2012-03-12 17:38:00

വരപ്രസാദത്തിലുള്ള ജീവിതം യഥാര്‍ത്ഥ ആനന്ദത്തിന്‍റേയും സമാധാനത്തിന്‍റേയും രഹസ്യം


12 മാര്‍ച്ച് 2012, റോം
ദൈവിക കൃപാവരം സ്വീകരിച്ച് അതു ജീവിതത്തില്‍ ഫലദായകമാക്കുവാന്‍ പരിശ്രമിക്കുന്നത് യഥാര്‍ത്ഥ ആനന്ദത്തിന്‍റേയും സമാധാനത്തിന്‍റേയും രഹസ്യമാണെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. കമല്‍ദോളി സന്ന്യാസസമൂഹത്തിന്‍റെ സഹസ്രാബ്ദിയാഘോഷങ്ങളുടെ ഭാഗമായി റോമിലെ സാന്‍ ഗ്രിഗോറിയോ അല്‍ ചേലി ആശ്രമദേവാലയത്തില്‍ ശനിയാഴ്ച നടന്ന സായാഹ്നപ്രാര്‍ത്ഥനാമധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ. ദൈവിക കൃപയായിരിക്കണം നമ്മുടെ പ്രവര്‍ത്തനങ്ങളുടേയെല്ലാം കേന്ദ്രമെന്ന് മാര്‍പാപ്പ വ്യക്തമാക്കി. കൃപയില്‍ ജീവിക്കുന്നതിന് ക്രിസ്തുവിന്‍റെ വികാരങ്ങള്‍ നാം ഉള്‍ക്കൊള്ളണം. നന്മ, എളിമ, കരുണ, ദയ, ക്ഷമ, വിശാലമനസ്കത എന്നീ പുണ്യങ്ങള്‍ അഭ്യസിക്കാനും, ദൈവം ക്രിസ്തുവിലൂടെ നമുക്കു നല്‍കിയതും പരിശുദ്ധാത്മാവ് നമുടെ ഹൃദയങ്ങളില്‍ വര്‍ഷിക്കുന്നതുമായ സ്നേഹം പങ്കുവയ്ക്കാനും നാം പരിശീലിക്കണമെന്ന് മാര്‍പാപ്പ വിശദീകരിച്ചു. നമ്മുടെ ഓരോ വാക്കും പ്രവര്‍ത്തിയും ത്രിത്വൈക ദൈവത്തോടുള്ള ഗാഢബന്ധത്തിലായിരിക്കണമെന്നും പാപ്പ പറഞ്ഞു.
സഹസ്രാബ്ദി നിറവിലെത്തിയിരിക്കുന്ന കമല്‍ദോളി സന്ന്യാസസമൂഹം സഭയ്ക്കും സമൂഹത്തിനും നല്‍കിയിട്ടുള്ള നിരവധിയായ സേവനങ്ങളും മാര്‍പാപ്പ തദ്ദവസരത്തില്‍ അനുസ്മരിച്ചു.








All the contents on this site are copyrighted ©.