2012-03-15 17:18:09

സ്വിറ്റ്സര്‍ലണ്ട് ബസ് അപകടത്തില്‍
മാര്‍പാപ്പ ദുഃഖം രേഖപ്പെടുത്തി


15 മാര്‍ച്ച് 2012, വത്തിക്കാന്‍
സ്വിറ്റ്സര്‍ലണ്ടിലുണ്ടായ ബസ് അപകടത്തില്‍ ബനഡിക്ട് 16-ാമന്‍
മാര്‍പാപ്പ അതീവ ദുഃഖം രേഖപ്പെടുത്തി. ബെല്‍ജിയത്തുനിന്നും സ്വിറ്റ്സര്‍ലണ്ടിലെ മഞ്ഞുമലകളിലേയ്ക്ക് വലിയ കോച്ചില്‍ അവധിക്കു പുറപ്പെട്ട കുട്ടികളാണ് മാര്‍ച്ചു 14-ാം തിയതി ബുധനാഴ്ച രാവിലെ സിയെരാ നഗരത്തില്‍വച്ച് അപകടത്തില്‍ പെട്ടത്.
22 കുഞ്ഞുങ്ങളുടേയും 6 മുതിര്‍ന്നവരുടേയും മരണത്തിനിടയാക്കിയ അപകടത്തില്‍ പാപ്പ
തന്‍റെ അതിയായ ദുഃഖം അറിയിക്കുകയും, മരണമടഞ്ഞവരുടെയും പരുക്കേറ്റവരുടെയും കുടുംബാംഗങ്ങള്‍ക്കും ബന്ധുമിത്രാദികള്‍ക്കും തന്‍റെ പ്രാര്‍ത്ഥന നേരുകയും ചെയ്തു.
വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റുവഴി അയച്ച സന്ദേശത്തില്‍ മാര്‍പാപ്പ
അപകടത്തില്‍ പെട്ടവരെ ദൈവിക കാരുണ്യത്തിനായി സമര്‍പ്പിക്കുകയും, സംഭവസ്ഥലത്ത് ശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് തന്‍റെ അപ്പസ്തോലിക ആശിര്‍വ്വാദം നല്കുകയും ചെയ്തു.
ബുധനാഴ്ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ച ബെല്‍ജിയം സര്‍ക്കാര്‍ അപകടത്തില്‍ മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുന്നതിനുവേണ്ട ഏര്‍പ്പാടുകള്‍ ചെയ്തതായും, മുറിപ്പെട്ട കുഞ്ഞുങ്ങളെ വിദഗ്ദ്ധ ചികിത്സയ്ക്കും പരിചരണത്തിനും വിധേയരാക്കിയതായും അന്തര്‍ദേശീയ വാര്‍ത്താ ഏജെന്‍സികള്‍ അറിയിച്ചു.









All the contents on this site are copyrighted ©.