2012-03-06 17:09:49

സീറോ മലബാര്‍ സഭയ്ക്കു പുതിയ രൂപത


06 മാര്‍ച്ച് 2012, വത്തിക്കാന്‍
സീറോ മലബാര്‍ സഭയ്ക്കുവേണ്ടി ഫരീദാബാദ് എന്ന പുതിയ രൂപത സ്ഥാപിച്ചുകൊണ്ടും, രൂപതയുടെ പ്രഥമ മെത്രാനായി മോണ്‍. കുര്യാക്കോസ് ഭരണികുളങ്ങരയെ നിയമിച്ചുകൊണ്ടും ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ മാര്‍ച്ച് ആറാം തിയതി ചൊവ്വാഴ്ച ഉത്തരവ് പുറപ്പെടുവിപ്പിച്ചു.
മോണ്‍. ഭരണികുളങ്ങരയ്ക്ക് ആര്‍ച്ചുബിഷപ്പ് (Archbishop ad personam) സ്ഥാനവും മാര്‍പാപ്പ നല്‍കി.

1959 ഫെബ്രുവരി ഒന്നാം തിയതി എറണാകുളം അങ്കമാലി അതിരൂപതയിലെ കരിപ്പശ്ശേരിയില്‍ ജനിച്ച നിയുക്ത മെത്രാന്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര, 1983 ഡിസംബര്‍ 18ാം തിയതി വൈദിക പട്ടം സ്വീകരിച്ചു പിന്നീട് ഉപരിപഠനത്തിനായി റോമിലെത്തിയ അദ്ദേഹം പൗരസ്ത്യ കാനോനിക നിയമത്തില്‍ ഡോക്ടറേറ്റു നേടി. തുടര്‍ന്ന് വത്തിക്കാന്‍റെ നയതന്ത്ര വിദ്യാപീഠത്തില്‍(Pontificia Ecclesiastica Academia) പരിശീലനം നേടിയ അദ്ദേഹം പരിശുദ്ധ സിംഹാസനത്തിന്‍റെ വിവിധ നയതന്ത്രകാര്യാലയങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജര്‍മ്മനിയിലെ അപ്പസ്തോലിക ന്യൂണ്‍ഷിയേച്ചറില്‍ സേവനമനുഷ്ഠിച്ചുവരവെയാണ് പുതിയ നിയമനം.
ഹരിയാന, പഞ്ചാബ്, ഡല്‍ഹി, ജമ്മു – കാശ്മീര്‍, ഉത്തര്‍പ്രദേശ്, എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 9.5 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ സീറോ മലബാര്‍ വിശ്വാസികളാണ് പുതിയ രൂപതയുടെ കീഴില്‍ വരുന്നതെന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ‍ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി അറിയിച്ചു. ഫരീദാബാദിലെ ക്രിസ്തുരാജന്‍റെ നാമധേയത്തിലുള്ള ദേവാലയമായിരിക്കും രൂപതയുടെ ഭദ്രാസനദേവാലയം. 23 ഇടവകകളും ഇതര അജപാലന കേന്ദ്രങ്ങളുമുള്ള പുതിയ രൂപതയില്‍ 44 വൈദികര്‍ സേവനമനുഷ്ഠിക്കുന്നു. പതിമൂന്നു സന്ന്യസ്തസമൂഹങ്ങളിലായി ഇരുനൂറോളം സമര്‍പ്പിതരും ഫരീദാബാദ് രൂപതയ്ക്കുവേണ്ടി ശുശ്രൂഷചെയ്യുന്നുണ്ട്.








All the contents on this site are copyrighted ©.