2012-04-11 20:49:12

കര്‍ദ്ദിനാള്‍ ക്വല്ലെ
പാപ്പായെ പ്രതിനിധീകരിക്കും


11 ഏപ്രില്‍ 2012, ഡബ്ലിന്‍
ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന് വത്തിക്കാന്‍റെ പ്രതിനിധായായി എത്തുന്ന കര്‍ദ്ദിനാള്‍ മാര്‍ക്ക് ക്വല്ലെ പാപ്പായുടെ സ്നേഹസാന്നിദ്ധ്യത്തിന്‍റെ പ്രതീകമാണെന്ന്, കര്‍ദ്ദിനാള്‍ ഷോണ്‍ ബ്രാഡി പ്രസ്താവിച്ചു.
അയര്‍ലണ്ടിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റായ കര്‍ദ്ദിനാള്‍ ഷോണ്‍ ബ്രാഡി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ്
50-ാമത് അന്തര്‍ദേശീയ കോണ്‍ഗ്രസ്സിലേയ്ക്കുള്ള ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ പ്രതിനിധിയെ സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചത്.
അയര്‍ലണ്ടിലെ ഡബ്ളിനില്‍ ജൂണ്‍ 10-മുതല്‍ 17-വരെ തിയതികളില്‍ അരങ്ങേറുവാന്‍ പോകുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിലേയ്ക്കാണ്
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ കര്‍ദ്ദിനാള്‍ മാര്‍ക്ക് ക്വല്ലെയെ തന്‍റെ പ്രതിനിധിയായി അയക്കുന്നത്.
69 വയസ്സുകാരനും ക്യാനഡ സ്വദേശിയുമായ കര്‍ദ്ദിനാള്‍ ക്വല്ലെ മെത്രാന്മാരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ
പ്രീഫെക്ടും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ അജപാലന ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രിസിഡന്‍റുമാണ്.
ക്യാനഡയിലെ ക്യൂബെക്ക് അതിരൂപതാ മെത്രാപ്പോലീത്ത ആയിരിക്കവേ, വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ അദ്ദേഹത്തെ 2003-ല്‍ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്കുയര്‍ത്തി. 2010-ല്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയാണ് അദ്ദേഹത്തെ വത്തിക്കാനിലെ ഉത്തരവാദിത്വങ്ങളിലേയ്ക്ക് നിയോഗിച്ചത്.

ക്യാനഡയിലെ ക്യൂബെക്കില്‍ 2008-ല്‍ നടന്ന 49-ാം അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന്‍റെ ചുക്കാന്‍ പിടിച്ച പരിചയ സമ്പന്നനായ ആത്മീയാചാര്യനാണ് കര്‍ദ്ദിനാള്‍ ക്വെല്ലെയെന്നും, ഡബ്ളിന്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് നേതൃത്വം നല്കുന്ന കര്‍ദ്ദിനാള്‍ ഷോണ്‍ ബ്രാഡി വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

ഡബ്ളിനിലെ കോക്ക് പാര്‍ക്കില്‍ ജൂണ്‍ 10-നുള്ള ഉദ്ഘാടന ദിവ്യബലിയിലും 17-നുള്ള സമാപന ചടങ്ങുകളിലും മാര്‍പാപ്പയുടെ പ്രിതിനിധിയായി കര്‍ദ്ദിനാള്‍ മാര്‍ക്ക് ക്വല്ലെ പങ്കെടുക്കുമെന്നും വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.









All the contents on this site are copyrighted ©.