2012-03-06 17:10:31

മതങ്ങള്‍ സംസ്ക്കാരങ്ങളെ വികസിപ്പിക്കുന്നു : ആര്‍ച്ചുബിഷപ്പ് തോമാസി


06 മാര്‍ച്ച് 2012, ജനീവ
മതങ്ങള്‍ മാനവികതയ്ക്ക് ഒരു മുതല്‍ക്കൂട്ടാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ജനീവാ ആസ്ഥാനത്തുള്ള പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകന്‍ ആര്‍ച്ചുബിഷപ്പ് സില്‍വാനോ തോമാസി. യു.എന്‍ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ പത്തൊന്‍പതാമതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതങ്ങള്‍ ഏവര്‍ക്കും നന്‍മ പ്രദാനം ചെയ്യുകയും സംസ്ക്കാരങ്ങളെ വികസിപ്പിക്കുകയും ചെയ്യുന്നു. പൗരസമത്വവും മതസ്വാതന്ത്ര്യവും മതങ്ങള്‍ തമ്മിലുള്ള സംവാദവും ആരോഗ്യകരമായ ജനാധിപത്യത്തിന് അവശ്യം വേണ്ട ഘടകങ്ങളാണ്. സഹിഷ്ണുതയുടേയും പരസ്പര സ്വീകരണത്തിന്‍റേയും സംവാദത്തിന്‍റേയും സംസ്ക്കാരം പടുത്തുയര്‍ത്തേണ്ടത് മാനവികതയുടെ അടിയന്തര ദൗത്യമാണ്. ഈ രംഗത്ത് സുപ്രധാനമായ സംഭാവനകള്‍ നല്‍കാന്‍ വിദ്യാഭ്യാസ മേഖലയ്ക്കും മാധ്യമങ്ങള്‍ക്കും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹ്യ നീതി ഉറപ്പാക്കപ്പെടുന്നതു വഴി മാനുഷികാവകാശങ്ങളുടെ സംരക്ഷണവും ഉറപ്പാക്കപ്പെടുന്നു. സമൂഹത്തില്‍ എല്ലാവരുടേയും സ്വാതന്ത്ര്യം ആദരിക്കപ്പെടുന്നതിന് മതസമൂഹങ്ങള്‍ വിഭാവനം ചെയ്യുന്ന ധാര്‍മ്മീക മൂല്യങ്ങള്‍ അനിവാര്യമാണ് എന്നു വ്യക്തമാക്കിയ ആര്‍ച്ചുബിഷപ്പ് മതസമൂഹങ്ങള്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങള്‍ തടയുന്നതിനും പൊള്ളയായ മതനിരപേക്ഷതയ്ക്കുമെതിരേ പ്രതികരിക്കാനും അന്താരാഷ്ട്ര സമൂഹത്തിനു കടമയുണ്ടെന്ന് പ്രസ്താവിച്ചു.









All the contents on this site are copyrighted ©.