2012-04-07 13:49:40

കൂടെയുണ്ടെങ്കില്‍ കുരിശ്
കുടുബങ്ങള്‍ക്ക് രക്ഷാമാര്‍ഗ്ഗമെന്ന് മാര്‍പാപ്പ


6 ഏപ്രില്‍ 2012, റോം
ദുഃഖവെള്ളിയാഴ്ച രാത്രി റോമിലെ ചരിത്രപുരാതനമായ റോമന്‍ കൊളോസിയത്തില്‍ നടത്തപ്പെട്ട കുരിശിന്‍റെവഴിക്ക് മാര്‍പാപ്പ നേതൃത്വംനല്കി. പതിനായിരങ്ങള്‍ പങ്കെടുത്ത കുരിശുയാത്രയുടെ സമാപനത്തില്‍ പാപ്പ നല്കിയ സന്ദേശം താഴെ ചേര്‍ക്കുന്നു.

വീണ്ടും ഒരിക്കല്‍ക്കൂടി പ്രാര്‍ത്ഥനയോടും ഗാനാലാപനത്തോടുംകൂടെ നാം ക്രിസ്തുവിന്‍റ പീഡകളെ അനുസ്മരിച്ചുകൊണ്ട് കുരിശിന്‍റെവഴി നടത്തുകയാണ്. പ്രത്യക്ഷത്തില്‍ നിരാശാജനകമാണ് കുരിശുയാത്രയെങ്കിലും മനുഷ്യജീവിതങ്ങളേയും ചരിത്രത്തേയും മാറ്റിമറിച്ചുകൊണ്ട്. ‘ഒരു പുതിയ ആകാശത്തിലേയ്ക്കും പുതിയ ഭൂമിയിലേയ്ക്കുമുള്ള’ (വെളിപാട് 21, 1) നവമായ പാത തുറക്കുയായിരുന്നു ഗാഗുല്‍ത്തായിലേയ്ക്കുള്ള ക്രിസ്തുവിന്‍റെ കുരിശുയാത്ര. ദൈവപുത്രന്‍റെ കുരിശുമരണത്തെ ആഴമായ ആത്മീയ അനുഭൂതിയോടെ അനുസ്മരിക്കുന്ന ദിവസമാണ് ദുഃഖവെള്ളി. കാരണം സഭ കുരിശില്‍കാണുന്നത് മനുഷ്യകുലത്തിന് നവമായ പ്രത്യാശ പകരുന്ന ജീവന്‍റെ വൃക്ഷമാണ്.

കുരിശിന്‍റെ അനുഭവവും യാതനകളും ഏതു മനുഷ്യനെയും സ്പര്‍ശിക്കുന്ന യഥാര്‍ത്ഥ്യങ്ങളാണ്. അത് കുടുംബങ്ങളെ സ്പര്‍ശിക്കുന്നു. കാരണം നമ്മുടെയും ജീവിതയാത്ര ക്ലേശകരവും ബുദ്ധിമുട്ടുള്ളതും കുരിശുകള്‍ നിറഞ്ഞതും ആകാറുണ്ടല്ലോ. തെറ്റിദ്ധാരണകളും സംഘര്‍ഷങ്ങളും കുട്ടികളടെ ഭാവിയെ ഓര്‍ത്തുള്ള ആകുലതകളും രോഗങ്ങളും മറ്റ് എല്ലാത്തരം പ്രശ്നങ്ങളും കുടുംബ ജീവിതത്തെ വലയ്ക്കാറുണ്ട്. പ്രത്യേകിച്ച് ഈ ദിനങ്ങളില്‍ ലോകത്ത് പൊതുവേ അനുഭവേദ്യമാകുന്ന തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും കുടുബജീവിത്തിന്‍റെ ക്ലേശങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.
ആത്മീയത തിങ്ങിനില്ക്കുന്ന ഈ സായാഹ്നത്തില്‍ നാം നടത്തിയ കുരിശിന്‍റെവഴി ക്രൂശിതനായ ക്രിസ്തുവിനെ ധ്യാനിക്കാനും അതുവഴി അനുദിന ജീവിത കുരിശുകള്‍ വഹിക്കുവാനുമുള്ള കരുത്താര്‍ജ്ജിക്കുവാന്‍ എല്ലാ കുടുംബങ്ങളെയും ക്ഷണിക്കുകയാണ്. ഓരോരുത്തരോടും ദൈവത്തിനുള്ള പരമമായ സ്നേഹത്തിന്‍റെ അടയാളവും, സ്നേഹത്തിനായി കേഴുന്ന ഓരോ മനുഷ്യവ്യക്തിയോടുമുള്ള ദൈവത്തിന്‍റെ പ്രതിഭാഷണവുമാണ് ക്രിസ്തുവിന്‍റെ കുരിശ്.
കുടുംബ ജീവിതത്തിലെ ക്ലേശങ്ങളുടേയും പ്രതിസന്ധികളുടേയും മദ്ധ്യേ ക്രിസ്തുവിന്‍റെ കുരിശിലേയ്ക്കു നോക്കുക. മുന്നോട്ടു പോകാനുള്ള കരുത്തും ധൈര്യവും അപ്പോള്‍ നമുക്കു ലഭിക്കും. എന്നിട്ട് വിശുദ്ധ പൗലോസ് അപ്പസ്തോലനോടൊപ്പം പറയുവാനും സാധിക്കണം, ക്രിസ്തുവിന്‍റെ സ്നേഹത്തില്‍നിന്നും ആര്‍ക്കു നമ്മെ വേര്‍പെടുത്താനാകും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ? (റോമ. 8, 35) ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു നിന്നെപ്രതി ഞങ്ങള്‍ ദിവസം മുഴുവന്‍ വധിക്കപ്പെടുന്നു, കൊലയ്ക്കുള്ള ആടുകളെപ്പോലെ കരുതപ്പെടുകയും ചെയ്യുന്നു. നമ്മെ സ്നേഹിച്ചവന്‍ ‍മുഖാന്തരം ഇവയിലെല്ലാം നാം പൂര്‍ണ്ണവിജയം വരിക്കുന്നു. കഷ്ടപ്പാടിന്‍റേയും പരീക്ഷണങ്ങളുടേയും സമയങ്ങളില്‍ ഓര്‍ക്കുക, നാം ഓറ്റയ്ക്കല്ല, നമ്മുടെ കുടുബങ്ങളും ഒറ്റയ്ക്കല്ല. സ്നേഹാര്‍ദ്രനായ ക്രിസ്തു കുടുംബങ്ങളുടെ കൂടെയുണ്ട്. അവിടുത്തെ കൃപയില്‍ നമ്മെ നിലനിര്‍ത്തുകയും മുന്നോട്ടു ചരിക്കുവാനും ത്യാഗങ്ങള്‍ സഹിക്കുവാനുമുള്ള ശക്തി നല്കുകയും പ്രതിബന്ധങ്ങള്‍ മറികടക്കാന്‍ നമ്മെ സഹായിക്കുകയും ചെയ്യും.

മാനുഷികമായ പ്രശ്നങ്ങളും പ്രയാസങ്ങളും കുടുബങ്ങളുടെ ഐക്യവും സ്നേഹവും ഇല്ലാതാകുമ്പോള്‍ ക്രിസ്തുവിന്‍റെ സ്നേഹത്തിലേയ്ക്ക് തിരിയാന്‍ നമുക്കു സാധിക്കട്ടെ. അവിടുത്തെ പീഡാസഹനത്തിന്‍റേയും മരണത്തിന്‍റേയും ഉത്ഥാനത്തിന്‍റേയും രഹസ്യങ്ങള്‍ പ്രത്യാശയില്‍ മുന്നേറാനുള്ള പ്രചോദനം നമുക്കു നല്കും. പരീക്ഷണങ്ങളുടേയും പ്രതിസന്ധികളുടേയും സമയങ്ങളില്‍ അവിടുത്തെ തിരുവചനത്തില്‍ വിശ്വാസമര്‍പ്പിച്ച് ക്രിസ്തുവിനോടു ചേര്‍ന്നു നിന്നാല്‍, അവിടുത്തെ ഉത്ഥാനത്തിന്‍റെ വെളിച്ചത്തില്‍ നവമായൊരു ലോകത്തിലേയ്ക്കുള്ള പുറപ്പാടില്‍ അവിടുന്ന് നിങ്ങള്‍ക്ക് കാവലായിരിക്കും. ക്രൂശിതനായ ദൈവപുത്രനിലൂടെ മരണത്തിന് നവമായ അര്‍ത്ഥവും ലക്ഷൃവും ലഭിച്ചിരിക്കുന്നു.
അങ്ങനെ ഈ ലോക ജീവിതത്തെ രക്ഷണീയമായി മറികടക്കുന്ന പുതുജീവനിലേയ്ക്കുള്ള കവാടമായി മാറുന്ന മരണം. “സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടി തുടരും. അഴിയുന്നെങ്കിലോ അതു സമൃദ്ധമായ ഫലംനല്കും.” (യോഹന്നാന്‍ 12, 24).

നമ്മെത്തന്നെ ക്രിസ്തുവിന്‍റെ അമ്മയ്ക്ക് ഭരമേല്പിക്കാം. അവിടുത്തെ കുരിശിനെ അനുധാവനം ചെയ്യുകയും കുരിശിന്‍ ചുവട്ടില്‍ നില്ക്കുയും, സഭയുടെ ആരംഭത്തില്‍ തന്‍റെ സാന്നിദ്ധ്യംകൊണ്ട് അതിനെ നയിക്കുകയും അങ്ങനെ ദൈവിക സാന്നിദ്ധ്യം ലഭ്യമാക്കുകയും ചെയ്ത പരിശുദ്ധ കന്യകാ മറിയം നമുക്കായി മാദ്ധ്യസ്ഥ്യം വഹിക്കട്ടെ. നമ്മുടെ ഹൃദയങ്ങളേയും ഓരോ കുടുബങ്ങളേയും ജീവിതയാത്രയുടെ പീഡാനുഭവ രഹസ്യങ്ങളിലൂടെ നയിച്ച് ഉത്ഥാന മഹത്വത്തിലേയ്ക്കും, അതില്‍നിന്നും ഉതിരുന്ന ദിവ്യപ്രഭയാല്‍ തിന്മയെയും ക്ലേശങ്ങളെയും മരണത്തെയും അതിജീവിക്കാനുള്ള കരുത്തു നല്കി നിയതമായ വിജയത്തിലേയ്ക്ക് നമ്മെ നയിക്കുമാറാകട്ടെ.








All the contents on this site are copyrighted ©.