2012-03-28 22:01:50

കന്യകാനാഥയ്ക്ക്
സ്വര്‍ണ്ണ റോസാപ്പൂക്കള്‍


28 മാര്‍ച്ച് 2012, ക്യൂബ
ക്യൂബയിലെ കന്യകാനാഥയ്ക്ക് മാര്‍പാപ്പ സ്വര്‍ണ്ണറോസാ പൂക്കള്‍ ചാര്‍ത്തി.
മാര്‍ച്ച് 27-ാം തിയതി ചൊവ്വാഴ്ച സാന്തിയാഗോയിലുള്ള കന്യകാനാഥയുടെ ദേശീയ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ചുകൊണ്ടാണ് മാര്‍പാപ്പ ചരിത്ര പ്രസിദ്ധമായ എല്‍ കോബ്രെ നാഥയുടെ തിരുസ്വരൂപത്തില്‍ സ്വര്‍ണ്ണറോസാ പൂക്കള്‍ തന്‍റെ ആത്മീയ ഉപഹാരമായി ചാര്‍ത്തിയത്.
മദ്ധ്യകാലഘട്ടത്തില്‍ മാര്‍പാപ്പമാര്‍ നല്കിയിരുന്ന ബഹുമതി ചിഹ്നമാണ് സ്വര്‍ണ്ണറോസാ
പൂക്കള്‍. വെള്ളിയുടെ പൂപ്പാത്രത്തില്‍വച്ചിട്ടുള്ള സ്വര്‍ണ്ണ നിര്‍മ്മിതമായ റോസാപ്പൂക്കളുടെ ചെറുകുലയാണ് ഈ ബഹുമിതി ചിഹ്നം.

ഉപഹാരത്തിലെ മുള്ളുകള്‍ ക്രിസ്തുവിന്‍റെ പീഡകളുടേയും, വിരിഞ്ഞ റോസാപ്പൂക്കള്‍ ഉത്ഥാനവിജയത്തിന്‍റേയും പ്രതീകമാണ്. ക്രിസ്തവിനോടു ചേര്‍ന്നു ജീവിക്കുന്നതിലുള്ള ത്യാഗത്തിന്‍റെയും കുരിശുകളുടേയും, കുരിശിലൂടെ ആര്‍ജ്ജിക്കേണ്ട വിജയത്തിന്‍റേയും ഓര്‍പ്പിക്കലാണ് ഈ പേപ്പല്‍ ബഹുമതി.

രാജാക്കന്മാര്‍ക്കും രാഷ്ട്രത്തലവന്മാര്‍ക്കും മാര്‍പാപ്പമാര്‍ നല്കിയിരുന്ന ബഹുമതി ചിഹ്നം, ജര്‍മ്മനിയിലെ അള്‍ത്തോങ്ങ്, ഓസ്ട്രിയായിലെ മരീയാസ്സെല്‍, പോര്‍ച്ചുഗലിലെ ഫാത്തിമ,
ബ്രസീലിലെ അപ്പരസീദാ എന്നീ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍വച്ച് ബനഡിക്ട് 16-ാമന്‍ പാപ്പ കന്യകാനാഥയ്ക്ക് ചാര്‍ത്തിയിട്ടുള്ളതായും ഫാദര്‍ ലൊമ്പാര്‍ഡി അനുസ്മരിച്ചു.

കോബ്രെയിലെ കന്യകാനാഥയുടെ വണക്കത്തിന്‍റെ നാലാം ശാതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ടാണ് മാര്‍പാപ്പ ദ്വീപുരാജ്യമായ ക്യൂബയിലെത്തിയത്.

26-ാം തിയതി രാവിലെ മെക്സിക്കോയില്‍നിന്നുമാണ് മാര്‍പാപ്പ ക്യൂബിയിലെത്തിയത്. മാര്‍പാപ്പയുടെ ക്യൂബ പര്യടനം തലസ്ഥാന നഗരമായ ഹവാനയിലെ വിപ്ലവത്തിന്‍റെ ചത്വരത്തില്‍ 28-ാം തിയതി രാവിലെ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയോടെ സമാപിക്കും.








All the contents on this site are copyrighted ©.