2012-03-20 16:29:17

ജല സംരക്ഷണവും ഭക്ഷൃ സുരക്ഷയും


20 മാര്‍ച്ച് 2012, ന്യൂയോര്‍ക്ക്
ആഗോള ഭക്ഷൃ സുരക്ഷ ഉറപ്പുവരുത്താന്‍ ജലവിഭവങ്ങളുടെ സംരക്ഷണം അത്യന്താപേക്ഷിതമാണെന്ന് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. മാര്‍ച്ചു 22ാം തിയതി ലോക ജല ദിനമായി ആചരിക്കുന്നതോടനുബന്ധിച്ചു നല്‍കിയ സന്ദേശത്തിലാണ് ബാന്‍ കി മൂണ്‍ ഇപ്രകാരം പ്രസ്താവിച്ചത്. “ജലവും ഭക്ഷൃസുരക്ഷയും” എന്നതാണ് ഇക്കൊലത്തെ ലോക ജല ദിനത്തിന്‍റെ പ്രമേയം. ജല ദൗര്‍ലഭ്യത ലോകത്തിന്‍റെ പല ഭാഗങ്ങളിലും കാര്‍ഷിക ഉല്‍പാദനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജല വിഭവങ്ങള്‍ക്കുവേണ്ടി സമൂഹങ്ങളും രാജ്യങ്ങളും നടത്തുന്ന മത്സരങ്ങള്‍ സുരക്ഷാപ്രശ്നങ്ങള്‍ക്കു കാരണമാകുന്നു. ലോകത്തില്‍ നൂറുകോടിയോളം ജനങ്ങള്‍ പട്ടിണിയിലാണെന്നും എണ്‍പതു ദശലക്ഷം പേര്‍ ശുദ്ധ ജലം ലഭിക്കാതെ വലയുന്നുണ്ടെന്നും ബാന്‍ കി മൂണ്‍ ചൂണ്ടിക്കാട്ടി. എല്ലാവര്‍ക്കും ജലവും ഭക്ഷണവും ലഭ്യമാക്കുന്നതിന് എല്ലാ വിഭാഗങ്ങളുടേയും കൂട്ടായ സഹകരണം ആവശ്യമാണ്. ബാന്‍ കി മൂണ്‍ പ്രസ്താവിച്ചു. ജല- ഭക്ഷൃ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ജല വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ശാസ്ത്രീയ സംവിധാനങ്ങളുടെ ആവിഷ്ക്കരണം, ജലവിഭവ സംരക്ഷണത്തിനും വിനിയോഗത്തിനും, ഗ്രാമവികസനത്തിനും വേണ്ടിയുള്ള നിക്ഷേപങ്ങള്‍, എല്ലാവര്‍ക്കും ജലവും ഭക്ഷണവും ലഭ്യമാക്കുന്നതിനുള്ള പദ്ധതികളുടെ ആസൂത്രണം തുടങ്ങിയവ അനിവാര്യമാണെന്നും ബാന്‍ കി മൂണ്‍ പ്രസ്താവിച്ചു. അന്തര്‍ദേശീയ ഉച്ചകോടികള്‍ പരിസ്ഥിതി സംരക്ഷണത്തെ സംബന്ധിച്ചു കൈക്കൊണ്ടിട്ടുള്ള തീരുമാനങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ പ്രാവര്‍ത്തീകമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.








All the contents on this site are copyrighted ©.