2012-03-20 16:28:55

അപ്പസ്തോലിക വിസിറ്റേഷന്‍ സംഘത്തിന്‍റെ നിരീക്ഷണങ്ങള്‍


20 മാര്‍ച്ച് 2012, വത്തിക്കാന്‍
അയര്‍ലണ്ടില്‍ അപ്പസ്തോലിക വിസിറ്റേഷന്‍ സംഘം നടത്തിയ നിരീക്ഷണങ്ങളുടേയും നിര്‍ദേശങ്ങളുടേയും സംഗ്രഹം മാര്‍ച്ച് ഇരുപതാം തിയതി ചൊവ്വാഴ്ച പരിശുദ്ധ സിംഹാസനം പ്രസിദ്ധീകരിച്ചു. 2011 ജൂണ്‍ ആറാം തിയതി പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിലെ നിര്‍ദേശപ്രകാരം അയര്‍ലണ്ടിലെ നാല് അതിരൂപതകളിലും സന്ന്യസ്ത ഭവനങ്ങളിലും സെമിനാരികളിലും വിസിറ്റേഷന്‍ സംഘം നടത്തിയ അന്വേഷണങ്ങളുടെ സംഗ്രഹമാണ് റിപ്പോര്‍ട്ടിലുള്ളത്. അയര്‍ലണ്ടിലെ കത്തോലിക്കര്‍ക്ക് അയച്ച സന്ദേശത്തില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പ്രകടിപ്പിച്ച നടുക്കവും അമ്പരപ്പും വീണ്ടും ആവര്‍ത്തിച്ച പരിശുദ്ധ സിംഹാസനം, വൈദീകരുടേയും സന്ന്യസ്തരുടേയും കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവരോട് സഹാനുഭാവവും രേഖപ്പെടുത്തി.

ബാലപീഡനങ്ങളെക്കുറിച്ച് വ്യക്തമായി മനസിലാക്കി അനുയോജ്യമായ പ്രതിരോധനടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച്ച വന്നിട്ടുണ്ടെന്ന് സന്ദര്‍ശകസംഘം അംഗീകരിച്ചു. എന്നാല്‍ 1990 മുതല്‍ ബാലപീഡനങ്ങളെക്കുറിച്ച് അവബോധം വര്‍ദ്ധിക്കുകയും അതു കൈകാര്യംചെയ്യുന്ന രീതിയില്‍ വ്യത്യാസം വരുകയും ചെയ്തിട്ടുണ്ട്. പീഡനത്തിന് ഇരയാകുന്നവരെ ശ്രവിക്കാനും അവര്‍ക്കു പിന്തുണ നല്‍കാനും മെത്രാന്‍മാരും സന്ന്യസ്തസഭാ മേലധികാരികളും തങ്ങള്‍ക്കുള്ള ഉത്തരവാദിത്വം നിറവേറ്റണമെന്ന് വിസിറ്റേഷന്‍ സംഘം നിര്‍ദേശിച്ചു. വൈദീകാര്‍ത്ഥികളെ സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലും വൈദീക പരിശീലനത്തിലും ചില മാറ്റങ്ങളും സംഘം മുന്നോട്ടു വച്ചിട്ടുണ്ട്.

ദേശീയ ബാല സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ വിസിറ്റേഷന്‍ സംഘം സംതൃപ്തി രേഖപ്പെടുത്തി. കുറ്റാരോപിതരാകുന്ന വൈദീകരെ വിചാരണയ്ക്കു വിധേയരാക്കി, നിരപരാധികളെ സഭാ ശുശ്രൂഷയില്‍ തിരികെ സ്വീകരിക്കാനും കുറ്റം ചെയ്തവര്‍ക്കെതിരേ അനുയോജ്യമായ നടപടികള്‍ കൈക്കൊള്ളാനും കാര്യക്ഷമമായ പ്രായോഗിക നടപടികള്‍ രൂപീകരിക്കണമെന്ന് അന്വേഷണസംഘം നിര്‍ദേശിച്ചു.








All the contents on this site are copyrighted ©.