2012-03-08 16:46:06

സഭ ക്രിസ്തുവിന്‍റെ
തുടര്‍സാന്നിദ്ധ്യം


8 മാര്‍ച്ച് 2012, മിലാന്‍
ഭൂമിയില്‍ ക്രിസ്തുവിന്‍റെ തുടര്‍-സാന്നിദ്ധ്യമാണ് സഭയെന്ന്, വൈദികരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ മാവുരോ പിയച്ചേന്‍സ്സാ സമര്‍ത്ഥിച്ചു.
മാര്‍ച്ച് 7-ാം തിയതി മിലാനിലെ കത്തോലിക്കാ യൂണിവേഴ്സിറ്റിയില്‍ നടത്തിയ – ‘ഇന്നത്തെ ലോകത്തില്‍ സഭയുടെ പ്രസക്തി’ എന്ന പ്രബന്ധത്തിലാണ്, കര്‍ദ്ദിനാള്‍ പിയച്ചെന്‍സ്സാ ഇപ്രകാരം പ്രസ്താവിച്ചത്. മനുഷ്യാവതാരത്തോടെ ഭൂമിയില്‍ സമാരംഭിച്ച ക്രിസ്തുവിന്‍റെ സ്നേഹസാന്നിദ്ധ്യം സമകാലീന മനുഷ്യന് അനുഭവവേദ്യമാംവിധം ഇന്ന് സഭ തുടരുകയാണെന്ന് കര്‍ദ്ദിനാള്‍ തന്‍റെ പ്രബന്ധത്തില്‍ സമര്‍ത്ഥിച്ചു. കാലം കാതോര്‍ത്ത ക്രി‍സ്തുവിന്‍റെ കാലൊച്ച, കാലാതീതമായി നിലകൊള്ളുമെന്നും, സഭ വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുന്ന
ഏകസത്യം ക്രിസ്തുവാണെന്നും കര്‍ദ്ദിനാള്‍ പിയച്ചെന്‍സാ പ്രബന്ധത്തിലൂടെ വ്യക്തമാക്കി.
സഭ ഇന്നും പഠിപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന എല്ലാ സത്യങ്ങളും ദൈവപുത്രനായ ക്രിസ്തുവിനെ കേന്ദ്രീകരിച്ചുള്ളവയാണെന്നും, ദൈവത്തെ മാറ്റി നിറുത്താന്‍ ശ്രമിക്കുന്ന ഇന്നത്തെ ആപേക്ഷികാ സിദ്ധാന്തത്തിന്‍റെയും ഭൗതികവാദത്തിന്‍റേയും സംസ്കാരത്തിലും, സഭയുടെ പ്രേഷിതസരണി എന്നും മാനവരാശിയുടെ നന്മ കേന്ദ്രീകരിച്ചു മുന്നോട്ടു നീങ്ങുമെന്നും കര്‍ദ്ദിനാള്‍ പിയച്ചെന്‍സാ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.