായ മിലാന്‍ രൂപതയുടെ വിവിധ കേന്ദ്രങ്ങളിലൂടെ കുടുംബങ്ങള്‍ക്ക് പ്രചോദനമേകിക്കൊണ്ട് സഞ്ചിരിക്കുമെന്നും, സംഘാടകര്‍ വെളിപ്പെടുത്തി. തിരുക്കുടുംബത്തിന്‍റെ മൊസൈക്ക് ചിത്രം മാര്‍ക്കോ ഐവാന്‍ ദൂപ്നിക്ക് എന്ന കാലാകാരന്‍റെ സൃഷ്ടിയാണ്.








All the contents on this site are copyrighted ©.