2012-03-06 17:10:03

പോളണ്ടിലെ ട്രെയിന്‍ ദുരന്തത്ത‍ില്‍ മാര്‍പാപ്പ അനുശോചിച്ചു.


06 മാര്‍ച്ച് 2012, വത്തിക്കാന്‍
പോളണ്ടില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയുണ്ടായ ട്രെയിന്‍ അപകടത്തില്‍ 16 പേര്‍ മരിക്കുകയും അറുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അനുശോചിച്ചു. മാര്‍ച്ചു മൂന്നാം തിയതി ശനിയാഴ്ച പോളണ്ടിലെ സ്ഷ്സ്ക്കോസിനില്‍, വാഴ്‌സോ- ക്രാകോ പ്രധാന റെയില്‍ പാതയിലാണ് രണ്ടു യാത്രാ തീവണ്ടികള്‍ കൂട്ടിയിടിച്ച് അപകടം നടന്നത്.

പോളണ്ടിലെ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ഹോസെഫ് മിക്കാലിക്കിന് അയച്ച സന്ദേശത്തില്‍, അപകടത്തില്‍ പരിക്കേറ്റവരോടും മരണമടഞ്ഞവരുടെ ബന്ധുമിത്രാദികളോടും പാപ്പ അനുശോചനം രേഖപ്പെടുത്തി. അവര്‍ക്ക് തന്‍റെ ആത്മീയ സാമീപ്യവും പ്രാര്‍ത്ഥനയും ഉറപ്പു നല്‍കിയ മാര്‍പാപ്പ വേദനയുടെ ഈ നിമിഷങ്ങളെ ധൈര്യത്തോടും ശാന്തതയോടും കൂടെ നേരിടാന്‍ അവരോട് അഭ്യര്‍ത്ഥിച്ചു. “യേശു മരിക്കുകയും വീണ്ടും ഉയര്‍ക്കുകയും ചെയ്തു എന്നു നാം വിശ്വസിക്കുന്നതുപോലെ, യേശുവില്‍ നിദ്ര പ്രാപിച്ചവരെ ദൈവം അവനോടു കൂടെ ഉയിര്‍പ്പിക്കും” (1 തെസ. 4, 14) എന്ന സുവിശേഷഭാഗം അനുസ്മരിച്ച മാര്‍പാപ്പ മരിച്ചവരുടെ ആത്മശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. പരിക്കേറ്റവര്‍ എത്രയും വേഗം സൗഖ്യം പ്രാപിക്കട്ടെയെന്നും പാപ്പ ആശംസിച്ചു.

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെയാണ് പോളണ്ടിലെ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ഹോസെഫ് മിക്കാലിക്കിന് മാര്‍പാപ്പയുടെ സന്ദേശമയച്ചത്.








All the contents on this site are copyrighted ©.