2012-03-12 17:38:28

ദേശീയ സാമ്പത്തിക നയങ്ങള്‍ ദരിദ്രരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് അമേരിക്കയിലെ മെത്രാന്‍മാര്‍


12 മാര്‍ച്ച് 2012, വാഷിങ്ടണ്‍
ദേശീയ സാമ്പത്തിക നയങ്ങള്‍ ദരിദ്രരുടെ സുരക്ഷയും മനുഷ്യാന്തസ്സിന്‍റെ ആദരവും പൊതു നന്മയും ഉറപ്പുവരുത്തുന്നവയായിരിക്കണമെന്ന് അമേരിക്കയിലെ മെത്രാന്‍മാര്‍. ദേശീയ കത്തോലിക്കാ മെത്രാന്‍സംഘത്തിന്‍റെ നീതി സമാധാന വികസനകാര്യങ്ങള്‍ക്കായുള്ള സമിതിയുടെ അദ്ധ്യക്ഷന്‍ ബിഷപ്പ് ബ്ലയര്‍ ഇ. പാറ്റ്സ് അമേരിക്കന്‍ പാര്‍ലമെന്‍റിലെ രാജ്യസഭാധ്യക്ഷന് അയച്ച സന്ദേശത്തിലാണ് മെത്രാന്‍മാരുടെ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
രാജ്യത്തിന്‍റെ വര്‍ദ്ധിച്ചുവരുന്ന പൊതുകടം പ്രതിരോധിക്കാനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ദരിദ്രരുടേയും നിരാലംബരുടേയും സംരക്ഷണത്തിനായുള്ള പദ്ധതികള്‍ക്കു വിഘാതം സൃഷ്ടിക്കരുതെന്ന് മെത്രാന്‍മാര്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. സാമ്പത്തീക നയങ്ങള്‍ മനുഷ്യജീവനും അന്തസ്സിനും സുരക്ഷപ്രദാനം ചെയ്യുണ്ടോ? സമൂഹത്തിന്‍റെ താഴെത്തട്ടിലുള്ളവര്‍ക്കു അര്‍ഹമായ പരിഗണന നല്‍കുന്നുണ്ടോ? സാമ്പത്തിക ഞെരുക്കം ശക്തമായിരിക്കുന്ന ഈ കാലത്ത് സാധാരണ തൊഴിലാളികളുടേയും കുടുംബങ്ങളുടേയും സംരക്ഷണം ഉറപ്പുവരുത്താന്‍ സാമ്പത്തീക നയങ്ങള്‍ക്കു സാധിക്കുന്നുണ്ടോ? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ 2013ാം ആണ്ടിലെ ദേശീയ ബജറ്റിനായുള്ള ചര്‍ച്ചകള്‍ക്കു മാനദണ്ഡമായി സ്വീകരിക്കണമെന്നും മെത്രാന്‍മാര്‍ അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.