2012-03-15 17:14:29

കുരിശിലെ പ്രാര്‍ത്ഥന
പാപ്പായുടെ ധ്യാനചിന്തകള്‍


മനുഷ്യയാതനകള്‍ എത്ര കഠിനമായിരുന്നാലും ദൈവിക ഐക്യത്തില്‍നിന്നും അകന്നുപോകരുത് എന്നാണ് ക്രിസ്തുവിന്‍റെ കുരിശിലെ പ്രാര്‍ത്ഥന നമ്മെ പഠിപ്പിക്കുന്നത്. ആസന്നമായ മരണവ്യഥയില്‍ ക്രിസ്തു കുരിശ്ശില്‍ കിടന്നുകൊണ്ട് പിതാവിനോടു പ്രാര്‍ത്ഥിച്ചു. വിശുദ്ധ ലൂക്കായുടെ സുവിശേഷപ്രകാരം കുരിശില്‍ക്കിടന്നുകൊണ്ട് അവസാനമായി പറഞ്ഞ മൂന്നു വാക്യങ്ങളാണ് ക്രിസ്തുവിന്‍റെ കുരിശിലെ പ്രാര്‍ത്ഥനകള്‍ (ലൂക്കാ 23, 23-47). ആദ്യത്തേതും അവസാനത്തേതുമായ പ്രാര്‍ത്ഥന പിതാവിനോടാണ്. രണ്ടാമത്തേത് തന്‍റെകൂടെ ക്രൂശിതനായ നല്ല കള്ളനോടായിരുന്നു. “ഇന്ന് നീ എന്‍റെകൂടെ പറുദീസായിലായിരിക്കും,” എന്ന സാന്ത്വനമാണ് ലൂക്കാ 23, 43. തന്‍റെ വേദനയില്‍ ക്രിസ്തു പിതാവിനോട് യാചിക്കുമ്പോഴും പശ്ചാത്തപിച്ച കള്ളന്‍റെ പ്രാര്‍ത്ഥന അവിടുന്ന് ശ്രവിക്കുന്നു. ക്രിസ്തുവിനെ കുരിശില്‍ തറച്ചശേഷം, പടയാളികള്‍ അവരുടെ പ്രവര്‍ത്തികള്‍ക്കു പാരിതോഷികമെന്നോണം അവിടുത്തെ മേലങ്കിക്കായി ചിട്ടിയിട്ടു. അതിനു ശേഷമായിരുന്നു കുരിശിലെ ആദ്യ പ്രാര്‍ത്ഥന. കുരിശാരോഹണത്തിന്‍റെ പൂര്‍ത്തീകരണമാണ് ക്രിസ്തുവന്‍റെ ഈ പ്രാര്‍ത്ഥനകള്‍.

1. ആദ്യ പ്രാര്‍ത്ഥന ശത്രുക്കളോടു ക്ഷമിക്കുവാന്‍
ആദ്യ പ്രാര്‍ത്ഥന മാദ്ധ്യസ്ഥത്തിന്‍റേതായിരുന്നു. തന്‍റെ ഘാതകരോട് ക്ഷമിക്കണമേ, എന്ന പിതാവിനോടുള്ള യാചനയാണിത്. താന്‍ ഗലീലിയായില്‍വച്ച് നടത്തിയ തിന്മയെ നന്മകൊണ്ടു ജയിക്കുവാനുള്ള ഗിരിപ്രഭാഷണത്തിന്‍റെ സാക്ഷാത്ക്കാരമായിരുന്നു അത് (ലൂക്കാ 6, 27, 35). കുരിശില്‍ക്കിടന്നുകൊണ്ട് തന്‍റെ ഘാതകരോടു “ക്ഷമിക്കുക,” എന്നു മാത്രമല്ല പ്രാര്‍ത്ഥിക്കുന്നത്, അവര്‍ക്കുവേണ്ടി തന്‍റെ പിതാവിനോട് മാദ്ധ്യസ്ഥ്യം യാചിക്കുകയും ചെയ്യുന്നു.

സഭയിലെ ആദ്യ രക്തസാക്ഷി വിശുദ്ധ സ്റ്റീഫന്‍റെ ജീവിതവും ക്രിസ്തുവിന്‍റെ അമൂല്യമായ അനുരജ്ഞന സന്ദേശത്തിന്‍റെ ഹൃദയസ്പര്‍ശിയായ അനുകരണമാണെന്നു കാണാം. ശത്രുക്കളാല്‍ കല്ലെറിയപ്പെട്ട് പീഡിതനായി മരിക്കുന്ന സ്റ്റീഫന്‍ മുട്ടുകുത്തി ഉറക്കെ പ്രാര്‍ത്ഥിച്ചു (അപ്പസ്തോല നടപടി. 7, 60). “ദൈവമേ, അവരുടെമേല്‍ ഈ പാപങ്ങള്‍ ചുമത്തരുതേ.” അദ്ദേഹത്തിന്‍റെ അവസാന വാക്കുകളായിരുന്നു അത്. ക്രിസ്തുവിന്‍റേയും സഭയിലെ ആദ്യ രക്തസാക്ഷി വിശുദ്ധ സ്റ്റീഫന്‍റേയും, ശത്രുസ്നേഹത്തിന്‍റേയും ക്ഷമയുടേയും പ്രാര്‍ത്ഥന ചരിത്രത്തില്‍ മാനവകുലത്തിന് മാതൃകയാണ്. ഉത്ഥിതനായ ക്രിസ്തുവിലേയ്ക്കു തിരിഞ്ഞുകൊണ്ടാണ് വിശുദ്ധ സ്റ്റീഫന്‍ തന്‍റെ ഘാതകര്‍ക്കായി പ്രാര്‍ത്ഥിക്കുന്നത്. തന്നെ കല്ലെറിയുന്നവരുടെമേല്‍ ഈ പാപം ചുമത്തരുതേ, എന്നാണ് അദ്ദേഹം പ്രാര്‍ത്ഥിച്ചത്. കുരിശില്‍വച്ച് തന്‍റെ പിതാവിനോടു നടത്തിയ യാചനയില്‍ തന്നെ കുരിശിലേറ്റിയവരോടു ക്ഷമിക്കുക എന്നു മാത്രമല്ല, ലൂക്കാ 23, 43. “പിതാവേ, ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല,” എന്ന വാക്കുകളില്‍ സംഭവത്തിന്‍റെ നിജസ്ഥിതി അവിടുന്നു വെളിപ്പെടുത്തുന്നുമുണ്ട്. തന്‍റെ ഘാതകരുടെ അറിവില്ലായ്മയോര്‍ത്ത് അവരോട് ക്ഷിക്കണമേ, എന്നും പിതാവിനോടു നടത്തിയ യാചനയില്‍ ക്രിസ്തു കൂട്ടിച്ചേര്‍ക്കുന്നു.

ക്രിസ്തുവിന്‍റെ മരണസമയത്ത് കുരിശില്‍ മരിക്കുമ്പോള്‍ കുരിശിന്‍ചുവട്ടിലുണ്ടായിരുന്ന റോമന്‍ ശതാധിപന്‍ പറഞ്ഞു. “തീര്‍ച്ചയായും ഈ മനുഷ്യന്‍ നിരപരാധിയായിരുന്നു. അവിടുന്ന് ദൈവപുത്രനാണ്.” (ലൂക്കാ 23, 47). മാനസാന്തരത്തിന് അജ്ഞത വഴിതുറക്കുന്നു എന്ന സത്യം ശതാധിപന്‍റെ പ്രതികരണത്തില്‍ ഒളിഞ്ഞിരിക്കുന്നു. മനുഷ്യപുത്രന്‍റെ വിധിയാളന്മാരും ഘാതകരും മാത്രമല്ല, ലോകം മുഴുവനും ഓര്‍ക്കേണ്ടതാണ് ഈ സത്യം - അറിവില്ലായ്മ മാനസാന്തരത്തിനുള്ള വഴി തുറക്കുന്നുവെന്ന്.

2. കുരിശിലെ രണ്ടാമത്തെ പ്രാര്‍ത്ഥന – അനുതാപത്തെ അംഗീകരിക്കുന്നു
വിശുദ്ധ ലൂക്കാ വിവരിക്കുന്നതനുസരിച്ച് ക്രിസ്തുവിന്‍റെ കുരിശില്‍വച്ചുള്ള രണ്ടാമത്തെ പ്രാര്‍ത്ഥന നമുക്ക് ഇന്നും പ്രത്യാശ പകരുന്നതാണ്. അവിടുത്തെ സമീപത്ത് കുരിശില്‍ക്കിടന്നുകൊണ്ട് നല്ല കള്ളന്‍ അനുതപിക്കുന്നു. ദൈവിക മുഖകാന്തി ലോകത്തിനു വെളിപ്പെടുത്തുന്ന ദൈവപുത്രന്‍റെ അരികിലാണ് താന്‍ എന്ന അവബോധത്തോടെയായിരിക്കണം അയാള്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചത് (ലൂക്കാ 23, 42). “യേശവേ, അങ്ങേ രാജ്യത്തില്‍ എന്നെയും ഓര്‍ക്കണമേ.” അയാളുടെ പ്രാര്‍ത്ഥനയെ വെല്ലുന്നതായിരുന്ന ക്രിസ്തുവിന്‍റെ മറുപടി. “ഞാന്‍ പറയുന്നു, സത്യമായും ഇന്ന് നീ എന്‍റെകൂടെ പറുദീസയിലായിരിക്കും” (ലൂക്കാം 23, 43). പിതാവിന്‍റെ ഐക്യത്തില്‍ താന്‍ പ്രവേശിക്കുമെന്നും, മനുഷ്യര്‍ക്കായി രക്ഷയുടെ ദൈവിക പാതതുറന്നിടാനാകും എന്നുമുള്ള ഉറപ്പ് ക്രിസ്തുവിനുണ്ടെന്നും ഈ വാക്കുകള്‍ വ്യക്തമാക്കുന്നു. മനുഷ്യജീവിതത്തിന്‍റെ ഏതു നിമിഷവും ദൈവിക നന്മയും കാരുണ്യവും നമ്മെ സ്പര്‍ശിക്കുമെന്നും, നമ്മുടെ പാപാവസ്ഥയില്‍, ആത്മാര്‍ത്ഥമായി ദൈവിക കാരുണ്യത്തിനായി പ്രാര്‍ത്ഥിച്ചാല്‍ സ്നേഹസമ്പന്നനായ പിതാവ് ധൂര്‍ത്തപുത്രരായ നമ്മെ സ്വീകരിക്കുമെന്നുമുള്ള പ്രത്യാശയും ക്രിസ്തുവിന്‍റെ കുരിശിലെ പ്രാര്‍ത്ഥന പകര്‍ന്നു തരുന്നു.

3. പിതൃസമര്‍പ്പണം – മൂന്നാമത്തെ പ്രാര്‍ത്ഥന
മരണത്തെ അഭിമുഖീകരിക്കുന്ന ക്രിസ്തു അവസാന പ്രാര്‍ത്ഥനയിലേയ്ക്കു കടക്കുന്നു. അപ്പോള്‍ മദ്ധ്യാഹ്നമായിരുന്നു, ഭൂമിമുഴുവനും അന്ധകാരം വ്യാപിച്ചിരുന്നു. മൂന്നു മണിയായപ്പോള്‍ സൂര്യന്‍ മങ്ങി. ദേവാലയത്തിലെ തിരശ്ശീല രണ്ടായി കീറി. അപ്പോള്‍ ക്രിസ്തു ഉറക്കെ വിലപിച്ചു. “പിതാവേ, എന്‍റെ ആത്മാവിനെ ഞാന്‍ അങ്ങേ തൃക്കരങ്ങളില്‍ സമര്‍പ്പിക്കുന്നു,” എന്നിട്ട് അവിടുന്ന് പ്രാണന്‍വെടിഞ്ഞു (ലൂക്കാ 23, 44-46). ലൂക്കായുടെ വിവരണം,
മറ്റു സമാന്തര സുവിശേഷകന്മാരായ മാര്‍ക്കോസ്, മത്തായി എന്നിവരില്‍നിന്നും വ്യത്യസ്തമാണ്. മൂന്നാം യാമത്തിന്‍റെ അന്ധകാരത്തെക്കുറിച്ച് മാര്‍ക്കോസ് രേഖപ്പെടുത്തുന്നില്ല. എന്നാല്‍ മത്തായി യുഗാന്ത്യ വിവരണത്തിന്‍റെ പ്രതീതി ഉണര്‍ത്തുമാറ്, “അപ്പോള്‍ ഭൂമികുലുങ്ങി, ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു. മൃതരെല്ലാം ഉയിര്‍ത്തു,” എന്നു രേഖപ്പെടുത്തിയിരിക്കുന്നു (മത്തായി 27, 51-53).

ലൂക്കായുടെ വിവരണത്തില്‍ സൂര്യന്‍ മങ്ങിയതുകൊണ്ടാണ് ഇരുട്ടു വ്യാപിച്ചത്. എന്നാല്‍ ദേവാലയത്തിലെ വിരി രണ്ടായി കീറിപ്പോയി, എന്നും ചേര്‍ത്തിരിക്കുന്നു. അങ്ങനെ ലൂക്കാ രണ്ട് അടയാളങ്ങളാണ് തന്‍റെ വിവരണത്തില്‍ നല്കുന്നത്. ഒപ്പം അതില്‍ അടങ്ങിയിരിക്കുന്ന ആകാശത്തിന്‍റെയും ഭൂമിയുടെയും സമാന്തര ചിത്രീകരണവും ശ്രദ്ധേയമാണ്. ആകാശത്തിന്‍റെ പ്രഭമങ്ങിയപ്പോള്‍ ഭൂമി ഇരുണ്ടുപോയി. ദേവാലയത്തിലെ വിരിമാറുമ്പോള്‍ ദൈവിക സാന്നിദ്ധ്യം നഷ്ടമാകുന്നു. ക്രിസ്തുവിന്‍റെ മരണം ഇവിടെ ഒരു പ്രാപഞ്ചിക സംഭവമായും ഭൂമിയിലെ ആരാധനയായും ആവിഷ്ക്കരിക്കപ്പെടുന്നു. പ്രത്യേകിച്ച് ക്രിസ്തുവില്‍ തുറക്കപ്പെടുന്ന പുതിയ നിയമത്തിലെ ദൈവികാരാധനയുടെ നാന്ദിയാണിത്. മനുഷ്യനിര്‍മ്മിതമായ ആലയങ്ങളിലല്ല, മറിച്ച് ക്രിസ്തുവിന്‍റെ മൃതവും ഉത്ഥിതവുമായ ആലയത്തില്‍ ജനതകളെ ഒന്നിപ്പിക്കുന്ന അവിടുത്തെ തിരുശരീരത്തിന്‍റെയും തിരുരക്തത്തിന്‍റെയും ആരാധനയായി മാറുന്നു അത്.

“പിതാവേ, അങ്ങേ കരങ്ങളില്‍ ഞാന്‍ എന്‍റെ ആത്മാവിനെ സമര്‍പ്പിക്കുന്നു,” എന്ന ക്രിസ്തുവിന്‍റെ അവസാന വിലാപം ദൈവത്തിലുള്ള പരിപൂര്‍ണ്ണ സമര്‍പ്പണത്തിന്‍റെ പ്രതീകമാണ്. താന്‍ പരിത്യക്തനല്ലെന്നും ഈ പ്രാര്‍ത്ഥന വെളിപ്പെടുത്തുന്നു. “പിതാവേ,” എന്ന വിളിയില്‍ 12 വയസ്സുള്ള ബാലനായ യേശുവിന്‍റെ ദേവാലയ സന്ദര്‍ശനം അനുസ്മരിക്കപ്പെടുന്നുണ്ട്. ക്രിസ്തു അന്ന് മൂന്നുനാള്‍ ജരൂസലേം ദേവാലയത്തില്‍ ചിലവഴിച്ചു. ആ ദേവാലയത്തിന്‍റെ വിരിയാണ് അവിടുത്തെ മരണത്തെ തുടര്‍ന്ന് രണ്ടായി ഭേദിക്കപ്പെട്ടത്. പണ്ടൊരിക്കല്‍ ബാലനായിരിക്കെ ഈ ദേവാലയത്തില്‍ കാണാതായപ്പോള്‍ അവിടുത്തെ മാതാപിതാക്കള്‍ അവരുടെ വിഷമം അറിയിച്ചപ്പോഴുണ്ടായ മറുപടി ശ്രദ്ധേയമാണ്. “നിങ്ങനെന്തിനാണ് എന്നെ അന്വേഷിച്ചത്. ഞാന്‍ എന്‍റെ പിതാവിന്‍റെ കാര്യങ്ങളില്‍ വ്യാപൃതനാകേണ്ടതല്ലയോ,” എന്നായിരുന്നു (ലൂക്കാ 2, 49). ക്രിസ്തുവിന്‍റെ ഈ ഭൂമിയിലെ ജീവിതത്തില്‍ തന്‍റെ ആദ്യന്ത്യ വികാര വിചാരങ്ങളും, വാക്കുകളും പ്രവൃത്തികളുമെല്ലാം വെളിപ്പെടുന്നത് ദൈവവുമായുള്ള അന്യൂനമായ ബന്ധമാണ്. ആ ആത്മബന്ധം കുരിശിലെ പ്രാര്‍ത്ഥനകളില്‍ പ്രകടമാക്കപ്പെടുന്നു.

“പിതാവേ,” എന്ന സംബോധനയ്ക്കുശേഷം “എന്‍റെ ആത്മാവിനെ അങ്ങേ കരങ്ങളില്‍ സമര്‍പ്പിക്കുന്നു,” എന്ന ക്രിസ്തുവിന്‍റെ പ്രാര്‍ത്ഥനാഭാഗം സങ്കീര്‍ത്തനമാണ് (സങ്കീര്‍ത്തനം, 31, 6). എന്നാല്‍ സങ്കീര്‍ത്തനത്തിലെ ഉദ്ധരണി എന്നതിനെക്കാള്‍ പിതൃകരങ്ങളിലേയ്ക്കുള്ള അവിടുത്തെ സമ്പൂര്‍ണ്ണ സമര്‍പ്പണമാണ് ഈ വചനം വെളിപ്പെടുത്തുന്നത്. ദൈവിക സ്നേഹത്തിലുള്ള സമ്പൂര്‍ണ്ണ വിധേയത്വവും ആത്മവിശ്വാസവും പ്രകടിപ്പിക്കുന്ന വചനമാണിത്. മാനുഷികമായ കാഴ്ചപ്പാടില്‍ യേശുവിന്‍റെ കുരിശിലെ പ്രാര്‍ത്ഥന വളരെ ദാരുണമാണ്, എന്നാല്‍ പിതാവിലുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണംവഴി അതില്‍ ചൂഴ്ന്നിറങ്ങുന്ന ആഴമായ പ്രശാന്തത ആരെയും അമ്പരപ്പിക്കുന്നു.

ഗദ്സേമിനിയില്‍ താന്‍ മനുഷ്യകരങ്ങളില്‍ ഏല്പിക്കപ്പെടാന്‍ പോകുന്ന അവസരത്തിലുണ്ടായ വ്യഥയിലുയര്‍ന്ന (ലൂക്കാ 9, 44) ആന്തരിക സംഘര്‍ഷത്തിന്‍റെ പ്രാര്‍ത്ഥനയില്‍ അവിടുത്തെ ശരീരത്തില്‍നിന്ന് രക്തകണങ്ങള്‍ വാര്‍ന്ന് നിലത്തു വീണു (ലൂക്കാ 22, 44). പിതാവിന്‍റെ ഹിതത്തിന് പൂര്‍ണ്ണമായും കീഴ്പ്പെടുന്ന ക്രിസ്തുവിന്‍റെ മരണവ്യഥയില്‍ സമാശ്വാസിപ്പിക്കാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നും ദൂതന്‍ ഇറങ്ങിവന്നു (ലൂക്കാ 22, 42, 43).

അവസാന നിമിഷങ്ങളില്‍ മാത്രമല്ല, ജീവിതം മുഴുവനും പിതൃകരങ്ങളില്‍ സമര്‍പ്പിച്ച പുത്രനാണ് ശാന്തമായി പ്രാര്‍ത്ഥിക്കുന്നത്. “മനുഷ്യപുത്രന്‍ മനുഷ്യരുടെ കരങ്ങളില്‍ ഏല്പിക്കപ്പെടും,” (ലൂക്കാ 9, 4) എന്നാണ് ജരൂസലേമിലേയ്ക്കുള്ള തന്‍റെ അവസാനത്തെ യാത്രയ്ക്കു മുന്‍പ് ക്രിസ്തു തന്‍റെ ശിഷ്യന്മാരെ ഉദ്ബോധിപ്പിച്ചത്. മനുഷ്യകരങ്ങളില്‍ ഏല്പിക്കപ്പെട്ടവന്‍ തന്‍റെ ശരീരവും ആത്മാവും, എല്ലാം പരമമായി പിതാവിന്‍റെ കരങ്ങളില്‍ സമര്‍പ്പിക്കുന്നു. യോഹന്നാന്‍ സുവിശേഷകന്‍ എഴുതുന്ന, “എല്ലാം പൂര്‍ത്തിയായി,” എന്ന പ്രയോഗം പരിധികള്‍ക്കുമപ്പുറം സ്നേഹത്തിന്‍റെ പരമയാഗം സമാപിച്ചുവെന്ന് വെളിപ്പെടുത്തുന്നു.

അങ്ങനെ ക്രിസ്തുവിന്‍റെ കുരിശിലെ പ്രാര്‍ത്ഥന നമ്മുടെ പ്രാര്‍ത്ഥനകളെ പ്രചോദിപ്പിക്കുകയും, ആത്മവിശ്വാസവും പ്രത്യാശയും പകര്‍ന്നു തരികയും ചെയ്യുന്നു. കുരിശില്‍ കിടന്നപ്പോഴും ഘാതകരോടു ക്ഷമിക്കുവാന്‍ പ്രാര്‍ത്ഥിച്ച അവിടുന്ന് നമ്മുടെ അനുദിന ജീവിതത്തിലും അതേ ക്ഷമയുടെ പ്രാര്‍ത്ഥന മാതൃകയാക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. ദൈവം നമ്മോടു കാണിക്കുന്ന അനന്തമായ ക്ഷമ പ്രാവര്‍ത്തികമാക്കാനുള്ള ആഹ്വാനവുമാണ് ഈ പ്രാര്‍ത്ഥന. ഞങ്ങളോട് തെറ്റുചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ, എന്നാണല്ലോ സ്വര്‍ഗ്ഗസ്ഥനായ പിതാവേ, എന്ന പ്രാര്‍ത്ഥനയിലും ക്രിസ്തു നമ്മെ പഠിപ്പിച്ചത്. ജീവിത പ്രതിസന്ധികളും പ്രയാസങ്ങളും എത്ര കഠിനമായിരുന്നാലും നമ്മെ സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവകരങ്ങളില്‍നിന്നും അകന്നു പോകരുതെന്ന് ക്രിസ്തുവിന്‍റെ കുരിശിലെ സമര്‍പ്പണം വെളിപ്പെടുത്തുന്നു.

An extract from the discourse of Holy Father Pope Benedict XVI at the General Audience of 15th February 2012.








All the contents on this site are copyrighted ©.