2012-03-30 10:52:08

യുവജനസംഗമം WYD
വിശ്വാസയാത്രയിലെ
ദീപസ്തംഭം


30 മാര്‍ച്ച് 2012, റോം
വിശ്വാസയാത്രയിലെ ദീപസ്തംഭമാണ് ആഗോള യുവജനസംഗമമെന്ന്, അല്‍മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവൂസ് റയില്‍ക്കോ പ്രസ്താവിച്ചു. ബ്രസീലില്‍ അരങ്ങേറാന്‍ പോകുന്ന ലോക യുവജനസംഗമത്തിന് ഒരുക്കമായി മാര്‍ച്ച് 29-ാം തിയതി റോമിലെ റോക്കോ ദി പാപ്പായില്‍ ആരംഭിച്ച സംഘാടക സമിതിയുടെ അന്തര്‍ദേശിയ സമ്മേളനത്തിലാണ് കര്‍ദ്ദിനാള്‍ റയില്‍ക്കോ ഇപ്രകാരം പ്രസ്താവിച്ചത്.

വിശ്വാസ സമൂഹത്തിന് ശക്തി പകര്‍ന്നുകൊണ്ട് ഈ ലോകത്തുള്ള ദൈവിക സാന്നിദ്ധ്യം പ്രഘോഷിക്കുന്ന യുവസഭയുടെ പ്രത്യക്ഷീകരണമാണ് ആഗോള യുവജനസംഗമമെന്ന്,
കര്‍ദ്ദിനാള്‍ റയില്‍ക്കോ വിശേഷിപ്പിച്ചു. ദൈവത്തിലുള്ള വിശ്വാസത്തിന്‍റെ പ്രസക്തി വെളിപ്പെടുത്തുന്നതും വിശ്വാസ ക്ഷയമുള്ള ലോകത്തിന് ഔഷധവുമാണ് ആഗോള യുവജനസംഗമമെന്നും, കര്‍ദ്ദിനാള്‍ സമ്മേളനത്തിന് ആമുഖമായി പ്രസ്താവിച്ചു.
2013-ലെ യുവജന സംഗമത്തിന്‍റെ ആതിഥ്യ രാഷ്ട്രമായ ബ്രസീലിന്‍റെ സംഘാടക സമിതി, മാഡ്രിഡ് സംഗമത്തിന്‍റെ സംഘാടക കമ്മിറ്റി, 93 രാഷ്ട്രങ്ങളില്‍നിന്നും 5 ഭൂഖണ്ഡങ്ങളില്‍നിന്നുമായുള്ള ദേശീയ യുവജന പ്രതിനിധികള്‍, ബ്രസീലിന്‍റെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും
റിയോ അതിരൂപത അദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് ഒറാനി ടെംപെസ്താ, സ്പെയിനിലെ ദേശീയ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ അന്തോണിയാ വരേലാ തുടങ്ങിയവരാണ്, ബ്രസീലിലെ യുവജന സംഗമത്തിന് ഒരുക്കമായിട്ടുള്ള ഈ സംഘാടക സമിതി യോഗത്തില്‍ പങ്കെടുക്കുന്നത്. ഏപ്രില്‍ 1-ാം തിയതി ഓശാന ഞായര്‍ ദിനത്തില്‍ വത്തിക്കാനിലെ
വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍വച്ച് പ്രതിനിധി സംഘം മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്നും അല്‍മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.








All the contents on this site are copyrighted ©.