2012-03-21 17:57:27

പാപ്പായുടെ
സന്ദര്‍ശനത്തിന്‍റെ
മരിയന്‍ ദാര്‍ശനികത


21 മാര്‍ച്ച് 2012, ക്യൂബ
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ മെക്സിക്കോ–ക്യൂബാ സന്ദര്‍ശനങ്ങള്‍ക്ക് മരിയ ദാര്‍ശനികതയുണ്ടെന്ന് ക്യൂബയിലെ ഹവാനായുടെ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ ജെയിംസ് ഒര്‍ത്തേഗാ പ്രസ്താവിച്ചു. മാര്‍ച്ച് 23-മുതല്‍ 28-വരെ തിയതികളില്‍ അരങ്ങേറുന്ന പാപ്പായുടെ മെക്സിക്കോ-ക്യൂബാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വാര്‍ത്താ ഏജെന്‍സികള്‍ക്കു നല്കിയ അഭിമുഖത്തിലാണ്, സംഘാടക സമിതിയുടെ പ്രസിഡന്‍റുകൂടിയായ കര്‍ദ്ദിനാള്‍ ഒര്‍ത്തേഗാ ഇപ്രകാരം പ്രസ്താവിച്ചത്. ക്യൂബയുടെ ദേശീയ മദ്ധ്യസ്ഥയായ കോബ്രയിലെ കന്യകാനാഥയുടെയും, മെക്സിക്കോയുടെ മദ്ധ്യസ്ഥയായ ഗ്വാനഹ്വാത്തോ നാഥയുടെയും സന്നിധിയിലേയ്ക്കുള്ള പാപ്പായുടെ സന്ദര്‍ശനങ്ങള്‍ ഈ അപ്പസ്തോലിക പര്യടനത്തിന്‍റെ മരിയന്‍ ദാര്‍ശനികത വെളിപ്പെടുത്തുന്നുവെന്ന് കര്‍ദ്ദിനാള്‍ ഒര്‍ത്തേഗാ ചൂണ്ടിക്കാട്ടി.
മെക്സിക്കോയുടെയും ഇതര ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെയും സ്വാതന്ത്ര്യത്തിന്‍റെ
200-ാം വാര്‍ഷികം അനുസ്മരിച്ചുകൊണ്ട് പാപ്പ മാര്‍ച്ച് 24-ന് സമാധാന ചത്വരത്തിലുള്ള കൊട്ടാരത്തില്‍വച്ച് പ്രസിഡന്‍റ് ഫിലിപ്പേ കാല്‍ദെരോണ്‍ ഹിനോഹൊസ്സേയുമായി കൂടിക്കാഴ്ച നടത്തും.

25-ാം തിയതി ഞായറാഴ്ച രാവിലെ സലാവോ മലയിലെ ക്രിസ്തുരാജ ശില്പത്തിന്‍റെ താഴ്വാരത്തുള്ള സ്വാതന്ത്യത്തിന്‍റെ ചത്വരത്തില്‍ പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള സമൂഹബലിയാണ് ലാറ്റിനമേരിക്കന്‍ ജനതയുടെ പങ്കാളിത്തംകൊണട് ശ്രദ്ധേയമാകുവാന്‍ പോകുന്ന മെക്സിക്കോ സന്ദര്‍ശനത്തിലെ ഇനമെന്നും കര്‍ദ്ദിനാള്‍ ഉര്‍ത്തേഗാ സൂചിപ്പിച്ചു.
മാര്‍ച്ച് 26-ന് ക്യൂബയിലെത്തുന്ന മാര്‍പാപ്പ സാന്തിയാഗോയിലെ വിപ്ളവത്തിന്‍റെ ചത്വരത്തില്‍ ക്യൂബയുടെ മദ്ധ്യസ്ഥയായ കോബ്രായിലെ കന്യകാനാഥയുടെ 4-ാം ശതാബ്ദി ആഘോഷിച്ചുകൊണ്ട് ജനങ്ങള്‍ക്കൊപ്പം അര്‍പ്പിക്കുന്ന ദിവ്യബലിയും അപ്പസ്തോലിക പര്യടനത്തിന്‍റെ മുഖ്യപരിപാടിയാണ്. മാര്‍പാപ്പ മാര്‍ച്ച് 29-ന് പ്രാദേശിക സമയം രാവിലെ 11-മണിക്ക് വത്തിക്കാനില്‍ തിരിച്ചെത്തും.








All the contents on this site are copyrighted ©.