2012-03-07 17:32:42

മൂല്യങ്ങള്‍ നല്കേണ്ട
മാധ്യമങ്ങള്‍


7 മാര്‍ച്ച് 2012, മുമ്പൈ
മാധ്യമങ്ങള്‍ മനുഷ്യാന്തസ്സിന്‍റേയും സാമൂഹ്യ നീതിയുടെയും മൂല്യങ്ങള്‍ ഉറപ്പുവരുത്തണെന്ന്, ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഉദ്ബോധിപ്പിച്ചു. ആധുനിക സമ്പര്‍ക്ക മാധ്യമങ്ങളിലൂടെ സുവിശേഷ പ്രഘോഷണ ജോലിയില്‍ വ്യാപൃതമായിരിക്കുന്ന St. Paul Society –യുടെ സ്ഥാപകനായ വാഴ്ത്തപ്പെട്ട യാക്കോമോ ആല്‍ബേരിയോനെയുടെ ശതാബ്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ട്
ബാന്‍ഡ്രയില്‍ നടത്തിയ മാധ്യമ പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്. ധാര്‍മ്മിക മൂല്യങ്ങളില്‍ അടിയുറച്ചു നില്ക്കുന്ന വിനിമയ പ്രക്രിയയിലൂടെ മാധ്യമങ്ങള്‍ സാമൂഹത്തില്‍ നന്മയുടേയും പരിവര്‍ത്തനത്തിന്‍റേയും ചാലകശക്തിയാകാമെന്നും മുബൈ അതിരൂപതാ അദ്ധ്യക്ഷന്‍ കൂടിയായ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് തന്‍റെ പ്രഭാഷണത്തില്‍ ഉദ്ബോധിപ്പിച്ചു.

മാധ്യമാധിപത്യത്തിന്‍റെ ധൂര്‍ത്തും ദുരുപയോഗവും സമൂഹത്തില്‍ നടമാടുമ്പോള്‍ ദൈവസ്നേഹത്തിന്‍റെയും സഹോദര സ്നേഹത്തിന്‍റെയും സ്രോതസ്സുക്കളാകാനും മാധ്യമങ്ങള്‍ക്കു കഴിയണമെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് സമ്മേളനത്തോട് ആഹ്വാനംചെയ്തു.
മനുഷ്യന്‍റെ അടിസ്ഥാന സ്വഭാവവും ആവശ്യവുമായ ആശയവിനിമയ ശൃംഖലയില്‍ കണ്ണിചേരുന്ന മാധ്യമങ്ങള്‍ക്ക് സാമൂഹ്യ നന്മയുടെയും വളര്‍ച്ചയുടെയും പ്രതിബദ്ധതയും ഉത്തരവാദിത്തവും എപ്പോഴും ഉണ്ടാകണെന്നും കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് മാധ്യമ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.









All the contents on this site are copyrighted ©.