2012-02-19 15:54:17

മൊഴിയും മൗനവും സുവിശേഷവത്ക്കരണ പാതയില്‍
World Communications Day Message 2012
of His Holiness Pope Benedict XVI


1. പരസ്പര പൂരകമാകേണ്ട മൊഴിയും മൗനവും
ആശയവിനിമയ പ്രക്രിയയില്‍ അവഗണിക്കപ്പെട്ടിരിക്കുന്നതും എന്നാല്‍ ഇന്ന് ഏറെ അത്യന്താപേക്ഷിതവുമായ മേഖലയെ സ്പര്‍ശിക്കുന്നതാണ് 2012-ലെ മാധ്യമദിന സന്ദേശം.
മൊഴിയുടെയും മൗനത്തിന്‍റെയും അനുപാതമാണ് ഈ പ്രത്യേക മേഖല. മൊഴിയും മൗനവും തമ്മിലുള്ള സന്തുലിതാവസ്ഥ പാലിച്ചുകൊണ്ടും അവയുടെ അളവില്‍ ആവശ്യാനുസരണം പ്രായോഗികമായ മാറ്റങ്ങള്‍ വരുത്തിയും, ചിലപ്പോള്‍ ഒന്നൊന്നിനെ സമന്വയിപ്പിച്ചുമാണ് വ്യക്തികള്‍ തമ്മിലും സമൂഹങ്ങള്‍ തമ്മിലും ആശയവിനിമയത്തിലൂടെ ആഴമായ ബന്ധം സ്ഥാപിക്കുവാനുള്ള മാര്‍ഗ്ഗം. മൊഴിയും മൗനവും പരസ്പര പൂരകങ്ങളാകുമ്പോള്‍ ആശയവിനിമയത്തിന് അര്‍ത്ഥവും മൂല്യവുമാര്‍ജ്ജിക്കുന്നു; മറിച്ച് ഒന്നു മറ്റൊന്നിനെ നിഷേധിക്കുമ്പോള്‍ സംവേദനം നിലച്ച് വ്യക്തിബന്ധങ്ങളില്‍ വിള്ളലും സംഭ്രാന്തിയും മാന്ദ്യവും സംഭവിക്കുന്നു.

2. വിനിമയ ലോകത്തെ സുപ്രധാന ഘടകം - മൗനം
മൗനം ആശയവിനിമയത്തിന്‍റെ അവിഭാജ്യ ഘടകമാണ്. അതിന്‍റെ അഭാവത്തില്‍ അര്‍ത്ഥസമ്പുഷ്ടമായ വാക്കുകള്‍ക്കുപോലും നിലനില്പില്ലാതാകും. എന്നിലേയ്ക്ക് തിരിഞ്ഞ് സ്വയം മനസ്സിലാക്കുവാനും നവമായ ആശയങ്ങള്‍ക്ക് രൂപംനല്കുവാനും അവയെ ആഴപ്പെടുത്തുവാനും സാധിക്കുന്നത് മൗനത്തിന്‍റെ പ്രശാന്തതയിലാണ്. അതുപോലെ ആന്തരീക മൗനത്തില്‍നിന്നുമാണ് മറ്റുള്ളവരെ ശ്രവിക്കുവാനും അവരോട് പറയാനുള്ളത് പറയുവാനുംവേണ്ട സുവ്യക്തതയും കരുത്തും ആര്‍ജ്ജിക്കുന്നത്.
ഒരാള്‍ മൗനംഭജിക്കുമ്പോഴാണ് അപരന് സംവദിക്കാനും തന്നെത്തന്നെ പ്രകടമാക്കാനും ഇടമുണ്ടാകുന്നത്; അങ്ങനെ വാക്കുകള്‍ സജീവമായി, അതില്‍നിന്ന് ചിന്തകള്‍ ചിറകുവിരിച്ച്, അവ പങ്കുവയ്ക്കുവാന്‍ അവസരം ലഭിക്കുന്നു. മൊഴിയുടെയും മൗനത്തിന്‍റെയും സന്തുലിതമായ പ്രയോഗമാണ് സംവാദത്തിന് വേദിയൊരുക്കുന്നതും മനുഷ്യബന്ധങ്ങളെ ദൃഢപ്പെടുത്തുന്നതും. മൗനാന്തരീക്ഷത്തില്‍ മുഖഭാവത്തിലൂടെയും ആംഗ്യത്തിലൂടെയും അഭിനയത്തിലൂടെയുമാണ് സ്നേഹിക്കുന്നവര്‍ അവരുടെ സ്നേഹം പ്രകടമാക്കുന്നതും സംവദിക്കുന്നതും. മനുഷ്യജീവിതത്തിന്‍റെ സന്തോഷവും ആകാംക്ഷയും വേദനയുമെല്ലാം മൗനത്തിലൂടെയാണ് പങ്കുവയ്ക്കപ്പെടുന്നത്.

3. മൗനത്തിന്‍റെ സംവേദനശക്തി
യഥാര്‍ത്ഥത്തില്‍ മനുഷ്യചേതന ആവിഷ്ക്കരണ സമര്‍ത്ഥമാകുന്നതും മൗനാന്തരീക്ഷത്തിലാണ്. മനുഷ്യബന്ധങ്ങളുടെ സത്യമായ സ്വഭാവവും തോതും മേന്മയും വെളിപ്പെടുത്തിക്കൊണ്ട് അപരനെ മാനിക്കുവാനും കാതോര്‍ക്കുവാനുമുള്ള സൂക്ഷ്മസംവേദനശക്തി വളരുന്നതും മൗനമായിരിക്കുമ്പോഴാണ്. മാധ്യമാധിപത്യമുള്ള നമ്മുടെ ലോകത്ത് ശരിയും തെറ്റും, പ്രസക്തവും അപ്രസക്തവും, ആപേക്ഷികവും സ്ഥായീഭാവമുള്ളതും തമ്മില്‍ കതിരും പതിരുംപോലെ മെനഞ്ഞെടുക്കാന്‍ ആന്തരിക മൗനത്തിന്‍റെ പ്രശാന്തത അനിവാര്യമാണ്. പ്രഥമദൃഷ്ട്യാ പരസ്പരബന്ധമില്ലാത്തതെന്നു തോന്നുന്ന സംഭവങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന ഉള്‍ച്ചേര്‍ച്ചയുടെ പൊരുള്‍ കണ്ടെത്താനും അവ വിലയിരുത്താനും വിശകലനംചെയ്യാനും നമ്മെ സഹായിക്കേണ്ടത് മൗനമായ വിചിന്തനമാണ് അല്ലെങ്കില്‍ ധ്യാനമാണ്. അതുവഴി ഉണരുന്ന ചിന്തോദ്ദീപകവും പ്രസക്തവുമായ ആശയങ്ങളിലൂടെ മാത്രമേ പങ്കുവയ്ക്കാവുന്ന അറിവിന്‍റെ സ്രോതസ്സ് വളര്‍ത്തിയെടുക്കാനാവൂ. ഇതു യഥാര്‍ത്ഥ്യമാകണമെങ്കില്‍ മൊഴിയുടേയും മൗനത്തിന്‍റേയും, ദൃശ്യ-ശ്രാവ്യബിംബങ്ങളുടേയും മേഖലകള്‍ തമ്മിലുള്ള ന്യായമായ സന്തുലിതാവസ്ഥ പാലിക്കുന്ന മാധ്യമലോകവും അതിന്‍റെ വിനിമയശൃംഖലയും വളര്‍ത്തിയെടുക്കേണ്ടത് ഇന്നിന്‍റെ ആവശ്യമാണ്.

4. മൗനവും മാധ്യമങ്ങളും
ഇക്കാലത്തെ ആശയവിനിമയ പ്രക്രിയയ്ക്ക് ഊര്‍ജ്ജംപകരുന്നത് ഉത്തരങ്ങള്‍ക്കായുള്ള അന്വേഷണമാണ്. ആധുനിക മനുഷ്യന്‍റെ ജീവിതവ്യഗ്രതകളില്‍ സമാശ്വാസവും ആശങ്കയില്‍ പ്രത്യാശയും, നവമായ ആശയങ്ങളും നല്കിക്കൊണ്ട് അറിവിന്‍റെ സ്രോതസ്സാകുന്നത് ഇന്ന് സാമൂഹ്യസമ്പര്‍ക്ക മാധ്യമശൃംഖലയും അത്യാധുനിക അന്വേഷണ യന്ത്രങ്ങളുമാണ്. ഇന്നുവരെ അപ്രാപ്യവും
ഒരു പരിധിവരെ ആവശ്യമല്ലാത്തതും, ചിലപ്പോള്‍ അനാവശ്യവുമായ അന്വേഷണങ്ങള്‍ക്കുപോലും ഉത്തരംനല്കാന്‍ സമകാലീന ഇന്‍റെര്‍നെറ്റ് സംവിധാനങ്ങള്‍ക്കു കരുത്തുണ്ട്.
ആധുനിക മാധ്യമശൃംഖലയില്‍ വന്നുകൂടുന്ന വിവരശേഖരങ്ങളുടെയും വസ്തുതകളുടെയും ഭണ്ഡാരത്തിന്‍റെ അധികഭാരം മനസ്സിലാക്കി വിവേകപൂര്‍ണ്ണമായ വിവേചനം പാലിച്ചുകൊണ്ട് ശരിയും തെറ്റും തിരിച്ചറിയുന്നതിനും, നന്മയില്‍ ജീവിക്കുന്നതിനും അനുപേക്ഷണീയമായ മൂല്യം മൗനമാണ്. ആധുനിക വിവരസാങ്കേതികതയുടെ വൈവിധ്യവും സങ്കീര്‍ണ്ണവുമായ ലോകത്ത് ഞാനാരാണെന്നും, എനിക്കെന്തറിയണം, എന്താണു ചെയ്യേണ്ട്ത്, എന്തന്വേഷിക്കണം എന്നീ അസ്തിത്വത്തിന്‍റെ അടിസ്ഥാന ചോദ്യങ്ങള്‍ക്കു മുന്നില്‍ മനുഷ്യന്‍ ഇന്നും ഉത്തരംമുട്ടി നില്കുകയാണ്. ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ അംഗീകരിക്കുകയും അവരുമായി ആഴമായ സംവാദത്തിനുള്ള സാദ്ധ്യതകള്‍ വളര്‍ത്തിയെടുക്കുകയും, വാചാലമായ വാഗ്ദ്ധോരണിക്കോ ദ്രുതഗതിയിലുള്ള പ്രത്യുത്തരത്തിനോ പകരം, മൗനമായ വിചിന്തനത്തിനായുള്ള ക്ഷണത്തിലൂടെ അവരുടെ അസ്തിത്വത്തിന്‍റെ അന്തര്‍ഗതങ്ങളില്‍ എത്തിച്ചേരുകയും, ദൈവംതന്നെ അവരുടെ ഹൃദയാന്തരാളങ്ങളില്‍ കോറിയിട്ടിരിക്കുന്ന അറിവിന്‍റെ അവബോധം കണ്ടെത്താന്‍ അവരെ സഹായിക്കുകയാണ് വേണ്ടത്.

അസ്തിത്വത്തെ ആധാരമാക്കിയുള്ള ഈ അടിസ്ഥാന ചോദ്യങ്ങള്‍ മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന വലിയ അസ്വസ്ഥതയും ജീവിതത്തിന് ശരിയായ അര്‍ത്ഥംപകരുന്ന അടിസ്ഥാനപരവും ആനുപാതീകവുമായ സത്യാന്വേഷണമാണ് വെളിപ്പെടുത്തുന്നത്. ചോദ്യംചെയ്യപ്പെടാത്തതും സംശയാസ്പദവുമായ അഭിപ്രായങ്ങളിലും ജീവിതാനുഭവങ്ങളിലും മുന്നോട്ടു ചരിക്കാന്‍ ഇന്ന് മനുഷ്യനാവുന്നില്ല. കാരണം എല്ലാവരും സത്യാന്വേഷകരും ഉള്ളിന്‍റെ ഉള്ളില്‍ സത്യത്തിനായുള്ള അഭിവാഞ്ഛയുള്ളവരുമാണ്. ആശയങ്ങള്‍ സത്യസന്ധമായി പങ്കുവയ്ക്കുന്നവര്‍ തങ്ങളെത്തന്നെയും, അവരുടെ ലോകദര്‍ശനവും ആശകളും പ്രത്യാശകളുമാണ് വെളിപ്പെടുത്തുന്നത്.

5. മൗനം ആത്മീയതയുടെ വാചാലത
ചിന്തിക്കുവാനും ചിന്തിപ്പിക്കുവാനും, മൗനമായി പ്രാര്‍ത്ഥിക്കുവാനും ധ്യാനിക്കുവാനും, വചനം പങ്കുവയ്ക്കാനും യഥാര്‍ത്ഥത്തില്‍ മനുഷ്യരെ സഹായിക്കുന്ന സമ്പര്‍ക്ക മാധ്യമ ശൃംഖലകളെയും,
വെബ് സൈറ്റുകളെയും, അവയുമായി ബന്ധപ്പെട്ട മറ്റ് ഉപാധികളെയും നാം പ്രത്യേകം തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യേണ്ടതാണ്. ആശയവിനിമയത്തില്‍ നേരിട്ടു വ്യാപൃതരായിരിക്കുന്നവര്‍ ആഴമായ ആന്തരികത വര്‍ദ്ധിപ്പിച്ചെടുക്കുകയാണെങ്കില്‍, തിരുവചനത്തില്‍നിന്നും അല്ലെങ്കില്‍പ്പോലും, മൂല്യാധിഷ്ഠിതവും ആഴവുമായ ആത്മീയ ചിന്തകള്‍ മാധ്യമലോകവുമായി സംക്ഷിപ്തമായി പങ്കുവയ്ക്കാനാകും. സകലത്തിനും അര്‍ത്ഥംനല്കുന്ന സത്യം കണ്ടെത്തുന്നതിനും,
അതുപ്രകാരം ജീവിതങ്ങള്‍ പുനരാവിഷ്ക്കരിക്കുന്നതിനുള്ള സവിശേഷ മാര്‍ഗ്ഗങ്ങളായി
ലോകമതങ്ങള്‍ നിര്‍ദ്ദേശിക്കുന്നത് മൗനവും ഏകാന്തതയുമാണ്. സ്വയം മനുഷ്യന് വെളിപ്പെടുത്തിയ
ദൈവം ക്രിസ്തുവിലും അവിടുത്തെ കുരിശിലും ദൃശ്യമാകുന്നതുപോലെ, മൗനത്തിന്‍റെ പ്രശാന്തതയില്‍ മനുഷ്യരോടു സംസാരിക്കുന്ന ദൈവത്തെ വിശുദ്ധ ഗ്രന്ഥത്തിന്‍റെ ഏടുകളില്‍ നാം കണ്ടെത്തുന്നു.
ദൈവിക മൗനവും പിതാവില്‍നിന്നുമുണ്ടായ അകല്‍ച്ചയുടെ അനുഭവവുമാണ് തന്‍റെ ജീവിതത്തിന്‍റെ ആദ്യഘട്ടത്തില്‍, പുത്രനും മാംസംധരിച്ച വചനവുമായ ക്രിസ്തുവില്‍ ആത്മീയമൗനമായി നാം കാണുന്നത് – ആദിവചനത്തെ ധ്യാനിച്ച ക്രിസ്തുവിന്‍റെ ആന്തരിക മൗനം. മാനുഷിക ബുദ്ധിക്ക് അഗ്രാഹ്യമാംവിധം ഈ ലോകത്തെ ആവരണംചെയ്യുന്ന അന്ധകാരത്തിന്‍റെ നിമിഷങ്ങളില്‍ നിശബ്ദതയുടെ നിഗൂഢതയിലൂടെ ദൈവം നമ്മോടു സംസാരിക്കുന്നു. (Verbum Domini 21). ദൈവസ്നേഹത്തിന്‍റെ വാചാലത നിഗൂഢമായ മൗനമായിട്ടാണ് കുരിശിലെ പരമയാഗത്തില്‍ പ്രകടമായത്. ദുഃഖവെള്ളിയിലെ ക്രിസ്തുവിന്‍റെ മരണസമയത്ത് നിഗൂഢമായൊരു മൂകത ലോകമെമ്പാടും വ്യാപിച്ചു. എന്നാല്‍ കല്ലറയില്‍ വിശ്രമിച്ച രാജാധിരാജനും ദൈവവുമായ ക്രിസ്തു വലിയ ശനിയാഴ്ചയിലെ തന്‍റെ ഉത്ഥാനത്തിലൂടെ യുഗങ്ങളായി അന്ത്യവിശ്രമംകൊണ്ടിരുന്ന സകലരേയും ഉയര്‍ത്തി. അങ്ങനെ അവിടുത്തെ തിരുമരണത്തിന്‍റെ മൂകതയില്‍നിന്നും ഉയരുന്ന മനുഷ്യരാശിയോടുള്ള ആര്‍ദ്രമായ സ്നേഹത്തിന്‍റെ ദൈവികസ്വരം ക്രിസ്തുവിലൂടെ സുവിശേഷമായി പ്രപഞ്ചമാകെ ഇന്നുംപ്രതിധ്വനിക്കുന്നു (പെസഹാരാത്രിയിലെ യാമപ്രാര്‍ത്ഥന).

6. മൗനമായി സംവദിക്കുന്ന ദൈവം
ദൈവം മൗനമായി മനുഷ്യോട് സംസാരിക്കുന്നുവെങ്കില്‍, ആ ദൈവത്തോടും ദൈവത്തെക്കുറിച്ചും മൗനമായി ധ്യാനിക്കാന്‍ മനുഷ്യര്‍ക്കും സാധിക്കണം. ആ ദൈവിക പ്രശാന്തതയിലേയ്ക്കു നമ്മെ നിവേശിപ്പിക്കുകയും രക്ഷാവചനം മാംസംധരിച്ച അനുഭവത്തില്‍ നമ്മെ എത്തിക്കുകയും ചെയ്യുന്ന ധ്യാനാത്മകമായ മൗനമാണ് നമുക്കാവശ്യം (cf. Homily 6 October 2006, International Theological Commission). ദൈവമഹത്വം വര്‍ണ്ണിക്കാന്‍ മനുഷ്യന്‍റെ വാക്കുകള്‍ എപ്പോഴും അപര്യാപ്തങ്ങളാകയാല്‍ ആ മഹത്വത്തെക്കുറിച്ചു മൗനമായി ധ്യാനിക്കാന്‍ ഇടം കണ്ടെത്തേണ്ടിയിരിക്കുന്നു. ധ്യാനത്തില്‍നിന്നുയരുന്ന മൗനത്തിന്‍റെ ആന്തരിക ശക്തിയാല്‍ ദൈവവുമായി സംവദിക്കുന്നതിനും ദൈവത്തില്‍ വിശ്വസിക്കുന്നതിനും, “നാം കാണുകയും കേള്‍ക്കുകയും ചെയ്ത കാര്യങ്ങള്‍” മറ്റുള്ളവരോട് പ്രഘോഷിക്കുന്നതിനുള്ള പ്രേഷിത ചൈതന്യവും ഉത്തരവാദിത്വവും ഉടലെടുക്കുകയും ചെയ്യും. മൗനമായ ധ്യാനം നമ്മെ സഹോദരങ്ങളോട് അടുപ്പിക്കുകയും അവരുടെ യാതനകളില്‍ പ്രതിബദ്ധതയുള്ളവരാക്കുകയും, ക്രിസ്തുവിന്‍റെ പ്രകാശവും ജീവന്‍റെ സന്ദേശവും രക്ഷാദാനമാകുന്ന സമ്പൂര്‍ണ്ണസ്നേഹം പങ്കുവയ്ക്കുവാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്നു.

7. വാക്കുകളും പ്രവൃത്തികളും കണ്ണിചേര്‍ക്കുന്ന മൗനം
പ്രപഞ്ചം സൃഷ്ടിച്ച നിത്യവചനത്തിന്‍റെ സാന്നിദ്ധ്യം പൂര്‍വ്വോപരി ശക്തമായി നമ്മുടെ ജീവിതത്തില്‍ അനുഭവവേദ്യമാക്കുവാനും, തന്‍റെ വാക്കാലും പ്രവൃത്തിയാലും മനുഷ്യചരിത്രത്തില്‍ ദൈവം നിവര്‍ത്തിച്ച രക്ഷാകര പദ്ധിയെക്കുറിച്ചുള്ള അവബോധം വളര്‍ത്തുവാനും മൗനമായ ധ്യാനം നമ്മെ സഹായിക്കും. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പഠിപ്പിക്കുന്നതുപോലെ, ദൈവികപദ്ധതിയുടെ പൂര്‍ത്തീകരണം സാധിക്കുന്നത് ആന്തരീക ഐക്യമുള്ള വാക്കുകളും പ്രവൃത്തികളും പരസ്പരം പങ്കുവയ്ക്കുന്നതു വഴിയാണ്. വാക്കുകള്‍ ഉള്‍ക്കൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളും അവയുടെ മൂല്യങ്ങളുമാണ് രക്ഷാകരചരിത്രത്തില്‍ ദൈവം ചെയ്ത മഹിമകള്‍ പ്രതിഫലിപ്പിക്കുന്നത് . വാക്കുകള്‍ പ്രവൃത്തികളെ വ്യാഖ്യാനിക്കുകയും അവയില്‍ ഉള്‍ക്കൊള്ളുന്ന രഹസ്യം വെളിപ്പെടുത്തുകയും ചെയ്യുന്നു.
(Dei Verbum 2). വെളിപാടിന്‍റെ പൂര്‍ത്തീകരണവും ദൈവിക മദ്ധ്യസ്ഥനുമായ നസ്രായനായ യേശുവിന്‍റെ വ്യക്തിത്വത്തിലാണ് രക്ഷാകരപദ്ധതി ഈ ഭൂമിയില്‍ പൂര്‍ത്തിയായത്. പിതാവായ ദൈവത്തിന്‍റെ സത്യമായ മുഖകാന്തി വെളിപ്പെടുത്തിയത് ക്രിസ്തുവാണ്. തന്‍റെ കുരിശുമരണവും ഉത്ഥാനവുംവഴി പാപത്തിന്‍റേയും മരണത്തിന്‍റേയും ബന്ധനങ്ങളില്‍നിന്നും നമ്മെ മോചിച്ച് ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേയ്ക്ക് മനുഷ്യരെ ഉയര്‍ത്തിയതും ക്രിസ്തുവാണ്. അസ്വസ്ഥമായ മനുഷ്യഹൃദയങ്ങള്‍ക്ക് മനുഷ്യാസ്തിത്വത്തിന്‍റെ അര്‍ത്ഥതലങ്ങളെക്കുറിച്ചുള്ള അടിസ്ഥാന ചോദ്യങ്ങള്‍ക്ക് ഉത്തരവും ശാശ്വതമായ ശാന്തിയും നല്കുന്നത് ക്രിസ്തുവിന്‍റെ മൗതിക രഹസ്യങ്ങളെക്കുറിച്ചുള്ള ധ്യാനമാണ്.

8. സുവിശേഷവത്ക്കരണ പാതയിലെ മൊഴിയും മൗനവും
സഭയുടെ ദൗത്യം ഉത്ഭവിക്കുന്നതും ഓരോ ക്രൈസ്തവനെയും പ്രത്യാശയുടേയും രക്ഷയുടേയും സന്ദേശവാഹകനാക്കുന്നതും, മനുഷ്യാന്തസ്സു മാനിച്ചുകൊണ്ട് നീതിയും സമാധാനവും വളര്‍ത്തുന്ന ദിവ്യസ്നേഹത്തിന്‍റെ സാക്ഷികളാക്കുന്നതും ക്രിസ്തുവിന്‍റെ മൗതിക രഹസ്യംതന്നെയാണ്.
സംസാരിക്കുന്നതോടൊപ്പം ശ്രവിക്കുന്നതും ധ്യാനിക്കുന്നതുമാണ് ആശയവിനിമയം എന്ന പ്രക്രിയ. സുവിശേഷവത്ക്കരണ ജോലിയില്‍ വ്യാപൃതരായിരിക്കുന്നവരെ സംബന്ധിച്ച് ഇതു വളരെ അന്വര്‍ത്ഥമാണ്. ക്രിസ്തുവിനെ നവമായി പ്രഘോഷിക്കുന്ന സഭയുടെ ഇന്നത്തെ നവസുവിശേഷവത്ക്കരണ പദ്ധതിയില്‍ മൊഴിയും മൗനവും സമഗ്ര ഘടകമായിരിക്കണം.
തന്‍റെ മൗനത്തിലൂടെയും മൗനസമ്മതത്തിലൂടെയും ദൈവവചനം ഹൃദയത്തില്‍ സംഗ്രഹിക്കുകയും ഉദരത്തില്‍ സംവഹിക്കുകയും അതിനെ പൂവണിയിക്കുകയും ചെയ്ത (Prayer at Loretto, 1 September 2001) പരിശുദ്ധ കന്യകാനാഥയ്ക്ക് ആധുനിക സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങളിലൂടെയുള്ള എല്ലാ സുവിശേഷവത്ക്കര പദ്ധതികളും സ്നേഹപൂര്‍വ്വം സമര്‍പ്പിക്കുന്നു.

+ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ
വത്തിക്കാനില്‍നിന്ന് വിശുദ്ധ ഫ്രാന്‍സിസ് സാലസ്സിന്‍റെ തിരുനാള്‍ ദിനത്തില്‍









All the contents on this site are copyrighted ©.