2012-03-31 20:37:59

സുവിശേഷപരിചിന്തനം
1 ഏപ്രില്‍ 2012 ഓശാന ഞായര്‍


വി. മാര്‍ക്കോസ് 11, 1-10, വി. യോഹന്നാന്‍ 12, 12-16
.
ജരൂസലേമിനടുത്ത്, ഒലിവു മലയ്ക്കു സമീപമുള്ള ബഥനിയായിലെത്തിയപ്പോള്‍ ക്രിസ്തു ശിഷ്യന്മാരോടു പറഞ്ഞു, “നിങ്ങള്‍ മുന‍്പേ കാണുന്ന ഗ്രാമത്തിലേയ്ക്കു പോകുവിന്‍.
അരും ഒരിക്കലും കയറിയിട്ടില്ലാത്ത കഴുതക്കുട്ടിയെ വീടു മുറ്റത്ത് കെട്ടിയിരിക്കുന്നത് നിങ്ങള്‍ കാണും. അതിനെ അഴിച്ച് കൊണ്ടുവരിക. ആരെങ്കിലും ചോദിച്ചാല്‍... ഗുരുവിന് അതിനെക്കൊണ്ട് ആവശ്യമുണ്ടെന്നും, പിന്നീട് തിരിച്ചെത്തിക്കാമെന്നും പറയുക.”
“കര്‍ത്താവിന് അതിനെക്കൊണ്ട് ആവശ്യമുണ്ട്,” എന്ന കഴുതയുടെ ഉടമസ്തനോട് പറയുന്ന വചനം ശ്രദ്ധേയമാണ്. സഭ വിഭാവനംചെയ്യുന്ന നവസുവിശേഷവത്ക്കരണം ഏവരുടെയും, ചെറിയവരുടേയും വലിയവരുടേയും ഉത്തരവാദിത്വമാണെന്ന് ധ്വനിപ്പിക്കുന്നതാണ്. സമാന്തര സുവിശേഷകന്മാരില്‍ മൂന്നു പേര്‍ ഓശാനയുടെ ഒരുക്കങ്ങള്‍ വളരെ സംഗ്രഹിച്ചു വിവരിക്കുന്നുണ്ട്.

നവസുവിശേഷവത്ക്കരണത്തിനായി ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ
സഭയെ ഓരുക്കുന്ന കാലഘട്ടമാണിത്. ക്രിസ്തുവിനെ നവമായി ഈ ലോകത്ത് ആവിഷ്ക്കരിക്കാനുള്ള ആഹ്വാമാണിത്. കാലപ്പഴക്കത്തിലും പാരമ്പര്യങ്ങളുടെ കെട്ടുപിണയലിലും, ആധുനികതയുടെ കുത്തൊഴുക്കിലും വാര്‍ന്നുപോയ ക്രിസ്തീയതയും വിശ്വാസചൈതന്യവും നവീകരിക്കുക, പുനരാവിഷ്ക്കരിക്കുക എന്നതാണ് നവസുവിശേഷവത്ക്കരണംകൊണ്ട് ലക്ഷൃംവയ്ക്കുന്നത്. ജരൂസലേമിലേയ്ക്ക് ക്രിസ്തു നടത്തിയ ആഘോഷമായ പട്ടണപ്രവേശനം സാദ്ധ്യമാകുന്നത് കഴുതയും കഴുതയുടെ ഉടമസ്ഥന്‍ നല്‍കിയ സമ്മതത്തിലൂടെയാണ്. സാദ്ധ്യമാകുന്ന മേഖലകളില്‍ സുവിശേഷം പങ്കുവയ്ക്കുക എന്നത് എല്ലാ ക്രൈസ്തവരുടെയും ഉത്തരവാദിത്തമാണ്.

മൃഗങ്ങളില്‍ ഏറ്റവും കഴിവു കുറഞ്ഞതായിട്ടാണ് കഴുതയെ കണക്കാക്കുന്നത്. ക്രിസ്തുവിനെ ജരൂസലേം സമൂഹത്തില്‍ ആവിഷ്ക്കരിക്കാന്‍ കഴുത ആവശ്യമായിരുന്നു. ഓശാന പ്രദക്ഷിണത്തില്‍ ജനം ഇളകിവശായി. മനുഷ്യര്‍ അവരുടെ വസ്ത്രങ്ങള്‍ വിരിക്കുന്നു. ചെറുപ്പക്കാര്‍ മരക്കമ്പുകള്‍ വെട്ടി വഴിയില്‍ വിതറുന്നു. ക്രിസ്തു ആ വഴികളിലൂടെ കടന്നുപോയി. ആഘോഷമായി ജരൂസലേമിലേയ്ക്കു പ്രവേശിക്കാന്‍വേണ്ട സകല സംവിധാനങ്ങളും ജനമാണ് ഒരുങ്ങുന്നത്. അവിടുത്തെ പട്ടണപ്രവേശനം സാധിതമാകുന്നത്. ആരുടെയൊക്കെയോ സംഭാവനകൊണ്ടും സഹകരണംകൊണ്ടുമാണ്. ക്രൈസ്തവ ജീവിതത്തില്‍ നാം നല്കേണ്ട പങ്കാളിത്തവും വ്യക്തിപരമായ ജീവിത സാക്ഷൃവുമാണ് ഇതു സൂചിപ്പിക്കുന്നത്.

നവഭാരത നിര്‍മ്മിതിക്ക് സഭയുടെ സംഭാവന എന്നതായിരുന്നു, ബാംഗളൂര്‍ സമ്മേളിച്ച ദേശീയ മെത്രാന്‍ സമിതി സമ്മേളനം അടുത്ത കാലത്ത് ചര്‍ച്ചചെയ്ത വിഷയം.“നിങ്ങളുടെ ഇടപെടലുകള്‍ പൊതുജനമദ്ധ്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്കു കാരണമാകുന്നുണ്ട്. സുവിശേഷം ജീവിച്ചുകൊണ്ടു നിങ്ങള്‍ നടത്തുന്ന മിഷന്‍ പ്രവര്‍ത്തനള്‍ തുടരുകായാണെങ്കില്‍ നിങ്ങളെ എതിര്‍ക്കാന്‍ ഭാരതത്തിലെ ഓരാളെക്കൊണ്ടും സാധിക്കില്ല,” – എന്നാണ് ഭാരതത്തിന്‍റെ ഇലഗ്ഷന്‍ കമ്മിഷണര്‍ നവീണ്‍ ചൗള ബാംഗളൂരിലെ ദേശീയ മെത്രാന്‍ സമിതി യോഗത്തോടു പറഞ്ഞത്. ഒരു പക്ഷേ, ഭാരതത്തിലെ ന്യൂനപക്ഷമായ ക്രൈസ്തവ വിശ്വാസികള്‍ അവരുടെ ജീവിതങ്ങള്‍ സാക്ഷൃമാക്കുകയാണെങ്കില്‍ അതിനേക്കാള്‍ വലിയ സുവിശേഷവത്ക്കരണം ഇന്ത്യയില്‍ വേറെ സംഭവിക്കാനില്ല. വലിയ നോമ്പിന്‍റെ പരിസമാപ്തിയില്‍ എത്തിനില്ക്കുന്ന ഇന്നാളില്‍ ആത്മശോധനയ്ക്കു വിഷയമാക്കേണ്ട പ്രമേയമാണിത്. ഓരോ വ്യക്തിയും സുവിശേഷത്തിന്‍റെ ആധികാരിക വക്താവാകണം. സുവിശേഷത്തനിമയാര്‍ന്ന ജീവിതങ്ങള്‍ സാക്ഷൃമായി ലോകത്തിനു പകര്‍ന്നു നല്കണം. ജരൂസലേമിലെ ഓശാന പ്രദക്ഷിണത്തില്‍ പങ്കെടുത്ത വീട്ടുടമസ്ഥന്‍ തന്‍റെ കഴുതയെ കര്‍ത്താവിനു കൊടുത്തില്ലേ. അയാളുടെ സര്‍വ്വസാദ്ധ്യതകളും ആയിരുന്നിരിക്കണം അവിടുത്തെ പട്ടണ പ്രവേശനത്തിനായി പങ്കുവച്ചത്.

നവസുവിശേഷവത്ക്കരണത്തിന് പുതിയ മേച്ചില്‍ പുറങ്ങളുണ്ട്. ഈ ലോകത്തിലെ
എല്ലാ സംവിധനങ്ങളും ഉപയോഗിച്ചു സുവിശേഷവത്ക്കരണം നടത്താന്‍ നമുക്കു കഴിയണം. മാര്‍ക്കോണിയാണ് റേഡിയോ കണ്ടുപിടിച്ചതെന്ന് നമുക്കറിയാം. 45 ഭാഷകളില്‍ ആഗോളതലത്തില്‍ പ്രക്ഷേപണമുള്ള വത്തിക്കാന്‍ റേഡിയോനിലയം അദ്ദേഹമാണു സംവിധാനം ചെയ്തത്. അതിലൂടെ ആദ്യം പ്രക്ഷേപണംചെയ്ത വാര്‍ത്ത, “അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി, ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം,” എന്നതായിരുന്നു. തന്‍റെ കണ്ടുപിടുത്തത്തിലൂടെ ആദ്യം പ്രക്ഷേപണംചെയ്തത് ദൈവത്തിന്‍റെ മഹത്വവും മനുഷ്യന്‍റെ നന്മയ്ക്കായുള്ള പ്രാര്‍ത്ഥനയുമാണ്.

അതുപോലെ നവമായ വിവരസാങ്കേതികതയുടേയും മാധ്യമങ്ങളുടേയും മേഖലകളില്‍, സുവിശേഷവത്ക്കരണ സാദ്ധ്യതകളുണ്ടെന്ന് മറന്നുപോകരുത്. മാധ്യമങ്ങള്‍ തിന്മയാണെന്നു പറഞ്ഞു തള്ളരുത്. അവയെ നന്മയുടെ ചാലകശക്തിയാക്കാം. ആയിരിക്കുന്ന മേഖലകളില്‍ ലഭ്യമാകുന്ന സര്‍വ്വകഴിവുകളും കര്‍ത്താവിന്‍റെ പട്ടണ പ്രവേശനത്തിന് ഉപാധിയാക്കിയ ജരൂസലേം ജനതയെപ്പോലെ നമുക്കും പരിശ്രമിക്കാം. ഇത് സുവിശേഷവത്ക്കരണത്തിന്‍റെ നവചക്രവാളമാണ്. പ്രതിസന്ധികളുടെ മദ്ധ്യത്തിലും കര്‍ത്താവിന്‍റെ സുവിശേഷത്തിന് പ്രസക്തിയുണ്ടെന്ന് തെളിയുന്നതാണ് നവസുവിശേഷവത്ക്കരണം. ക്രിസ്തുവിനെ ജീവിതത്തില്‍, ജീവിതമേഖലകളില്‍ നമുക്ക് സ്വീകരിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് ഇന്നിന്‍റെ പ്രശ്നമാണ്.
.................................
ജനിസാറെത്ത് തടാകക്കരയിലെത്തിയ ക്രിസ്തു പിശാചുബാധിതനെ സൗഖ്യപ്പെടുത്തിയ സംഭവം മാര്‍ക്ക് 5, 13 വാക്യത്തില്‍ വായിക്കുന്നുണ്ട്. അവനില്‍നിന്ന് പുറത്തേയ്ക്കു വന്ന അശുദ്ധാത്മാവ്, അവിടെ മേഞ്ഞുനടന്ന പന്നിക്കൂട്ടങ്ങളിലേയ്ക്ക് ആവസിച്ചു. തിന്മയുടെ അതിശക്തമായ ആഘാതം താങ്ങാനാവാതെ പന്നിക്കൂട്ടം കടലില്‍ ചാടി. അവ ചത്തുപൊങ്ങി. ഇതറിഞ്ഞ മാത്രയില്‍ ഗ്രാമം മുഴുവന്‍ ക്രിസ്തുവിനെ തേടിയെത്തി. രക്ഷ തങ്ങളുടെ പൂമുഖത്ത് എത്തിയതിന് സ്തോത്രം പാടാനല്ല. പിന്നെയോ, അവര്‍ ഒരേസ്വരത്തില്‍ പറഞ്ഞു, “ഞങ്ങളുടെ ഗ്രാമത്തിന്‍റെ അതിരു വിട്ടുപോവുക. ഞങ്ങള്‍ക്കിഷ്ടം ഞങ്ങളുടെ പന്നിക്കൂട്ടമാണ്, ക്രിസ്തുവല്ല.”

രക്ഷകന്‍ എന്‍റെ ജീവിതത്തില്‍ കുറെയധികം ക്രമീകരണങ്ങള്‍ ആവശ്യപ്പെടുന്നു. ഞാന്‍ ബലമെന്നു ചിന്തിക്കുന്നത്, അവിടുന്നു ബലക്ഷയമായി വ്യാഖ്യാനിക്കുന്നു. ഇഷ്ടമുള്ളതു പലതും മുറിച്ചുകളയണമെന്ന് അവിടുന്നു ശഠിക്കുന്നു. ഞാനവിടുത്തെ ഭയപ്പെടുന്നു. അതുകൊണ്ടാണ്
എന്‍റെ സ്വകാര്യതകളുടെ അതിര്‍ത്തികള്‍ വിട്ടുപോകാന്‍ ക്രിസ്തുവിനോട് ആവശ്യപ്പെടുന്നത്.

ദൈവത്തെ ഗൗരവമായി അഭിമുഖീകരിക്കുകയാണെങ്കില്‍ അവിടുത്തേയ്ക്കായി വലിയ വില നല്‍കാന്‍ തയ്യാറാകേണ്ടി വരും. വിലയൊന്നും കൊടുക്കാതെ, ഫ്രീയായിട്ട് എന്തെങ്കിലും കിട്ടുമോ എന്നാണ് എന്‍റെ നോട്ടം. എല്ലാം വെറുതെ നല്കുന്ന ഒരാളായിട്ടാണ് ദൈവത്തെക്കാണുന്നത്..
വില കൊടുക്കാതെ സ്വന്തമാക്കാനാവുന്ന ദൈവസ്ങ്കല്പത്തെ ഈ തപസ്സില്‍ നിഷേധിക്കാനാവണം. ഏറ്റവും ചെറിയവയ്ക്കുപോലും വലിയ വിലയാണ് സാധാരണ ജീവിതത്തില്‍ നാം ചിലവിടുന്നത്. ഒരു പരീക്ഷയ്ക്കുവേണ്ടി എത്രയെത്ര രാവുകള്‍,... എത്ര മെഴുതിരികള്‍. ആത്മപീഡനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഓര്‍ക്കണം. God is not cheap ദൈവം വിലകുറഞ്ഞവനല്ല. ഒത്തിരി സാധന, ചര്യ, ക്രമീകരണങ്ങള്‍, ആന്തരിക സംഘര്‍ഷങ്ങള്‍, അലച്ചിലുകള്‍, പരിത്യക്താവസ്ഥകള്‍, ഒക്കെത്തന്നെ എന്‍റെ തമ്പുരാനുവേണ്ടി നല്കേണ്ട വിലയാണ് – ഒറ്റവാക്കില്‍ ഇതാണ്.. തപസ്സ്

ബുദ്ധമതത്തിലെ ഏറ്റവും ഉയര്‍ന്ന ധ്യാനമാണ് സെന്‍. അതിന്‍റെ ഒന്നാം പാഠമിതാണ്, നിനക്കെതിരെ ബുദ്ധന്‍ വന്നാല്‍ കൊന്നുകളയുക. നടുങ്ങേണ്ട. സെന്‍ ചിന്തയുടെ പൊരുള്‍ ഇതാണ് - പുറത്തുള്ള ബുദ്ധന് കുന്തുരുക്കം പുകച്ചും മെഴുതിരി കത്തിച്ചും പൂക്കള്‍ വിതറിയും ശരണം പാടിയും നിന്‍റെ ഉള്ളിലെ ബുദ്ധനെ കാണാതെ പോകും, മറന്നുപോകും.
അതുപോലെ, പുറമെയുള്ള ക്രിസ്തുവിനെ പൂജിച്ചു നടക്കുന്നവര്‍ ഉള്ളിലെ ക്രിസ്തുവിനെ തിരിച്ചറിയണമെന്നില്ല.

യേശുവിന്‍റെ ജരൂസലേം പ്രവേശനത്തിലൂടെ വിശുദ്ധ വാരത്തിലേയ്ക്ക് കടക്കുമ്പോള്‍,
ക്രിസ്തു ഉള്ളിലുണ്ടെന്നോര്‍ക്കുക. ഉള്ളിലെ ക്രിസ്തുവാണ് വലിയ സാദ്ധ്യത, എളുപ്പമുള്ള സാദ്ധ്യത. തന്‍റെ മരണത്തിന്‍റെ തലേനാള്‍ ക്രിസ്തു ഗദ്സേമിനിയില്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുമ്പോള്‍, ശിഷ്യന്മാരാവട്ടെ, ഉറക്കത്തിലേയ്ക്ക് വഴുതിപ്പോയി. ഉറങ്ങിയ ശിഷ്യരും പ്രാര്‍ത്ഥിക്കുന്ന ക്രിസ്തുവും തമ്മില്‍ ‘കല്ലേറുദൂരമേ’ ഉണ്ടായിരുന്നുള്ളൂ (ലൂക്കാ 22, 42). വ്യത്യാസമിതാണ് – ഗുരു ഉണര്‍ന്നവനും, ശിഷ്യന്മാര്‍ ഉറങ്ങുന്നവരും ആയിരുന്നു. ഉണര്‍ന്നിരിക്കാന്‍‍ ആന്തരിക ബലമില്ലാത്തവരായിപ്പോയി ശിഷ്യന്മാര്‍. ഈ ആയുസ്സുകൊണ്ട്, ക്രിസ്തുവും ഞാനും തമ്മിലുള്ള കല്ലേറുദൂരം കണ്ടെത്താനാവുമോ. ദൈവരാജ്യം അവിടെയല്ല ഇവിടെയല്ല. പുറത്തല്ല, ചുറ്റിലുമല്ല. പിന്നെയോ, അതെന്നിലാണ്. ക്രിസ്തു നമ്മുടെ മനസ്സിന്‍റെ അമരങ്ങളില്‍ ഉറങ്ങുകയാണ്. അവിടുത്തെ തട്ടിയുണര്‍ത്തുക. എന്നിട്ടു പറയുക, “യേശുവേ അങ്ങെന്‍റെ ജീവനിലേയ്ക്ക് പ്രവേശിക്കുക. ചിന്തയെ ശുദ്ധീകരിക്കുക, വാക്കിനെ വചനമാക്കുക, കര്‍മ്മത്തെ കൂദാശയാക്കുക. ഇത് കാറ്റുംകോളുമേറിയ യാമമാണ്. ഉത്തമപുരുഷാ, അങ്ങുണര്‍ന്ന് എന്നെ കീഴ്പ്പെടുത്തുക.”

ഓലിവു പൂത്ത താഴ്വാരവും താണ്ടി, കളകളാരവത്തോടെ ഒഴുകുന്ന കേദ്രോണ്‍ അരുവിയും കടന്ന്, ഇതാ ആയിരങ്ങളുടെ ഓശാനാ ആരവവുമായി ക്രിസ്തു ജരൂസലേമിലേയ്ക്ക് ആനീതനാകുന്നു. രാജാധിരാജനായ ക്രിസ്തുവിനെ നമുക്കു സ്തുതിച്ചുപാടാം : ഓശാനാ, ദാവീദിന്‍ സുതന് ഓശാന.....
RealAudioMP3 RealAudioMP3







All the contents on this site are copyrighted ©.