2012-02-18 18:50:32

സുവിശേഷപരിചിന്തനം
19 ഫെബ്രുവരി 2012
ആണ്ടുവട്ടം ഏഴാം ഞായര്‍


വിശുദ്ധ മാര്‍ക്കോസ് 2, 1-12
ക്രിസ്തു തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്നു.
RealAudioMP3
ചെന്നൈയിലെ ചോളമണ്ടലം ആര്‍ട്ടിസ്റ്റ് ഗ്രാമം മികവുറ്റ ചിത്രകാരന്മാര്‍ ഒരുമിച്ച് പാര്‍ത്തിരുന്ന സ്ഥലമാണ്. രണ്ടു കലാകാരന്മാരായ സ്നേഹിതര്‍ ഒരുമിച്ച് ഒരു വീട്ടില്‍ പാര്‍ത്തിരുന്നു - വളരെ നിലവാരമുള്ള കലാകാരന്മാര്‍. അവരില്‍ ഒരാള്‍ രോഗഗ്രസ്ഥനായി. തനിക്കിനി രക്ഷയില്ലെന്ന് അയാള്‍ സ്വയം വിധിപ്രസ്താവിച്ചു. പ്രത്യാശയറ്റാല്‍ പിന്നെ വൈദ്യശാസ്ത്രത്തിനുപോലും ഒന്നും ചെയ്യാനാവില്ലല്ലോ. കൂട്ടുകാരന്‍ ചിത്രരചനയില്‍ മുഴുകുമ്പോള്‍, എന്നും രോഗിയായ സുഹൃത്ത് ജാലകത്തിലൂടെ അങ്ങകലെ നോക്കിനില്ക്കും. അകലെയുള്ളൊരു വൃക്ഷത്തിലേയ്ക്കാണ് അയാള്‍ ദൃഷ്ടിപതിക്കുന്നത്. മരത്തില്‍ന്നും ധാരളമായി പൊഴുഞ്ഞുവീഴുന്ന ഇളകള്‍ നോക്കി നോക്കി അയാള്‍ സമയം ചിലവൊഴിച്ചു. അവസാനത്തെ ഇല കൊഴിയുന്ന ദിനത്തിനായി അയാള്‍ കാത്തിരുന്നു. അന്ന് തന്‍റെയും ജീവിതവും പൊഴിഞ്ഞു വീഴും എന്നൊരു തോന്നാല്‍ അയാളുടെ മനസ്സില്‍ വിഷാദപൂര്‍വ്വം തങ്ങിനിന്നിരുന്നു. വൃക്ഷത്തിലെ ഇലകള്‍ പൊഴിഞ്ഞു തീരാറായപ്പോള്‍ അയാളുടെ മനസ്സും പ്രത്യാശയറ്റ് കൂരിരുട്ടിലാണ്ടു.

ഒരു സായാഹ്നത്തില്‍ അയാള്‍ ശ്രദ്ധിച്ചു – ഇനി ഒരിലമാത്രമേ ബാക്കിയുള്ളൂ. അടുത്ത പ്രഭാതത്തില്‍ അതും സംഭവിക്കും. അതോടെ തന്‍റെയും ജീവിതവും....
ആ രാത്രിയില്‍ അയാള്‍ ഉറങ്ങിയില്ല. ദുഃഖാര്‍ത്ഥനും ക്ഷീണിതനുമായി പ്രഭാതത്തില്‍ അയാള്‍ എഴുന്നേറ്റു. അയാളെ അത്ഭുതപ്പെടുത്തിയ ദൃശ്യം ആ ഇല വീണില്ല, എന്ന സത്യമാണ്. ആ വൃക്ഷത്തില്‍ ആഞ്ഞടിച്ച കാറ്റിനെയും കോളിനെയും അതിജീവിച്ച് അതാ, ആ ഒരിലമാത്രം വീണില്ല. ആ വൃക്ഷത്തില്‍ ആഞ്ഞടിച്ച പ്രതിസന്ധികളെ അതിജീവിച്ച് അതാ, ആ ഇല ഉണര്‍വ്വോടെ നില്ക്കുന്നു. പ്രതികൂല സാഹചര്യങ്ങള്‍ക്ക് കീഴ്പ്പെടാതിരുന്ന തളിരില ആ കാലാകാരന്‍റെ മനസ്സിന് ആത്മബലമേകി. പിന്നെ ജീവിതത്തില്‍ അയാള്‍ ദൃഢമായ ചുവടുകള്‍വയ്ക്കുവാന്‍ തുടങ്ങി. അയാള്‍ നിറക്കൂട്ടുകള്‍ കൈയ്യിലെടുത്തു. വൃക്ഷത്തോട് ഒട്ടിനില്കുന്ന പച്ചില അയാള്‍ ക്യാന്‍വാസില്‍ പകര്‍ത്തി. അതില്‍ നിപതിച്ച ദൈവികതയുടെ സൂര്യകിരണങ്ങള്‍ പച്ചിലയ്ക്ക് വര്‍ണ്ണാഭ പകര്‍ന്നപ്പോള്‍ ക്യാന്‍വാസില്‍ ചാര്‍ത്തിയ നിറക്കൂട്ടിലൂടെ ആ മനുഷ്യനും നവജീവിന്‍റെ ഭാവാത്മ സൃഷ്ടിയായി മാറി.

ക്രിസ്തു തന്‍റെ പരസ്യജീവിതകാലത്ത് ധാരാളം രോഗികളെ അത്ഭുതകരമായി സുഖപ്പെടുത്തുന്നതായിട്ട് സുവിശേഷത്തില്‍ വായിക്കുന്നു. ഗലീലിയാ തീരത്തുള്ള കഫര്‍ണാം ഗ്രാമത്തില്‍വച്ച് തളര്‍വാദരോഗിയെ സുഖപ്പെടുത്തിയതായി മാര്‍ക്കോസ് സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ദൈവമാണ് മനുഷ്യര്‍ക്ക് ജീവന്‍ നല്കിയതെന്നും, അവിടുന്ന് ഈ ലോകത്ത് മനുഷ്യരുടെമദ്ധ്യേ വസിച്ചുകൊണ്ട് അവര്‍ക്ക് ജീവന്‍ നല്കുവാനും, അത് സമൃദ്ധമായി നല്കുവാനും ആഗ്രഹിക്കുന്നുവെന്നും ഇന്നത്തെ സുവിശേഷ സംഭവം വ്യക്തമാക്കുന്നു.

കഫാര്‍ണാമിലെ വീടിന്‍റെ അകത്തിരിക്കുന്ന ക്രിസ്തുവിന്‍റെ സന്നിധിയിലേയ്ക്ക് മേല്‍ക്കൂരപൊളിച്ച് ഒരു രോഗിയെ എത്തിച്ച സംഭവമാണ് മാര്‍ക്കാസിന്‍റെ സുവിശേഷത്തില്‍ വായിക്കുന്നത്. വീടിന്‍റെ മേല്‍ക്കൂര പൊളിച്ചിറങ്ങുന്നത് സാധാരണഗതിയില്‍ കള്ളന്മാരാണ്. അങ്ങനെയാണല്ലോ സമൂഹം മനസ്സിലാക്കുന്നത്. എന്നാല്‍ അക്കാലത്ത് പലസ്തീനിയന്‍ സംവിധാനത്തില്‍ വളരെ ലളിതവും ലഘുവുമായ വീടിന്‍റെ മേല്‍വിരി അല്ലെങ്കില്‍ ‘റ്റെറസ്’ എളുപ്പത്തില്‍ മാറ്റാവുന്നതായിരുന്നു. മരുപ്രദേശത്തെ ചൂടില്‍നിന്നും രക്ഷിക്കുക മാത്രമാണ് മേല്‍ക്കൂരയുടെ ഉദ്ദേശ്യം. വൃക്ഷങ്ങളുടെ ശിഖരങ്ങളും മുളകളും മണ്ണുംകൊണ്ട് മേഞ്ഞ മേല്‍ക്കൂര വളരെ എളുപ്പത്തില്‍ നീക്കം ചെയ്യാവുന്നതായിരുന്നു.
വളരെ ലാളിത്യമാര്‍ന്ന അന്നത്തെ സാമൂഹ്യ പശ്ചാത്തലത്തില്‍, രോഗിയെ രക്ഷിക്കാനുള്ള കഫര്‍ണാമിലെ ജനങ്ങളുടെ തീവ്രമായ ആഗ്രഹവും അതിനുള്ള സഹകരണവും ഉത്സാഹവും സര്‍വ്വോപരി ഒരു കൊച്ച് സമൂഹത്തിന് ക്രിസ്തുവിലുള്ള അഗാധമായ വിശ്വാസവുമാണ് ഇവിടെ വെളിപ്പെടുന്നത്. രോഗിയെ അകലെനിന്ന് ചുമന്നുകൊണ്ടു വന്നവര്‍ക്കും വീടിനകത്തും വീടിന്‍റെ പുറത്തും ഉണ്ടായിരുന്നവര്‍ക്കും, വീട്ടുടമസ്ഥനും, എല്ലാവര്‍ക്കും ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. വര്‍ഷങ്ങളായി തളര്‍വാദം പിടിപെട്ട് കിടപ്പിലായവന് ക്രിസ്തുവില്‍നിന്നും സൗഖ്യം നേടിക്കൊടുക്കണം എന്നുമാത്രം. അവന് പുതുജീവന്‍ ലഭിക്കുവാനുള്ള അതിയായ ആഗ്രവും ആഴമായ വിശ്വാസവുമാണ് ഈ സാഹസത്തിന് അവരെ പ്രേരിപ്പിക്കുന്നത്.

ആഴമായ വിശ്വാസം ആത്മാര്‍ത്ഥമായ പ്രവൃത്തിയിലേയ്ക്കു നയിക്കുന്നു. വളരെ ബുദ്ധിമുട്ടിയാണെങ്കിലും അവിടെ ഒരു ചെറുസമൂഹം കൂട്ടമായി പരിശ്രമിക്കുകയാണ്. തങ്ങളെ സഹോദരനെ രക്ഷിക്കാന്‍വേണ്ടിയും, അവനായി ക്രിസ്തുവില്‍നിന്ന് അനുഗ്രഹവും സൗഖ്യവും നേടുവാനുംവേണ്ടി എല്ലാവരും സഹകരിക്കുന്നു. ചിലര്‍ വീടിന്‍റെ കൂര പൊളിച്ചു മാറ്റുന്നു. കുറെപ്പേര്‍ താല്ക്കാലിക മഞ്ചലില്‍ ജീവഛവമായി കിടന്നവനെ, പൊളിച്ച മേല്‍ക്കൂരയിലൂടെ ക്രിസ്തുവിന്‍റെ സന്നിധിയലെത്തിക്കാന്‍ താഴേയ്ക്കിറക്കുന്നു. മറ്റുചിലര്‍ അതിനായി തങ്ങളുടെ സ്ഥാനത്തുനിന്നും എഴുന്നേറ്റ് മാറിയപ്പോള്‍, കുറേപ്പേര്‍ ചെറിയ വീട്ടില്‍നിന്നും പുറത്തേയ്ക്കിറങ്ങി നിന്നു.
മേല്‍ക്കൂര പോളിച്ചു മാറ്റപ്പെട്ടതുപോലെ, സ്വാര്‍ത്ഥതയുടെ വേലിക്കെട്ടുകളെല്ലാം ഒന്നൊന്നായി അഴിച്ചു മാറ്റപ്പെട്ടു. അവര്‍ വിശ്വാസത്തിലും സ്നേഹത്തിലും ഒന്നായി. ഒരുമയിലും സാഹോദര്യത്തിലുമാണ് ഓരോ കാര്യങ്ങള്‍ അവിടെ നീങ്ങിയത്. സാഹോദര്യത്തിന്‍റേയും കൂട്ടായ്മയുടേയും അത്ഭുതകരമായ സൗഖ്യദാനത്തിന് വഴിയൊരുക്കുകയായിരുന്നു അവരെല്ലാവരും.

ആ ജനങ്ങളുടെ വിശ്വാസം കണ്ടിട്ട് – ക്രിസ്തുവിന്‍റെ മനസ്സലിഞ്ഞു. അവിടുന്നു പറഞ്ഞു.
മകനേ, നിന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. സുഖപ്പെടുത്താന്‍ പറ്റാത്ത രോഗങ്ങളെല്ലാം പാപത്തിന്‍റെ ശിക്ഷയെന്ന് യഹൂദജനം വിശ്വസിച്ചിരുന്ന കാലത്ത്, അതേ ഭാഷയിലും ശൈലിയിലും ക്രിസ്തുവും അവരോട് സംവദിക്കുകയാണ്. അവന്‍റെ കെട്ടുകളഴിച്ച് അവനെ സ്വതന്ത്രനാക്കി, എഴുന്നേല്‍പ്പിച്ചു പറഞ്ഞയച്ചു. യേശുവിന്‍റെ ദിവ്യകരസ്പര്‍ശത്താല്‍ സൗഖ്യംപ്രാപിച്ചവന്‍ ദൈവത്തെ മഹത്വപ്പെടുത്തിയെന്ന് മാര്‍ക്കോസ് സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ഉടലിന്‍റേയും മനസ്സിന്‍റേയും ആത്മാവിന്‍റേയും ഭിഷഗ്വരനാണു ക്രിസ്തു. അനുദിന വ്യവഹാരങ്ങളില്‍ സൗഖ്യദാനത്തിനും പാപമോചനത്തിനുമായി ക്രിസ്തു ഉപയോഗിച്ച മനഃശാസ്ത്രപരമായ സമീപനത്തെക്കുറിച്ച് എത്രമാത്രം അപഗ്രഥനങ്ങളാണ് ബൈബിള്‍ വിജ്ഞാനീയത്തില്‍ നാം കാണുന്നത്. ശരീരത്തെയും മനസ്സിനെയു ആത്മാവിനെയും അവിടുന്ന് തൊട്ടു സുഖപ്പെടുത്തി. തന്‍റെകൂടെ കുരിശില്‍ക്കിടന്ന് കരുണയ്ക്കായി കേണു കരഞ്ഞ നല്ല കള്ളന് തന്‍റെ ഒപ്പം ആയിരിക്കുവാനുള്ള സൗഖ്യത്തിന്‍റെ അവസാനത്തെ ആയുര്‍വ്വേദം അവിടുന്നു നല്കി.
രോഗീപരിചരണ മേഖലയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അതു കുടുംബത്തിലായാലും സ്ഥാപനത്തിലായാലും ക്രിസ്തു തന്‍റെ സമീപനത്തിലും ജീവിതത്തിലും വ്യക്തമായ ദിശാബോധം നല്കുന്നുണ്ട്. ഈ മേഖലയില്‍ ക്രിസ്തുവാകുന്ന മഹാവൈദ്യനില്‍നിന്നും ദക്ഷിണവച്ച് അഭ്യസിക്കാന്‍ ആയിരം പാഠങ്ങളുണ്ട്.

ഏതൊരൗഷധവും ഫലവത്താകുന്നത് വിശ്വാസത്തിന്‍റേയും പ്രത്യാശയുടേയും മനസ്സോടെ അതു സേവിക്കുമ്പോഴാണ്. മനുഷ്യജീവിതങ്ങള്‍ ഈ ഭൂമിയില്‍ താല്കാലികമാണ്, കടന്നുപോകുന്നതാണ്. രോഗവും വാര്‍ദ്ധക്യവും വേദനയും മരണവും മനുഷ്യജീവിത യാഥാര്‍ത്ഥ്യങ്ങളാണ്. പ്രത്യാശ കൈവെടിയാത്തവന് രക്ഷയുണ്ട്. സ്രഷ്ടാവായ ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് ജീവിതത്തെ ഏറ്റെടുക്കുക, ഒപ്പം അവയിലെ സുഖദുഃഖങ്ങളും...
പാപത്തിന്‍റെയും തിന്മയുടെയും ബന്ധനങ്ങള്‍ അഴിക്കുവാന്‍ കഴിവുള്ള ക്രിസ്തുവിന്‍റെ സ്നേഹവും കരുണയും, സൗഖ്യമേകുന്ന അവിടുത്തെ വചനവും ഉള്‍ക്കൊള്ളുവാനുള്ള വിശ്വാസം നമുക്കു വളര്‍ത്തിയെടുക്കാം. ക്രിസ്തു നല്കുന്ന സൗഖ്യം രക്ഷണീയമാണ്, രക്ഷാകരമാണ്.

യേശുവേ, നിന്‍റെ സ്നേഹം...
രാജലക്ഷ്മി പാടിയ ഗാനം, ഫാദര്‍ ജോര്‍ജ്ജ് പുതുമനയുടെ വരികള്‍ക്ക് ജെറി അമല്‍ദേവ് ഈണംപകര്‍ന്നിരിക്കുന്നു.

ലത്തീന്‍ റീത്തിലെ ആരാധനക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കുന്ന സുവിശേഷഭാഗത്തിന്‍റെ വിചിന്തനമാണ് ഇതുവരെ ശ്രവിച്ചത്.








All the contents on this site are copyrighted ©.