2012-03-08 16:42:16

അധികാരത്തിന്‍റെ
ദാസ്യരൂപം


8 മാര്‍ച്ച് 2012, ബ്രസ്സെല്‍സ്
ഇരുട്ടു വ്യാപിക്കുന്ന ലോകത്ത് പ്രകാശം പരത്തണമെന്ന്, യൂറോപ്യന്‍ കൗണ്‍സിലിലെ പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകന്‍, മോണ്‍സീഞ്ഞോര്‍ ആള്‍ദോ ജോര്‍ദ്ദാനോ പ്രസ്താവിച്ചു.
മാര്‍ച്ച് 7-ാം തിയതി കൗണ്‍സിലിലെ അംഗങ്ങള്‍ക്കൊപ്പം അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് മോണ്‍സീഞ്ഞോര്‍ ജൊര്‍ദ്ദാനോ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്. അക്രമം, അഴിമതി, സാമ്പത്തിക മാന്ദ്യം, ദാരിദ്ര്യം, പ്രകൃതിവിനാശം എന്നിവയുടെ കരിനിഴല്‍ വ്യാപിച്ച ലോകത്ത് വെളിച്ചത്തിനായി പരതുന്ന മനുഷ്യന് ക്രിസ്തുവാണ് മാര്‍ഗ്ഗദീപമെന്ന്, മോണ്‍. ജോര്‍ദ്ദാനോ ഉദ്ബോധിപ്പിച്ചു. തിനിക്കു ലഭിച്ച ദൈവപുത്രസ്ഥാനവും അധികാരവും ഈ ലോകത്ത് മനുഷ്യരുടെമദ്ധ്യേ ത്യാഗപൂര്‍ണ്ണമായ സ്നേഹത്തില്‍ സമര്‍പ്പിച്ചുകൊണ്ട് അധികാരത്തിന്‍റെ ശ്രേഷ്ഠമായ ദാസ്യരൂപം ക്രിസ്തു കാണിച്ചുതന്നുവെന്ന്, സുവിശേഷഭാഗം (മത്തായി 20, 28) ഉദ്ധരിച്ചുകൊണ്ട് മോണ്‍. ജോര്‍ദ്ദാനോ ഉദ്ബോധിപ്പിച്ചു.
അധികാരമുള്ളവര്‍ യജമാനന്മാരുടെ ദാര്‍ഷ്ഢ്യഭാവം നടിക്കാതെ, സത്യവും നന്മയും നീതിയും പരിപാലിക്കുകയും, അവയെ സേവിക്കുന്ന ദാസന്മാരായി ജീവിക്കുവാന്‍ കഴിയണമെന്നും, യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികളോട് മോണ്‍. ജോര്‍ദ്ദാനോ ആഹ്വാനംചെയ്തു.








All the contents on this site are copyrighted ©.