2012-04-06 13:39:20

മനുഷ്യകുലത്തെ നന്മയുടെ സ്വാതന്ത്ര്യത്തിലേയ്ക്ക്
നയിക്കുന്ന ക്രിസ്തുവിന്‍റെ പുതിയ പുറപ്പാടാണ്
പെസഹായെന്ന് പാപ്പ


5 ഏപ്രില്‍ 2012, റോം
ബനഡിക്ട‍് 16-ാമന്‍ മാര്‍പാപ്പ തന്‍റെ കത്തീഡ്രല്‍ ദേവാലയമായ റോമിലെ സെന്‍റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയിലാണ് പെസഹാ വ്യാഴാഴ്ച കാലുകഴുകള്‍ ശുശ്രൂഷ നടത്തുകയും തിരുവത്താഴ പൂജ അര്‍പ്പിക്കുകയും ചെയ്തത്. വത്തിക്കാനില്‍നിന്നും 6 കിലോമീറ്റര്‍ അകലെയുള്ള ലാറ്ററന്‍ ബസിലിക്കയിലേയ്ക്ക് മാര്‍പാപ്പ കാറില്‍ യാത്രചെയ്തു. ദിവ്യബലിയുടെ സമാപനത്തില്‍ മാര്‍പാപ്പ ബസിലിക്കയുടെ പാര്‍ശ്വത്തിലുള്ള വിശുദ്ധ ഫ്രാന്‍സിസിന്‍റെ ചെറിയ അള്‍ത്താരയിലേയ്ക്ക് ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തുകയും അന്നേ ദിവസമുള്ള പരസ്യ വണക്കത്തിനായി പരിശുദ്ധ കര്‍ബാന എഴുന്നള്ളിച്ചു വയ്ക്കുകയും ചെയ്തു. ദിവ്യബലിമദ്ധ്യേ മാര്‍പാപ്പ ഇറ്റാലിയന്‍ നടത്തിയ വചനപ്രഘോഷണത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു:

വലിയ വ്യാഴാഴ്ചയുടെ ആരാധനക്രമത്തിലെ ഏറ്റവും പ്രധാനമായ സംഭവമായി നില്ക്കുന്നത് പരിശുദ്ധ കര്‍ബാനയുടെ സ്ഥാപനമാണെങ്കിലും അതിനോടു ചേര്‍ന്നു നില്ക്കുന്നതും നമ്മുടെ രക്ഷയ്ക്ക് നിദാനമാകുന്നതുമായ മറ്റു സംഭവങ്ങളും ശ്രദ്ധാപൂര്‍വ്വം പരിശോധിക്കേണ്ടതാണ്. പെസഹാ രാത്രിയുടെ യാമത്തില്‍ ക്രിസ്തു ഒലിവുമലയില്‍ ഏകാന്തതയില്‍ നടത്തിയ പ്രാര്‍തഥനയും ആസന്നമാകുന്ന തന്‍റെ മരണത്തെ ഓര്‍ത്തുള്ള വിലാപവും, യൂദാസിന്‍റെ ഒറ്റിക്കൊടുക്കലും, പത്രോസിന്‍റെ തള്ളിപ്പറയലും സെന്‍ഹേദ്രിന്‍റെ മുന്‍പാകെ യഹൂദപ്രമാണകള്‍ വാചാരണ ചെയ്യപ്പെട്ടതും, അവിടുന്ന് വിജാതിയരുടെ കരങ്ങളില്‍ ഏല്പിക്കപ്പെടുവാന്‍ പീലോത്തോസിന്‍റെ മുന്നില്‍ ഹാജരാക്കപ്പെട്ടതുമെല്ലാം വലിയ വ്യാഴാഴ്ചയിലെ ഹൃദ്യമായ സംഭവങ്ങളാണ്. ക്രിസ്തു ആ രാത്രിയുടെ യാമങ്ങള്‍ മുഴുവനായും ഏകാന്തതയില്‍ ചിലവഴിക്കുന്നു. മനുഷ്യര്‍ക്ക് പരസ്പരം കാണാനാവാത്ത ഒറ്റപ്പെടലിന്‍റെ അവസ്ഥയാണ് ഇരുട്ട്. അത് സത്യം മറച്ചു വയ്ക്കപ്പെടുന്ന തെറ്റിദ്ധാരണയുടെ പ്രതീകവുമാണ്. പ്രകാശത്തെ അണച്ചുകളയുകയും അന്ധകാരം വിഴുങ്ങുന്ന അശുഭ മുഹൂര്‍ത്തമാണത്. ജീവന്‍ അന്യവത്ക്കരിക്കപ്പെടുകയും കൂട്ടായ്മ ശിഥിലീകരിക്കപ്പെുകയും ചെയ്യുന്ന മരണത്തിന്‍റെ പ്രതിച്ഛായ ആയിരുന്നു ആ രാത്രി. സത്യവും വെളിച്ചവും വചനവും വിശുദ്ധിയും നന്മയുമാണ് ക്രിസ്തു. എന്നാല്‍ അവിടുന്ന് ഇതാ, ഇരുട്ടിലാണ്ടിരിക്കുന്നു. എന്നാല്‍ കര്‍ത്താവിന്‍റെ ദിവസം സ്ഥാപിച്ചുകൊണ്ട് ചരിത്രത്തില്‍ ക്രിസ്തു ഇരുട്ടിനെ എന്നേയ്ക്കുമായി കീഴ്പ്പെടുത്തിയ യാമവുമായിരുന്നു അത്.

പത്രോസ്, യോഹന്നാന്‍, യാക്കോബ് എന്നീ മൂന്നു പേരെയും കൂട്ടിക്കൊണ്ടാണ് ക്രിസ്തു അന്ന് പ്രാര്‍ത്ഥിക്കുവാന്‍ പോയത്. ഒരിക്കല്‍ താബോര്‍ മലയില്‍ പ്രാര്‍ത്ഥിക്കാന്‍ പോയപ്പോഴും അവിടുന്ന് അവരെയാണ് കൂടെ കൊണ്ടുപോയത്. തന്‍റെ രൂപാന്തരീകരണത്തിനും തന്നില്‍ ആവര്‍‍ഭവിച്ച ദൈവികകാന്തിക്കും ദൃക്സാക്ഷികളാകുവാന്‍ അവരെത്തന്നെയാണ് അവിടുന്ന് അന്നാളിലും തിരഞ്ഞെടുത്തത്. നിയമത്തിനും പ്രവാചകന്മാര്‍ക്കും മദ്ധ്യേ, ക്രിസ്തു മൂശയോടും ഏലിയായോടുമൊപ്പം നില്കുന്നത് അന്ന് അവര്‍ കണ്ടതാണ്. തന്‍റെ ജരൂസലേമിലേയ്ക്കുള്ള പുറപ്പാടിനെക്കുറിച്ച് സംസാരിക്കുന്നതും അവര്‍ ആ മലമുകളില്‍വച്ചു ശ്രവിച്ചിരുന്നു.
ഈജിപ്തിലെ പുറപ്പാടിന്‍റെ ദിനത്തില്‍ ഇസ്രായേല്‍ ആലപിച്ച രക്ഷയുടെയും വിമോചനത്തിന്‍റേയും സങ്കീര്‍ത്തനം ക്രിസ്തുവും ശിഷ്യന്മാരും ആ രാത്രിയില്‍ ഒരുമിച്ച് അലപിച്ചു. എന്നിട്ടാണ് പതിവുപോലെ പിതാവിനോട് ഏകനായി പ്രാര്‍ത്ഥിക്കുവാന്‍ പുത്രന്‍ ഒലിവുമലയിലേയ്ക്ക് പോയത്. ഇസ്രായേലിന്‍റെ ഈജിപ്തില്‍നിന്നുമുള്ള പുറപ്പാട് ദൈവജനത്തിന്‍റെ സ്വാതന്ത്ര്യത്തിലേയ്ക്കുള്ള പലായനത്തിന്‍റെ ചരിത്ര സംഭവമായിരുന്നെങ്കില്‍, ക്രിസ്തുവിന്‍റെ ജരൂസലേമിലേയ്ക്കുള്ള അന്തിമയാത്ര രക്ഷാകര രഹസ്യങ്ങളുടെ ചരിത്ര മുഹൂര്‍ത്തത്തിലേയ്ക്കുള്ള നവമായ പുറപ്പാടാണ്. മനുഷ്യകുലത്തിന്‍റെ മുഴുവന്‍ വിമോചനത്തിന്‍റെ പുറപ്പാട് സാക്ഷാത്ക്കരിക്കപ്പെടുന്നതും പൂര്‍ത്തീകരിക്കപ്പെടുന്നതും ക്രിസ്തുവിന്‍റെ ഈ പുറപ്പാടിലാണ്.

നവമായ സ്വാതന്ത്ര്യത്തിലേയ്ക്കും ജീവനിലേയ്ക്കും മനുഷ്യകുലത്തെ നയിക്കുന്ന ക്രിസ്തുവിന്‍റെ പുറപ്പാടിന്‍റെ ആദ്യഘട്ടമായിരുന്ന ഗദ്സേമിനിയിലെ പ്രാര്‍ത്ഥന. അവിടുത്തെ പുറപ്പാടിന്‍റെ ആദ്യഘട്ടമായ പീഡനത്തിന്‍റെ രാത്രിയില്‍ ഉണര്‍ന്നിരിക്കുവാന്‍ ശിഷ്യന്മാര്‍ക്കു കഴിഞ്ഞില്ല. അവര്‍ നിദ്രാധീനരായിപ്പോയി. എന്നിട്ടും അവിടുത്തെ മനോവ്യഥ നിറഞ്ഞ സ്പന്ദനങ്ങളുടേയും പ്രാര്‍ത്ഥനയുടേയും ദാരുണമായ ധ്വനി ആ രാത്രിയുടെ നിശ്ശബ്ദതയില്‍ അവര്‍ ശ്രവിക്കുകയും മനസ്സിലാക്കുകയും ചെയ്തു. ഈ സംഭവങ്ങള്‍ അവരുടെ ഹൃദയങ്ങളില്‍ ആഴമായ മുദ്രകള്‍ പതിപ്പിച്ചുവെന്നതിനു സംശയമില്ല. അത് അവരുടെ രചനകളില്‍ സുവിശേഷമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. കാലാതീയമായി ഈ രക്ഷാരഹസ്യങ്ങള്‍ അങ്ങനെ ലോകത്തോട് പങ്കുവയ്ക്കപ്പെട്ടു.

ക്രിസ്തു ദൈവത്തെ “ആബാ, പിതാവേ,” എന്നു വിളിച്ചാണ് പ്രാര്‍ത്ഥിച്ചത്. ‘ആബാ’
എന്ന അറമയാ വാക്കിന്‍റെ അര്‍ത്ഥം സാധാരണയുള്ള പിതാവേ എന്നുള്ള വിളിയെക്കാള്‍ വ്യക്തിപരവും അടുപ്പമുള്ളതും സ്നേഹാര്‍ദ്രവുമാണ്. ഒരു കുഞ്ഞ് തന്‍റെ പിതാവിനെ വാത്സല്യത്തോടെ വിളിക്കുന്നതു പോലെയാണത്. ക്രിസ്തു അപ്രകാരം ആഴമായ ആത്മബന്ധത്തിലും ഐക്യത്തിലുമാണ് ദൈവത്തെ അഭിസംബോധന ചെയ്യുന്നത് എന്നാണ് മനസ്സിലാക്കേണ്ടത്. സുവിശേഷത്തില്‍ കാണുന്ന ക്രിസ്തുവിന്‍റെ വ്യക്തിത്വമെന്താണെന്ന് വിലയിരുത്തുമ്പോള്‍, അത് ദൈവവുമായുള്ള അവിടുത്തെ സമ്പൂര്‍ണ്ണ ഐക്യത്തിന്‍റെയും ഗാഢമായ ആത്മബന്ധത്തിന്‍റെയും സംക്ഷിപ്ത രൂപമാണെന്ന് തെളിയുന്നു.
ക്രിസ്തുവിന്‍റെ വ്യക്തിത്വത്തിന്‍റെ സത്തയാണ് പിതാവുമായുള്ള അവിടുത്തെ ഐക്യവും ഒത്തുചേരലും. ലോകം സത്യമായും ദൈവത്തെ അറിയുന്നത് ക്രിസ്തുവിലൂടെയാണ്. വിശുദ്ധ യോഹന്നാന്‍ തന്‍റെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്. “ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവംതന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്” (യോഹ. 1, 18). അങ്ങനെ നാം സത്യമായും ദൈവത്തെ അറിയുന്നു. ദൈവം നമ്മുടെ പിതാവാകയാല്‍, നമ്മെത്തന്നെ പൂര്‍ണ്ണമായും സമര്‍പ്പിക്കാവുന്ന പരമമായ നന്മയാണ് അവിടുന്നെന്നും ഇതു വെളിപ്പെടുത്തുന്നു. ഗദ്സേമിനിയിലെ ക്രിസ്തുവിന്‍റെ പ്രാര്‍ത്ഥനയുടെ പശ്ചാത്തലത്തിലും, അപ്പസ്തോല പ്രമുഖനായ പത്രോസിനെക്കുറിച്ചുള്ള സ്മരണയിലും മാര്‍ക്കോസ് സുവിശേഷകന്‍ ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. “ക്രിസ്തു അല്പദൂരം മുന്നോട്ടുചെന്ന്, നിലത്തുവീണ് ഇങ്ങനെ പ്രാര്‍ത്ഥിച്ചു, ആബാ, പിതാവേ, എല്ലാം അങ്ങേയ്ക്കു സാധ്യമാണ്. ഈ പാനപാത്രം എന്നില്‍നിന്നു മാറ്റിത്തരണമേ. എന്നാല്‍ എന്‍റെ ഹിതമല്ല അങ്ങയുടെഹിതം മാത്രം! അനന്തരം അവിടുന്ന് ശിഷ്യരുടെ അടുത്തു വന്നപ്പോള്‍ അവര്‍ ഉറങ്ങുന്നതു കണ്ട്, പത്രോസിനോടു ചോദിച്ചു. ശിമയോനേ, നീ ഉറങ്ങുന്നുവോ? ഒരു മണിക്കൂര്‍ ഉണര്‍ന്നിരിക്കാന്‍ നിനക്കു കഴിഞ്ഞില്ലേ?” (മാര്‍ക്ക് 14, 36-37). സര്‍വ്വനന്മയായ ദൈവം ഒരേ സമയം സര്‍വ്വശക്തനുമാണ്. ഈ വിശ്വാസ ബോധ്യമാണ് ക്രിസ്തുവിന്‍റെ ഓലിവുമലയിലെ പ്രാര്‍ത്ഥനയില്‍നിന്നും നാം ആര്‍ജ്ജിക്കേണ്ടത്.

ക്രിസ്തുവിന്‍റെ പ്രാര്‍ത്ഥനയുടെ ഉള്ളടക്കത്തെക്കുറിച്ച് ധ്യാനിക്കുന്നതിനു മുന്‍പ് അവിടുന്ന് ആ രാത്രിയിലെ പ്രാര്‍ത്ഥനയില്‍ സ്വീകരിച്ച ദേഹഭാവം ശ്രദ്ധിക്കേണ്ടതാണ്. മത്തായി, മര്‍ക്കോസ് സുവിശേഷകന്മാര്‍ ഇപ്രകാരമാണ് അത് രേഖപ്പെടുത്തുന്നത്. “അവിടുന്ന് അല്പദൂരം മുന്നോട്ടു
ചെന്ന് കമിഴ്ന്നുവീണു പ്രാര്‍ത്ഥിച്ചു” (മത്തായി 26, 36, മാര്‍ക്ക് 14, 35). ലോകത്ത് എവിടെയും ഏതു സംസ്കാരത്തിലും സംമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്‍റേയും വിധേയത്വത്തിന്‍റേയും പ്രതീകമാണ് സാഷ്ടാംഗപ്രണാമം. ഈ ശാരീരിക ഭാവം റോമന്‍ ആരാധനക്രമത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്വീകരിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്. ക്രിസ്തു മുട്ടില്‍വീണു പ്രാര്‍ത്ഥിച്ചു, എന്നാണ് ലൂക്കാ സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതുപോലെ അപ്പസ്തോല നടപടി ക്രമത്തില്‍ വിശുദ്ധാത്മാക്കള്‍ മുട്ടില്‍ വീണ് പ്രാര്‍ത്ഥിക്കുന്നതായിട്ട് ലൂക്കാ വീണ്ടും രേഖപ്പെടുത്തിയിട്ടുണ്ട്. സഭയിലെ പ്രഥമ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫന്‍ കല്ലെറിയപ്പെട്ടപ്പോഴും, പത്രോസ് പരേതന്‍റെ ഉയിര്‍പ്പിനായി കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചപ്പോഴും, പൗലോസ്ലീഹാ രക്തസാക്ഷിത്വം ഏറ്റുവാങ്ങിയപ്പോഴും മുട്ടില്‍നിന്നുകൊണ്ടാണ് അപ്രകാരം ചെയ്തത്. മുട്ടില്‍നിന്നുകൊണ്ടുള്ള ആദിമ സഭയിലെ പ്രാര്‍ത്ഥനയുടെ രൂപം അങ്ങനെ വിശുദ്ധ ലൂക്കാ വരച്ചുകാട്ടുന്നു. തിന്മയുടെ ശക്തികള്‍ക്കെതിരെ മുട്ടില്‍ നിവര്‍ന്നുനില്ക്കുന്ന ക്രിസ്തു ശിഷ്യര്‍, ആ ശാരീരക ഭാവത്തില്‍ ദൈവതിരുമുമ്പാകെ പുത്രന്മാരും പുത്രിമാരുമെന്ന നിലയില്‍ തങ്ങളെത്തന്നെ പൂര്‍ണ്ണമായി സമര്‍പ്പിക്കുകയാണ്. ദൈവമഹത്വത്തിന്‍റെ മുന്നില്‍ ക്രൈസ്തവന്‍ മുട്ടുമടക്കി ദൈവികപ്രാഭവം അംഗീകരിക്കുകയും അവിടുത്തെ സാന്നിദ്ധ്യത്തിലുള്ള ആത്മവിശ്വാസം പ്രകടമാക്കുകയും ചെയ്യുന്നു.


ക്രിസ്തുവിന്‍റെ ആത്മീയ സംഘര്‍ഷമാണ് ഗദ്സേമിനിയില്‍ പിതാവിനോടുള്ള
പ്രാര്‍ത്ഥനയില്‍ പ്രകടമാക്കപ്പെടുന്നത്. അവിടുന്ന് അനുഭവിക്കുന്ന സംഘര്‍ഷം മനുഷ്യരക്ഷയ്ക്കുവേണ്ടിയുള്ള ശാരീരികവും മാനസീകവുമായ സമര്‍പ്പണത്തിന്‍റെ പ്രകടഭാവമാണ്. മരണത്തിന്‍റെ മുന്നില്‍ ഏതൊരു മനുഷ്യനും അനുഭവിക്കുന്ന വളരെ സ്വാഭാവികമായ സംഘട്ടനമാണ് ക്രിസ്തുവില്‍ നാം ദര്‍ശിക്കുന്നത്. മരണത്തെക്കുറിച്ചുള്ള ക്രിസ്തുവിന്‍റെ വെറും ഭീതിയെന്നതിനേക്കാള്‍, മനുഷ്യരുടെ നിന്ദ്യമായ വഞ്ചയുടേയും അധര്‍മ്മത്തിന്‍റേയും ശാപമാര്‍ന്ന ചഷകമാണ് തന്‍റെ പീഡകളില്‍ ക്രിസ്തു കുടിക്കുന്നത് എന്ന വസ്തുതകൂടെ മനസ്സിലാക്കേണ്ടതാണ്. സകല നന്മയായ അവിടുത്തെ വിഴുങ്ങുവാന്‍ പോകുന്നത് ഈ ലോകത്തിന്‍റെ ഭയാനകമായ തിന്മയുടെ പ്രളയമാണ്. എന്നാല്‍ ക്രിസ്തു അതിനെ കീഴ്പ്പെടുത്തിയ്ത് ഭൂമുഖത്തുള്ള ഓരോ മനുഷ്യന്‍റെയും ആത്മരക്ഷയ്ക്കുവേണ്ടിയാണ് - എനിക്കും നിങ്ങള്‍ക്കും വേണ്ടിയാണ്. ക്രിസ്തുവിന്‍റെ മാരകമായ യാതനയുടെ നിമിഷങ്ങള്‍ മനുഷ്യകുലത്തിന്‍റെ രക്ഷണീയ പദ്ധതിയുടെ അനിവാര്യമായ ഘടകമാണ്. ഹെബ്രായരുടെ ലേഖനം ക്രിസ്തുവിന്‍റെ ഓലിവുമലയിലെ മാനസീക വ്യഥയെ അവിടുത്തെ പൗരോഹിത്യ പ്രാര്‍ത്ഥനയും സമര്‍പ്പണവുമായിട്ടാണ് ചിത്രീകരിക്കുന്നത്. അവിടുന്ന് നമ്മുടേയും മനുഷ്യകുലത്തിന്‍റെ മഴുവന്‍റേയും പാപങ്ങളും സ്വയം ഏറ്റെടുക്കുകയും പിതൃസന്നിധിയില്‍ തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്യുന്നു.

അവസാനമായി ക്രിസ്തുവിന്‍റെ ഒലിവുമലയിലെ പ്രാര്‍ത്ഥനയുടെ ഉള്ളടക്കത്തിലേയ്ക്കു
നമുക്ക് കടക്കാം. “പിതാവേ, എല്ലാം അങ്ങേയ്ക്കു സാദ്ധ്യമാണ്. ഈ പാനപാത്രം എന്നില്‍നിന്നു മാറ്റിത്തരണമേ. എന്നാല്‍ എന്‍റെ ഹിതമല്ല അങ്ങയുടെ ഹിതം മാത്രം!” (മാര്‍ക്ക് 14, 36).
തന്‍റെ മുന്നില്‍ പൊന്തിനില്ക്കുന്ന സംഭവങ്ങളുടെ ബാഹുല്യത്താല്‍ വളരെ സ്വാഭാവികമായ മാനുഷ്യ ഭീതിയാല്‍ ക്രിസ്തു തന്‍റെ വ്യഥകളില്‍നിന്നും പിന്മാറുവാന്‍ ആഗ്രഹിക്കുന്നു. തന്നെ ഈ കഠോര പീഡനത്തില്‍നിന്നും വിമുക്തനാക്കണമേ, എന്നാണ് ആദ്യം പ്രാര്‍ത്ഥിച്ചത്. എന്നിട്ട് പുത്രസഹജമായ വാത്സല്യത്തോടെ എല്ലാം പിതാവിന്‍റെ കരങ്ങളില്‍ സമര്‍പ്പിക്കുന്നു. ഇതോടെ ആദി മനുഷ്യനായ ആദത്തിന്‍റെ സ്വാര്‍ത്ഥയുടെ നിലപാടുവെടിഞ്ഞ്, ക്രിസ്തു മനുഷ്യകുലത്തെ മുഴുവന്‍ മോചിപ്പിക്കുന്ന പുതിയ ആദത്തിന്‍റെ രൂപമണിയുന്നു. ദൈവത്തെപ്പോലെയാകുവാനുള്ള ആദിമനുഷ്യന്‍റെ അഹന്തയാണ് ക്രിസ്തു തന്‍റെ വിധേയത്വവും വിനീതഭാവവുംവഴി രൂപാന്തരപ്പെടുത്തിയത്. പാപത്തിന്‍റെ ഉള്‍ക്കാമ്പ് അഹന്തയാണ്. സാധാരണ ഗതിയില്‍
മനുഷ്യന്‍ ചിന്തിക്കുന്നത് എന്‍റെ ആഗ്രഹം നിവര്‍ത്തിതമാകുമ്പോഴാണ് ഞാന്‍ വിജയിക്കുന്നതും സ്വതന്ത്രനാകുന്നതും എന്നാണ്. മനുഷ്യന്‍റെ അടിസ്ഥാന സ്വാതന്ത്ര്യത്തിന് ദൈവം വിഘ്നമാണെന്ന് മനുഷ്യനു തോന്നുന്നു. അങ്ങനെ ദൈവത്തില്‍നിന്നും സ്വതന്ത്രനായെങ്കില്‍ മാത്രമേ, അല്ലെങ്കില്‍ ജീവിതത്തില്‍നിന്നും ദൈവത്തെ ഒഴിവാക്കിയെങ്കില്‍ മാത്രമേ താന്‍ സ്വാതന്ത്രനാകൂ എന്നുള്ള ചിന്ത മനുഷ്യനില്‍ കടന്നുകൂടുന്നു.

മനുഷ്യന്‍റെ ഹൃദയാന്തരാളത്തില്‍ ഒളിഞ്ഞുകിടക്കുന്നതും ചരിത്രത്തിലുടനീളം കാണുന്നതുമായ സംഘര്‍ഷവും സംഘട്ടനവുമാണ് ഇത് – ദൈവത്തില്‍നിന്നും അകന്നു സ്വതന്ത്രനായി ജീവിക്കണമെന്ന ചിന്ത. ഇതാണ് മനുഷ്യനെ വഴിതെറ്റിക്കുന്ന അടിസ്ഥാന തിന്മയും. ദൈവത്തിന്‍റെ പ്രതിച്ഛായയിലുള്ള മനുഷ്യന്‍ ദൈവിക ഐക്യത്തില്‍ ജീവിക്കുന്ന സത്താഭാവത്തില്‍
മാത്രമേ യഥാര്‍ത്ഥത്തിലുള്ള സ്വാതന്ത്ര്യം അനുഭവിക്കുകയുള്ളൂ. ദൈവത്തെ ചെറുത്തുകൊണ്ടോ, തള്ളിപ്പറഞ്ഞുകൊണ്ടോ, നിഷേധിച്ചുകൊണ്ടോ അല്ല, മറിച്ച് ദൈവീക ഐക്യത്തിലാണ് നാം സത്യമായും ദൈവത്തെപ്പോലെ ആയിത്തീരുന്നത്. മനുഷ്യന്‍റെ സ്വാര്‍ത്ഥതയുടേയും അഹന്തയുടെയും വ്യാജസങ്കല്പത്തെയാണ് ക്രിസ്തു ഒലിവുമലയിലെ തന്‍റെ പ്രാര്‍ത്ഥനയില്‍ ഇല്ലായ്മചെയ്തത്. അങ്ങനെ ദൈവത്തോടുള്ള അനുസരണയുടേയും വിധേയത്വത്തിന്‍റേയും പാതയില്‍ അവിടുന്ന് യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിന്‍റെ പാത നമുക്കായി തുറന്നുതന്നു. ദൈവഹിതത്തിന് പൂരിപൂര്‍ണ്ണ സമ്മതം നല്കിക്കൊണ്ട് മനുഷ്യകുലത്തെ യഥാര്‍ത്ഥമായ നന്മയുടെ സ്വാതന്ത്യത്തിലേയ്ക്ക് നയിക്കണമേ, എന്ന് യേശുവിനോട് ഇന്നേ ദിവസം പ്രത്യേകമായി പ്രാര്‍ത്ഥിക്കാം. ആമേന്‍.









All the contents on this site are copyrighted ©.